മർദ്ദനമേറ്റ വിഘ്നേഷും വിഷ്ണുവും 
KERALA

കിളികൊല്ലൂർ സ്റ്റേഷൻ മർദ്ദനം: കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് വിഘ്നേഷും കുടുംബവും

എസ്എച്ച്ഒ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു

വെബ് ഡെസ്ക്

കൊല്ലം കിളികൊല്ലൂരില്‍ സൈനികന്‍ വിഷ്ണുവിനേയും സഹോദരന്‍ വിഘ്നേഷിനേയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം. സസ്പെന്‍ഡ് ചെയ്ത നാല് പോലീസുകാര്‍ക്ക് പുറമെ കൂടുതല്‍പേര്‍ മര്‍ദ്ദിച്ചുവെന്ന് വിഘ്നേഷ് പറയുന്നു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം. പോലീസുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

വിഷ്ണുവിനേയും വിഘ്നേഷിനേയും മര്‍ദ്ദിച്ച എസ്എച്ച്ഒ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ വിനോദ്, എസ്ഐ അനീഷ്, എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എസ്എച്ച്ഒയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്നും എസിപിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇതേതുടര്‍ന്ന് എസ്എച്ച്ഒ വിനോദിനോട് ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ദക്ഷിണ മേഖല ഐജി നിര്‍ദ്ദേശിച്ചു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ദക്ഷിണമേഖലാ ഐജി കൊല്ലം സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

വിഘ്‌നേഷിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.

രണ്ട് മാസം മുന്‍പാണ് കരിക്കോട് സ്വദേശികളായ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും കിളികൊല്ലൂര്‍ സ്റ്റേഷനില്‍ അതിക്രൂരമായി പോലീസ് മര്‍ദ്ദിച്ചത്. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ വന്ന വിഘ്നേഷും വിഷ്ണുവും പോലീസുകാരോട് കയര്‍ത്ത് സംസാരിക്കുകയും തുടര്‍ന്ന് റൈറ്ററെ മര്‍ദ്ദിച്ചെന്നുമായിരുന്നു പോലീസിന്റെ ആരോപണം. ഇരുവരുടെയും മര്‍ദ്ദനത്തില്‍ പ്രകാശ് എന്ന പോലീസുകാരന്റെ തല പൊട്ടിയെന്നായിരുന്നു എഫ്‌ഐആര്‍. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതി പറയാന്‍ എത്തിയ സഹോദരങ്ങളെ പോലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ലീഡ് പിടിച്ച് രാഹുല്‍; യുഡിഎഫ് ക്യാംപില്‍ ആവേശം | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍