KERALA

നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്പര്‍ക്കപ്പട്ടികയില്‍ 702 പേര്‍

ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 50 പേരാണുള്ളത്

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളിലായി 702 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്.

അതിനിടെ, രോഗം ബാധിച്ച് ആദ്യം മരിച്ച രണ്ടു പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആ‍യഞ്ചേരി മംഗലാട്ട് ഹാരിസ് (40) എന്നിവരുടെ റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.

മുഹമ്മദലിയുടെ റൂട്ട് മാപ്പിലെ വിവരങ്ങള്‍

ഓഗസ്റ്റ് 22നാണ് മുഹമ്മദലിക്ക് രോഗലക്ഷണങ്ങള്‍ തുടങ്ങിയത്. 23ന് വൈകീട്ട് ഏഴിന് തിരുവള്ളൂരില്‍ കുടുംബ ചടങ്ങിൽ പങ്കെടുത്തു. 25ന് രാവിലെ 11ന് ഗ്രാമീൺ ബാങ്കിന്റെ മുള്ളന്‍കുന്ന് ശാഖയിലും ഉച്ചയ്ക്ക് 12.30ന് കള്ളാട് ജുമാ മസ്ജിദിലുമെത്തി.

26ന് ചികിത്സ തേടി ഡോ. ആസിഫ് അലിയുടെ ക്ലിനിക്കിലെത്തി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30വരെ ഇവിടെയുണ്ടായിരുന്നു. 28ന് രാവിലെ 9.30ന് തൊട്ടില്‍പാലം ഇഖ്റ റഹ്മ ഹോസ്പിറ്റലിൽ ചികിത്സ തേടി. ഈ യാത്രകളെല്ലാം കാറിലായിരുന്നു.

29ന് പുലർച്ചെ 12.02ന് മുഹമ്മദലിയെ ആംബുലൻസിൽ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലേക്ക് മാറ്റി. 30നായിരുന്നു മരണം. മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി.

മംഗലാട്ട് ഹാരിസിന്റെ റൂട്ട് മാപ്പിലെ വിവരങ്ങള്‍

സെപ്തംബര്‍ അഞ്ചിനാണ് ഹാരിസിന് രോഗ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. സെപ്തംബര്‍ ആറിന് ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തി. സെപ്തംബര്‍ ഏഴിന് ഉച്ചവരെയും ബന്ധുവീട്ടില്‍ തുടര്‍ന്നു. അന്നേ ദിവസം ഉച്ചയ്ക്ക് ആയഞ്ചേരി റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തി.

സെപ്തംബര്‍ എട്ടിന് രാവിലെ 110.15 നും 10.45 നും ഇടയില്‍ ആയഞ്ചേരി കുടൂംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. ഇതിന് ശേഷം മംഗലാട് തട്ടാന്‍കോട് മസ്ജിദിലും ഉച്ചയ്ക്ക് ശേഷം കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലും ഹാരിസ് സന്ദര്‍ശനം നടത്തി.

സെപ്തംബര്‍ 9 ന് രാവിലെ പത്ത് മണിക്കും 12 നും ഇടയില്‍ വില്യാപ്പള്ളി കുടൂംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

സെപ്തംബര്‍ പത്തിന് വീണ്ടും വില്യാപ്പള്ളി കുടൂംബാരോഗ്യ കേന്ദ്രത്തില്‍ എത്തി. ഉച്ചയ്ക്ക് ശേഷം വടകര ജില്ലാ ആശുപത്രിയിലും സന്ദര്‍ശിച്ചു.

സെപ്തംബര്‍ 11 ന് ഡോ. ജ്യോതികുമാറിന്റെ വസതിയിലെ ക്ലിനിക്ക് സന്ദര്‍ശിച്ചു. രാവിലെ എട്ട് മണി. ഒമ്പത് മണിയോടെ വടകര കോ-ഓപറേറ്റീന് ആശുപത്രിയിലും, തുടര്‍ന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിക്കുകയും വൈകീട്ട് ഏഴ് മണിയോടെ മരണമടയുകയുമായിരുന്നു.

രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്

നിപ സംശയിച്ച് ഏഴ് സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. ഇതിൽ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇനിയുള്ള പരിശോധനകൾക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ജില്ലയില്‍ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.

കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവർ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

കോണ്ടാക്ട് ട്രെയ്സിങ്, ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങള്‍, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗണ്‍സിലിംഗ്, മീഡിയ ഏകോപനം എന്നിവ കണ്‍ട്രോള്‍ സെല്ലില്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച 19 കോര്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളും കണ്‍ട്രോള്‍ റൂമില്‍ അവലോകനം ചെയ്യുന്നുണ്ട്.

നിലവിലെ സ്ഥിതിഗതികള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച 19 കോര്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളും കണ്‍ട്രോള്‍ റൂമില്‍ അവലോകനം ചെയ്യുന്നുണ്ട്

കണ്‍ട്രോള്‍ റൂമിലെ കോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മൂന്ന് ഷിഫ്റ്റുകളിലായാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. 0495- 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ ജനങ്ങള്‍ക്ക് സംശയനിവാരണം നടത്താം.

ഇതുവരെ 250 ലധികം ആളുകളാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടത്. രോഗലക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ സംബന്ധിച്ച വിവരങ്ങള്‍, സെല്‍ഫ് റിപ്പോര്‍ട്ടിങ് എന്നിവയാണ് പ്രധാനമായും ആളുകള്‍ അന്വേഷിക്കുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ