KERALA

കൊച്ചിയില്‍ നവജാത ശിശുവിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; യുവതിക്കെതിരേ കൊലക്കുറ്റം, ആണ്‍ സുഹൃത്തിനെ കണ്ടെത്തി

കുഞ്ഞിന്റെ ശരീരത്തില്‍ ബലം പ്രയോഗിച്ച് അമര്‍ത്തിയതായി സംശയമുണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു

വെബ് ഡെസ്ക്

കൊച്ചിയിൽ ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞനിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. കുഞ്ഞിന്റെ കീഴ്ത്താടിയ്ക്കും പരുക്കേറ്റിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തില്‍ ബലം പ്രയോഗിച്ച് അമര്‍ത്തിയതായി സംശയമുണ്ടെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.

കുഞ്ഞിന്റെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. ഇത് റോഡിലേക്ക് കുഞ്ഞിനെ എറിഞ്ഞപ്പോള്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് കൊച്ചി പനമ്പള്ളിനഗറിലുള്ള ഫ്‌ളാറ്റിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് അമ്മയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

പനമ്പിള്ളി നഗര്‍ വന്‍ശിക അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയായ ഇരുപത്തിമൂന്നുകാരിയാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. യുവതി ലൈംഗികപീഡനത്തിനിരയായെന്നു സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മിഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞിരുന്നു. ഇതിനിടെ യുവതിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്.

പ്രസവം നടന്ന് മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ യുവതി പുറത്തേക്കെറിയുകയായിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് യുവതി കുഞ്ഞിനു ജന്മം നല്‍കിയത്. രാവിലെ എട്ടേകാലോടെ കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഫ്ലാറ്റില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞത് ആരാണെന്നു കണ്ടെത്താന്‍ ഫ്ളാറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിരുന്നു.

കുഞ്ഞിനെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്കെറിഞ്ഞത് താന്‍ തന്നെയാണെന്ന് യുവതി സമ്മതിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. താന്‍ ഗര്‍ഭിണിയാണെന്നു വീട്ടിലെ മറ്റുള്ളവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് യുവതി പോലീസിനു നല്‍കിയ മൊഴി. വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവം. കുറിയര്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു ഇന്ന് രാവിലെ നടുറോഡില്‍ മൃതദേഹം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്.

കുറിയര്‍ കവര്‍ രക്തത്തില്‍ കുതിര്‍ന്നിരുന്നെങ്കിലും ഇതില്‍നിന്ന് പോലീസിനു ലഭിച്ച അഡ്രസ് വിവരമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കവറിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താണ് ഇത് ഫ്ലാറ്റിലേക്ക് വന്നതാണെ് പോലീസ് കണ്ടെത്തിയതും തുടര്‍ന്ന് യുവതിലേക്ക് അന്വേഷണമെത്തിയതും.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍