കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച മൂന്നിന് പയ്യാമ്പലത്ത് നടക്കും. ഞായറാഴ്ച രാവിലെ എയര്‍ ആംബുലന്‍സില്‍ തലശ്ശേരിക്ക് എത്തിക്കുന്ന മൃതദേഹം ദിവസം മുഴുവന്‍ ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിങ്കളാഴ്ച രാവിലെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കും. അതിനുശേഷം 11മുതൽ 2 വരെ അഴിക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വച്ചശേഷമാകും സംസ്കാരം. കോടിയേരിയുടെ വിയോഗത്തിന് പിന്നാലെ എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി.
അര്‍ബുദബാധ ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന കോടിയേരി ശനിയാഴ്ച രാത്രി എട്ടോടെയാണ് അന്തരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഓഗസ്റ്റ് 29 മുതൽ ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കെ ആരോഗ്യനില മോശമായതോടെയാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് ചെന്നൈയിലേക്ക് പോയത്.