KERALA

'25 കോടി കൊടുത്തത് തെറ്റായിപ്പോയി'; ഇലക്ടറൽ ബോണ്ടില്‍ സാബു എം ജേക്കബിന്റെ കുറ്റസമ്മതം

രാഷ്ട്രീയക്കാര്‍ നടത്തുന്നത് കൊള്ളയടിയെന്നും സാബു എം ജേക്കബ് ദ ഫോര്‍ത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു

അജിത് ബാബു

ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയപാര്‍ട്ടിക്ക് സംഭാവന നല്‍കിയത് തെറ്റായിപ്പോയെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡിയും ട്വന്റി ട്വന്റി പാര്‍ട്ടി സ്ഥാപകനുമായ സാബു എം ജേക്കബിന്റെ കുറ്റസമ്മതം. ഭയം കൊണ്ടാണ് രാഷ്ട്രീയക്കാര്‍ക്ക് പിരിവ് കൊടുക്കുന്നത്. രാഷ്ട്രീയക്കാര്‍ നടത്തുന്നത് കൊള്ളയടിയാണെന്നും സാബു എം ജേക്കബ് ദ ഫോര്‍ത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ കിറ്റെക്സ് 25 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന ചെയ്തെന്ന് വെളിപ്പെട്ടതിന് പിന്നാലെയാണ് സാബു എം ജേക്കബിന്റെ പ്രതികരണം. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തേണ്ടവര്‍ വെളിപ്പെടുത്തട്ടെ എന്നും സാബു പ്രതികരിച്ചു.

രാഷ്ട്രീയവും വ്യവസായവും രണ്ടും രണ്ടാണ്. പണിയെടുത്തുണ്ടാക്കിയ പണം ആര്‍ക്കാണ് നല്‍കേണ്ടതെന്നത് എന്റെ ഇഷ്ടം
സാബു എം ജേക്കബ്

''പിരിവ് നല്‍കിയില്ലെങ്കില്‍ സമൂഹത്തില്‍ നിലനില്‍ക്കാന്‍ കഴിയില്ല. പണിയെടുത്തുണ്ടാക്കിയ പണം ആര്‍ക്കാണ് നല്‍കേണ്ടതെന്നത് എന്റെ ഇഷ്ടമാണ്. രാഷ്ട്രീയവും വ്യവസായവും രണ്ടും രണ്ടാണ്. ക്രിസ്ത്യാനിയായിട്ടും അമ്പലങ്ങള്‍ക്ക് പിരിവ് നല്‍കുന്നുണ്ട്. ഗാന്ധി സ്വാതന്ത്ര്യസമരം നടത്തിയത് ടാറ്റയുടെയും ബിര്‍ളയുടെയും ബജാജിന്റെയും പണം വാങ്ങിയാണ്. ഇലക്ടറൽ ബോണ്ടിനെ എതിര്‍ക്കുന്ന സിപിഎം എന്തിനാണ് വ്യവസായികളുടെ കയ്യില്‍നിന്ന് പണം വാങ്ങുന്നത്? എന്റെ കയ്യില്‍നിന്ന് ചെക്ക് വാങ്ങിയിട്ടുണ്ട്,'' സാബു പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള തെളിവ് കയ്യിലുണ്ടെന്ന് വെറുതെ പറഞ്ഞതല്ല. തെളിവ് പുറത്തുവിട്ടാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാകും. ആര് സംരക്ഷിക്കും? തനിക്കും ജീവിക്കാന്‍ ആഗ്രഹമുണ്ട്. ബിജെപിയും സിപിഎമ്മും ഒരു അമ്മപെറ്റ മക്കളാണ്. മാസപ്പടി വിവാദത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്?

ആം ആദ്മി പാര്‍ട്ടിക്ക് സിപിഎമ്മുമായി രഹസ്യധാരണയുണ്ട് അതാണ് ട്വന്റി ട്വന്റിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ കാരണം. ശ്രീനിജനെ രാഷ്ട്രീയമായാണ് എതിര്‍ക്കുന്നത്. ശ്രീനിജന്റെ തെറ്റുകളും തെമ്മാടിത്തരങ്ങളും വിളിച്ചു പറയാറുണ്ട്. ശ്രീനിജനെ ജന്തുവെന്ന് താന്‍ വിളിച്ചിട്ടില്ല.

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 23 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയത്. ഇതില്‍ സിംഹഭാഗവും കെ ചന്ദ്രശേഖർ റാവു നേതൃത്വം നൽകുന്ന ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) ക്കാണ് നല്‍കിയതെന്ന് ആരോപണമുണ്ട്. സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായഭിന്നതകളെത്തുടർന്ന് കിറ്റെക്‌സ് രണ്ട് വര്‍ഷം മുന്‍പ് കേരളത്തില്‍നിന്ന് വസ്ത്രവ്യവസായം ഭാഗികമായി തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. കെ ചന്ദ്രശേഖർ റാവു തെലങ്കാന മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഈ നടപടി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി