കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന് വിധേയയായ സ്ത്രീയെ എഫ്എസ് സിഐസിയുവില്‍ പീഡിപ്പിച്ച ജീവനക്കാരന്റെ സസ്‌പെന്‍ഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങി. ഗ്രേഡ് വണ്‍ ആശുപത്രി അറ്റന്റന്റ് ശശീന്ദ്രന്‍ എം എംന്റെ സസ്‌പെന്‍ഷന്‍ കാലയളവ് ഈ മാസം ഇരുപതാം തീയതി മുതല്‍ മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചാണ് ഉത്തരവിറങ്ങിയത്. ശശീന്ദ്രനെ സര്‍വീസില്‍ പുന:പ്രവേശിപ്പിക്കുന്നത് നിലവിലുള്ള അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവ് നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചത്.
പ്രാഥമിക അന്വേഷണത്തില്‍ ജീവനക്കാരന്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയെന്ന് ഉത്തരവിലുണ്ട്. ഈ വിഷയത്തില്‍ ആറ് മാസക്കാലമായി ജീവനക്കാരന്‍ സസ്‌പെന്‍ഷനിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതെന്നും ഉത്തരവിലുണ്ട്.
അതേസമയം, ഈ കേസില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍ താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയതെന്ന അതിജീവിതയുടെ പരാതിയിലാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.