KERALA

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം: മൊഴി മാറ്റാന്‍ ജീവനക്കാര്‍ സമ്മര്‍ദം ചെലുത്തുന്നെന്ന് യുവതിയുടെ പരാതി

നഴ്സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അസിസ്റ്റന്റ്, ദിവസവേതന ജീവനക്കാര്‍ ഉൾപ്പടെയുള്ളവർ നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന വ്യാജേന യുവതിയെ സമീപിച്ചതായി പരാതി

വെബ് ഡെസ്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ മൊഴി മാറ്റാന്‍ ജീവനക്കാര്‍ പ്രേരിപ്പിക്കുന്നതായി പരാതി. മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയ മൊഴിമാറ്റാന്‍ പ്രേരണയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി ഹെഡ് നഴ്സ് മുഖേന ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, ദിവസവേതന ജീവനക്കാര്‍ എന്നിവരടക്കമുള്ളവര്‍ മൊഴി മാറ്റാനും നുണ പറയാനും പ്രേരിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് ഉള്‍പ്പെടെയുള്ള പ്രലോഭനങ്ങളുണ്ടാകുന്നു. മോശമായും മാനസികമായി വിഷമമുണ്ടാക്കുന്ന തരത്തിലും സംസാരിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലാണ് യുവതിയുടെ പരാതി സംബന്ധിച്ച വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് ​ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയെ പ്രവേശിപ്പിച്ച മുറിയിൽ ചുമതലപ്പെട്ട ഡോക്ടർമാർ ഉൾപ്പടെയുള്ളവരെയല്ലാതെ മറ്റാരെയും ഇനി മുതല്‍ പ്രവേശിപ്പിക്കില്ല. മുറിക്ക് പുറത്ത് വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കും. അനുമതി കൂടാതെ മുറിക്കുള്ളിലേക്ക് പ്രവേശിക്കുന്നവർക്കെതിരെ നിയമനടിപടികൾ സ്വീകരിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കുന്നു. ചികിത്സയിൽ കഴിയുന്ന യുവതിക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ഉറപ്പാക്കും. ദൈനംദിന ആരോഗ്യനില വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡോക്ടർമാരെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതിനിടെ യുവതിയെ അറ്റന്‍ഡന്‌റ് പീഡിപ്പിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ഐസിയുവിലും വാര്‍ഡിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടുവന്നശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചുകഴിഞ്ഞ് തിരികെ വന്നു. മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജീവനക്കാർ പോയ സമയത്തായിരുന്നു അറ്റൻഡർ യുവതിയെ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർധ ബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം