കോവളത്ത് ബൈക്ക് അപകടത്തില്‍ യാത്രക്കാരനും വഴിയാത്രക്കാരിയും മരിച്ചതിന് കാരണം അമിതവേഗമെന്ന് മോട്ടോർ വാഹന വകുപ്പ്. റേസിങ് നടന്നതിന് തെളിവില്ലെന്നും കണ്ടെത്തല്‍. വീട്ടമ്മ റോഡ് മുറിച്ച് കടന്നത് അശ്രദ്ധമായിട്ടായിരുന്നെന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു.
ഞായറാഴ്ച രാവിലെയാണ് കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരിയായ പനത്തുറ സ്വദേശിനി സന്ധ്യ(55) മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ബൈക്ക് യാത്രികൻ പൊട്ടകുഴി സ്വദേശി അരവിന്ദും വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ മരിച്ചു.
ജോലിക്ക് പോകാനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് അമിതവേഗതയില്‍ എത്തിയ സൂപ്പര്‍ബൈക്ക് സന്ധ്യയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ സന്ധ്യ 200 മീറ്ററോളം തെറിച്ച് വീണതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കുകള്‍ സംഭവിച്ച സന്ധ്യ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോലീസ് എത്തിയാണ് സന്ധ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ബൈക്ക് റേസിങ് സംഘത്തിലെ അംഗമാണ് അരവിന്ദ്. 20 ലക്ഷത്തോളം രൂപ വില വരുന്ന കവാസാക്കി കമ്പനിയുടെ സൂപ്പര്‍ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.