കോഴിക്കോട് കോര്‍പ്പറേഷന്‍റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്. കുടുംബശ്രീ ഫണ്ടിൽ നിന്ന് മാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടെന്നും എംപി, എംഎൽഎ ഫണ്ട് അടക്കമുള്ള പണം, നഷ്ടമായതിൽ ഉൾപ്പെടുന്നുണ്ടെന്നും മേയർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍ വിശദപരിശോധന നടത്തുമെന്നും മേയര്‍ ബീന ഫിലിപ്പ് വ്യക്തമാക്കി. തിരിമറി ബാങ്ക് മാനേജരില്‍ മാത്രം ഒതുങ്ങില്ല. ബാങ്കില്‍ കൃത്രിമ സ്റ്റേറ്റ്മെന്റുകള്‍ ചമച്ചാണ് തട്ടിപ്പു നടത്തിയത്. ഏറെനാളായി പണമിടപാട് നടക്കാത്ത അക്കൗണ്ടുകളിലാണ് തട്ടിപ്പുനടന്നതെന്നും മേയർ പറഞ്ഞു. കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മേയര്‍ പ്രതികരിച്ചു. കോർപ്പറേഷനാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും മേയർ കൂട്ടിച്ചേർത്തു
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എം പി റിജില്‍ 14.5 കോടി രൂപയാണ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ടര കോടി രൂപ ബാങ്ക് കഴിഞ്ഞ ദിവസം തിരിച്ച് നല്‍കിയിരുന്നു. തിരിമറിയെ തുടര്‍ന്ന് സസ്പെന്‍ഷനിലായ റിജില്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.