കോടതിക്കു മുന്നില്‍ മുദ്രാ വാക്യം വിളിക്കുന്ന ഗ്രോ വാസു  
KERALA

കോടതിയിൽ സ്വയംവാദിച്ച് ഗ്രോ വാസു; ജയിലിലേക്ക് മടങ്ങിയത് മുദ്രാവാക്യം മുഴക്കി

പശ്ചിമഘട്ട രക്തസാക്ഷികൾ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി കൊണ്ടാണ് ഗ്രോ വാസു ജയിലിലേക്ക് മടങ്ങിയത്

വെബ് ഡെസ്ക്

നിലമ്പൂരിൽ മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവച്ചുകൊന്നതിനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസിൽ വിചാരണ ആരംഭിച്ചു. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാൽ അദ്ദേഹത്തെ വീണ്ടും കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. അടുത്ത വിചാരണ സെപ്റ്റംബർ നാലിന് നടക്കും.

തൊണ്ണൂറ്റിനാലുകാരനായ വാസുവിനെ, റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഇന്ന് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് ഹാജരാക്കിയത്. ജയിലേക്ക് തിരികെപ്പോകുന്നതിനിടെ 'ഇങ്കിലാബ് സിന്ദാബാദ്, പശ്ചിമഘട്ട രക്തസാക്ഷികൾ സിന്ദാബാദ്' എന്ന് ഗ്രോ വാസു മുദ്രാവാക്യം മുഴക്കി.

പോലീസ് ബലംപ്രയോഗിച്ചാണ് അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റിയത്. പോലീസ് ഉദ്യോഗസ്ഥൻ തന്റെ തൊപ്പി ഉപയോഗിച്ച് മാധ്യമങ്ങളുടെ ക്യാമറകളിൽനിന്ന് വാസുവിന്റെ മുഖം മറയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ സമയത്തെല്ലാം അദ്ദേഹം ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.

കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചപ്പോൾ ഗ്രോ വാസു സ്വയം വാദിക്കുകയാണുണ്ടായത്. അദ്ദേഹത്തിന് പ്രതിക്കൂട്ടിൽ ഇരിക്കാൻ കോടതി സ്റ്റൂൾ അനുവദിച്ചെങ്കിലും സ്വീകരിച്ചില്ല.

40 മിനുറ്റോളം നീണ്ട വിചാരണയിൽ സി ഐ ഹബീബുള്ളയും എ എസ് ഐ സിപി അബ്ദുള്‍ അസീസും മൊഴി നല്‍കി. കേസെടുത്ത സാഹചര്യം വിശദീകരിച്ച സി ഐ, വാസുവിനെ അപ്പോൾ അറസ്റ്റ് ചെയ്യാതിരുന്നത് വേണ്ടത്ര പോലീസുകാർ ഇല്ലാതിരുന്നതിനാലാണെന്നും മൊഴിനൽകി. വേണ്ടത്ര പോലീസ് സംഘം ഉണ്ടായിരുന്നില്ലെന്ന് എ എസ് ഐയും മൊഴി നല്‍കി. സി ഐയെ ക്രോസ് വിസ്താരം ചെയ്യുന്നില്ലേയെന്ന കോടതി ആരാഞ്ഞപ്പോൾ ഇല്ലെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. കുറ്റപത്രത്തിനും സാക്ഷി മൊഴിക്കുമെതിരെ എന്തെങ്കിലും എതിർ വാദമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്ന് ആദ്യ നാല് സാക്ഷികളെയാണ് കോടതി വിളിപ്പിച്ചിരുന്നത്. ഇതിൽ രണ്ട് പേർ മാത്രമാണ് ഹാജരായത്. ഹാജാരാവാതിരുന്ന മൂന്നും നാലും സാക്ഷികളോടും ഏഴ്, ഒൻപത്, പതിനാറ്സാ ക്ഷികളോടും നാലാം തിയതി ഹാജരാകാൻ കോടതി നിർദേശിച്ചു. ഗ്രോ വാസു പ്രായമുള്ള ആളാണെന്നും കേസ് നീട്ടിക്കൊണ്ടുപോകരുതെന്നും കോടതി പറഞ്ഞു.

നിലമ്പൂർ കരുളായി വനത്തിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും പോലീസ് വെടിവച്ച് കൊന്നതിനെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുൻപിലായിരുന്നു ഗ്രോ വാസുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ഇവിടെയാണ് കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തത്.

മോര്‍ച്ചറിക്ക് മുന്‍പില്‍ സംഘം ചേരുകയും മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്. കേസിൽ ഗ്രോവാസു ഒഴികെയുള്ള പ്രതികൾ പിഴയടച്ച് കേസിൽനിന്ന് ഒഴിവായിരുന്നു. എൽ പി വാറന്റായതിനെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത വാസു പിഴയടയ്ക്കാനോ ജാമ്യം സ്വീകരിക്കാനോ തയാറായില്ല. ഇതേത്തുടർന്നാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്തത്.

തെറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് നടത്തിയ കൊലപാതകത്തിനെതിരെ പ്രതിഷേധിക്കുകയാണ് ചെയ്തതെന്നുമായിരുന്നു അതിനാൽ കേസ് തന്നെ തെറ്റാണെന്നുമാണ് ജാമ്യം വേണ്ടെന്നുവയ്ക്കാൻ വാസു അന്ന് കോടതിയിൽ സ്വീകരിച്ച നിലപാട്. ഏറ്റുമുട്ടൽ കൊല നടത്തിയവർക്കെതിരെ കേസെടുക്കാതിരിക്കുകയും അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍