വേണു ഐഎഎസ് കോടിയേരി ബാലകൃഷ്ണനൊപ്പം 
KERALA

'കോടിയേരി കേരള ടൂറിസത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ അമരക്കാരൻ'; വി വേണു ഐഎഎസ്

ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ ഏറ്റവും മികച്ച രൂപമാണ് കോടിയേരിയില്‍ കണ്ടത്

വെബ് ഡെസ്ക്

കേരള ടൂറിസത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ അമരക്കാരനാണ് കോടിയേരി ബാലകൃഷ്ണനെന്ന് വി വേണു ഐഎഎസ്. ലോകത്തിന്റെ മുന്നില്‍ പുതിയ ഒരു മാതൃകയായ ഉത്തരവാദിത്ത ടൂറിസം ആരംഭിച്ചത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ ഏറ്റവും മികച്ച രൂപമാണ് കോടിയേരിയില്‍‍ കണ്ടെതെന്നും മുൻ ടൂറിസം സെക്രട്ടറി കൂടിയായ വി വേണു ഫേസ്ബുക്കില്‍ കുറിച്ചു.

വി വേണു ഐഎഎസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഇന്ന് കോടിയേരി സാറിനെ അവസാനമായി കണ്ടു.ഏകദേശം അഞ്ചു വര്‍ഷക്കാലം എനിക്കദ്ദേഹത്തിന്റെ കീഴില്‍ ടൂറിസം വകുപ്പിന്റെ സെക്രട്ടറിയായി ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരായി മൂന്നുപേര്‍ വന്നു പോയി. എന്നാല്‍ ടൂറിസം വകുപ്പിന്റെ ചുമതല അദ്ദേഹം മറ്റാര്‍ക്കും നല്‍കിയില്ല. എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ മറ്റൊരു മന്ത്രിയുടെ കൂടെയും ഇത്രയും ദീര്‍ഘമായ കാലയളവ് സേവനമനുഷ്ഠിച്ചിട്ടില്ല.

ഒരു മന്ത്രിയും അദ്ദേഹത്തിന്റെ സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്താകണം എന്നുള്ളതിന്റെ ടെക്സ്റ്റ് ബുക്ക് ഉദാഹരണം ആയിരുന്നു ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. തന്റെ സെക്രട്ടറി സര്‍ക്കാരിന്റെയും വകുപ്പിന്റെയും താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ജോലി ചെയ്യും എന്ന ഉത്തമ വിശ്വാസം മന്ത്രിക്ക് ഉണ്ടാകണം. തന്റെ മന്ത്രിയുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് വകുപ്പിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുവാനായി പദ്ധതികള്‍ ആവിഷ്‌കരിക്കുക,മന്ത്രിയുടെ അനുമതിയോടുകൂടി അവ നടപ്പിലാക്കുക എന്നുള്ളത് സെക്രട്ടറിയുടെ ചുമതലയാണ്. കോടിയേരി ബാലകൃഷ്ണന്റെ കൂടെ ജോലി ചെയ്ത ദീര്‍ഘമായ ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന് എന്നില്‍ ഉണ്ടായിരുന്ന വിശ്വാസത്തിലോ എനിക്ക് അദ്ദേഹത്തിനോട് ഉണ്ടായിരുന്ന കൂറിലോ ഒരു അണുവിടയ്ക്കുള്ള കുറവ് പോലും ഉണ്ടായിരുന്നില്ല. എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുപോലെ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.

ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയില്‍ ശക്തനായ ഭരണാധികാരി എന്ന ഖ്യാതി അദ്ദേഹം നേടിയെടുത്തത് തന്റെ നേതൃ പാടവത്തിലൂടെ ആയിരുന്നു. പോലീസ് സേനയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തി കൊണ്ടുള്ള വലിയ തീരുമാനങ്ങളാണ് അദ്ദേഹം എടുത്തത്. കാര്യക്ഷമായും ക്രിയാത്മകമായും പരിശോധനകളും ഇടപെടലുകളും അദ്ദേഹം നടത്തിയിരുന്നു. തന്റെ സമയത്തിന്റെ ഭൂരിപക്ഷവും പോലീസ് വകുപ്പിന് വേണ്ടി അദ്ദേഹം മാറ്റിവെച്ചു. പോലീസ് വകുപ്പിന് പുതിയ ദിശാബോധം അദ്ദേഹം നല്‍കി.നിരന്തരമായ അവലോകനങ്ങളിലൂടെയും കൃത്യമായ ഇടപെടലിലൂടെയും അദ്ദേഹം വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഉടച്ചു വാര്‍ത്തു.

എന്നാല്‍ ടൂറിസം വകുപ്പില്‍ അദ്ദേഹം തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചത്. ടൂറിസം രംഗത്തെ എല്ലാ മേഖലകളിലും ഉള്ള വ്യക്തികളോടും അദ്ദേഹം സംസാരിച്ചു. പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. പുതുതായി ഏറ്റെടുത്ത വകുപ്പ് ആയതിനാല്‍ പാര്‍ട്ടിയില്‍ ടൂറിസം വ്യവസായത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചവര്‍ കുറവായിരുന്നു.

അതുകൊണ്ടുതന്നെ ഞങ്ങള്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം വകുപ്പിന്റെയും ടൂറിസം വ്യവസായത്തിന്റെയും വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ആശയങ്ങള്‍ മുന്നോട്ടുവെച്ചും അദ്ദേഹം ഞങ്ങളെ നയിച്ചു. ദൈനംദിന കാര്യങ്ങളും വകുപ്പിലെ സാങ്കേതിക വിഷയങ്ങളും പൂര്‍ണമായും സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ നടത്താനുള്ള നിര്‍ദ്ദേശം നല്‍കി.

നയപരമായ കാര്യങ്ങളില്‍ അദ്ദേഹം ഞങ്ങളുടെ അഭിപ്രായങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും യോജിപ്പുള്ളവയ്ക്ക് ഉടനടി അംഗീകാരം നല്‍കുകയും ചെയ്തു. മറ്റെല്ലാ കാര്യങ്ങളും കൃത്യമായി നിര്‍വഹിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം എനിക്ക് നിര്‍ദ്ദേശം നല്‍കി. അദ്ദേഹത്തിന് എന്റെയും സഹപ്രവര്‍ത്തകരുടേയും മേലുള്ള ആ വിശ്വാസം എനിക്കു മാത്രമല്ല വകുപ്പ് ഡയറക്ടര്‍,കെ ടി ഡി സി മാനേജിംഗ് ഡയറക്ടര്‍,മറ്റ് ഉദ്യോഗസ്ഥര്‍.. കൂടുതല്‍ പരിശ്രമിക്കാനും റിസള്‍ട്ട് നല്‍കുവാനും ആ വിശ്വാസം ഞങ്ങള്‍ക്ക് പ്രചോദനമായി. ടൂറിസം ടീം മുഴുവന്‍ ജാഗരൂകമായി ആ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

കേരള ടൂറിസത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ഇന്ന് ലോകത്തിന്റെ മുന്നില്‍ പുതിയ ഒരു മാതൃക ആയി വന്നിട്ടുള്ള ഉത്തരവാദിത്ത ടൂറിസം ആരംഭിച്ചത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. മുസിരിസ് പൈതൃക ടൂറിസം പദ്ധതി, തലശ്ശേരി പൈതൃക ടൂറിസം, തീരദേശ ടൂറിസം ഡെസ്റ്റിനേഷനുകളുടെ സ്ഥാപനവും നവീകരണവും, KTDCയുടെ പുതിയ സംരംഭങ്ങള്‍, ലോക ടൂറിസം വ്യവസായ രംഗത്ത് കേരളത്തിന്റെ സ്ഥാനം ഉറപ്പിച്ച ക്യാമ്പയിനുകള്‍, ഡൊമസ്റ്റിക് ടൂറിസത്തില്‍ കേരളത്തിന്റെ കുതിപ്പ്.. ഇങ്ങനെ എത്രയെത്ര പുതിയ സംരംഭങ്ങളും ചുവടുവെപ്പുകളും ..

ടൂറിസത്തിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ ഓരോന്നിന്റെയും പിന്നില്‍ കോടിയേരി സാറിന്റെ ഉപദേശങ്ങളും അനുമതിയും ആശീര്‍വാദവും ഉണ്ടായിരുന്നു. ഈ കാലയളവില്‍ ഒരിക്കല്‍ പോലും അദ്ദേഹം ഞങ്ങളോട് ശബ്ദം ഉയര്‍ത്തുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്തില്ല. സൗമ്യമായ പെരുമാറ്റം, ദൃഢമായ തീരുമാനങ്ങള്‍, മികവിനെ അംഗീകരിക്കാനുള്ള മനസ്സ്. ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ ഏറ്റവും മികച്ച രൂപമാണ് ഞങ്ങള്‍ കോടിയേരി സാറില്‍ കണ്ടത്.

സന്ദര്‍ശകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്നുള്ളതാണ് ടൂറിസം വകുപ്പിന്റെ ആത്യന്തികമായ കര്‍ത്തവ്യം. അതിനു സ്വാഭാവികമായും നമ്മളുടെ പ്രവര്‍ത്തന മണ്ഡലം കേരളത്തിന്റെ പുറത്തും ഇന്ത്യയുടെ പുറത്തുമായിരിക്കും. ട്രാവല്‍ മാര്‍ട്ടുകളില്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി റോഡ് ഷോ നടത്തുക, നമ്മുടെ വ്യവസായ സംരംഭകര്‍ക്ക് മറ്റു മാര്‍ക്കറ്റുകള്‍ തുറന്നു കൊടുക്കുക എന്നിങ്ങനെ മാര്‍ക്കറ്റിംഗ് രംഗത്ത് വിപുലമായ പരിപാടികളാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കാറുള്ളത്. ഞങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണണമെന്നും വിദേശ വിപണികളില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ സംബന്ധിക്കണമെന്ന് ഞാന്‍ സാറിനോട് നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. മറ്റുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ കാരണം അദ്ദേഹം യാത്ര ചെയ്യാന്‍ സമയം കണ്ടെത്തിയിരുന്നില്ല. എന്റെ നിര്‍ബന്ധം കണക്കിലെടുത്ത് ചില യാത്രകള്‍ നടത്താന്‍ അദ്ദേഹം തയ്യാറായി. ഔദ്യോഗിക തിരക്കുകള്‍ ഇല്ലാതെ യാത്ര ചെയ്യുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം ഓരോ രാജ്യത്തെയും പ്രത്യേകതകള്‍ മനസ്സിലാക്കുവാനും വിപണി സാധ്യതകള്‍ പഠിക്കുവാനും സമയം കണ്ടെത്തി. ഈ യാത്രകളില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അമൂല്യമായ ഓര്‍മ്മകളാണ്.

തന്റെ ടീമില്‍ ജോലി ചെയ്ത ഓരോ വ്യക്തിയോടും സ്‌നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്ന ഭരണാധികാരിയായിരുന്നു കോടിയേരി സാര്‍.അദ്ദേഹത്തിന്റെ വേര്‍പാടേറെ വേദനാജനകമാണ്, എനിക്ക് വ്യക്തിപരമായ വലിയ നഷ്ടമാണ്.അദ്ദേഹത്തിന്റെ ഉജ്ജ്വല ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍