പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നീതിക്കായി പോരാടുന്ന കെ കെ ഹര്‍ഷിന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഹര്‍ഷിനയ്ക്ക് നീതി ലഭിക്കുന്നതിനായി മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും രാഹുല്‍ഗാന്ധി എം പി അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍പില്‍ 84 ദിവസമായി സത്യഗ്രഹത്തിലാണ് ഹര്‍ഷിന
നീതി ലഭ്യമാക്കാന്‍ അവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി ഹര്‍ഷിന പറഞ്ഞു. നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകും. സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ല. സംഭവത്തിന് കാരണക്കാരായവരെ പുറത്ത് കൊണ്ടുവരണമെന്നും ഹര്‍ഷിന പ്രതികരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍പില്‍ 84 ദിവസമായി സത്യഗ്രഹത്തിലാണ് ഹര്‍ഷിന. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്‍പില്‍ സത്യഗ്രഹം നടത്താനാണ് ഹര്‍ഷിനയുടെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് കേസിലെ അട്ടിമറി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷിന സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയത്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പരാതി. വയറ്റില്‍ കത്രിക കുടുങ്ങിയത് ഏത് ശസ്ത്രക്രിയയിലാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിലപാട്. പോലീസ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ നിലപാടിന് പിന്നാലെയാണ് ഹര്‍ഷിന പ്രതിഷേധം ശക്തമാക്കിയത്. ആടിനെ പട്ടിയാക്കുകയാണ് മെഡിക്കല്‍ ബോര്‍ഡെന്ന് ആരോപിച്ച ഹര്‍ഷിന നീതിക്കായി ഏതറ്റം വരെയും പോകുമെന്നും പ്രതികരിച്ചിരുന്നു.