KERALA

സിദ്ദിഖിന്റെ കൊലയ്ക്ക് പിന്നിലെന്ത്? മൃതദേഹം രണ്ടാക്കിയത് തെളിവ് നശിപ്പിക്കാനോ? ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങള്‍

കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമോ ഹണിട്രാപ്പോ പണമോ കാരണമായിട്ടുണ്ടോയെന്ന് സംശയിക്കുന്നു

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട് കൊല്ലപ്പെട്ട ഹോട്ടലുടമ തിരൂര്‍ മേച്ചേരി സിദ്ദിഖിന്റെ കൊലപാതകത്തില്‍ ദുരൂഹത ഒഴിയുന്നില്ല. സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഉദ്ദേശം എന്താണ് എന്നതുമുതല്‍, കൂട്ടുപ്രതികള്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.

സിദ്ദിഖിനെ കാണാനില്ലെന്ന് മകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖിനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് ട്രോളി ബാഗിലാക്കി ചുരത്തിലുപേക്ഷിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. സംഭവത്തില്‍ സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ചിക് ബെയ്ക്ക് എന്ന ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി, സുഹൃത്ത് ഫര്‍സാന, ആഷിക്, ഷുക്കൂര്‍ എന്നിവര്‍ പിടിയിലായി. എന്നാല്‍ കൊലപാതകത്തില്‍ ദുരൂഹതകള്‍ ഏറെയാണ്.

കോഴിക്കോട് താമസ സ്ഥലമുണ്ടായിരുന്ന സിദ്ദിഖ് എന്തിനാണ് മറ്റൊരു ഹോട്ടലില്‍ രണ്ട് മുറികള്‍ എടുത്തത്, സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണ്

കോഴിക്കോട് എരഞ്ഞിപാലത്തുള്ള ഹോട്ടല്‍ ഡി കാസ ഇന്നിലാണ് സിദ്ദിഖിന്റെ പേരില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്തിരുന്നത്. ഇവിടെ വച്ചാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം പ്രതികള്‍ ട്രോളി ബാഗുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയില്‍ വച്ച് പ്രതികളെ പിടികൂടിയത്. എന്നാല്‍, കോഴിക്കോട് താമസ സ്ഥലമുണ്ടായിരുന്ന സിദ്ദിഖ് എന്തിനാണ് മറ്റൊരു ഹോട്ടലില്‍ രണ്ട് മുറികള്‍ എടുത്തതെന്നടക്കമുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമോ ഹണിട്രാപ്പോ പണമോ കാരണമായിട്ടുണ്ടോയെന്നും സംശയിക്കുന്നു. മൃതദേഹം രണ്ടാക്കിയത് തെളിവ് നശിപ്പാക്കാനാണോ എന്നും ചോദ്യങ്ങള്‍ ഉയരുന്നു. പിടിയിലായ പ്രതികളെ കൂടാതെ സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നതും അന്വേഷിച്ചു വരികയാണ്. അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവില്‍ നിന്ന് മൃതദേഹമടങ്ങിയ ട്രോളി ബാഗ് പോലീസ് കണ്ടെത്തി. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. പോസ്റ്റ്‍മോര്‍ട്ടം നടത്താനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

മേയ് 18-ാം തീയതി മുതലാണ് സിദ്ദിഖിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇതിനിടെ സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയതായി കണ്ടെത്തുകയുമായിരുന്നു. 18നും 19നും ഇടയിലാകാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ഷിബിലി 15 ദിവസം മുന്‍പാണ് ഹോട്ടലില്‍ ജോലിക്കെത്തിയത്. സ്വഭാവ ദൂഷ്യം കാരണം ഇയാളെ ഇവിടെ നിന്ന് പറഞ്ഞു വിടുകയായിരുന്നുവെന്നും കൊടുക്കാനുള്ള പണം കൊടുത്താണ് പിരിച്ചുവിട്ടതെന്നും സിദ്ദിഖിന്റെ മകന്‍ വ്യക്തമാക്കി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം