ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ 
KERALA

കേരളത്തില്‍ 310 വോട്ടർമാർ; എത്ര പേരെത്തും? അവ്യക്തത തുടരുന്നു

എല്‍ദോസ് കുന്നപ്പിള്ളില്‍ വോട്ട് ചെയ്യാന്‍ എത്തുമോ എന്ന കാര്യത്തില്‍ നേതാക്കള്‍ക്കുപോലും വ്യക്തതയില്ല

വെബ് ഡെസ്ക്

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെപ്പിനുള്ള വോട്ടെടുപ്പ് ദിവസത്തിലും കേരളത്തിലെ വോട്ടര്‍മാരുടെ കാര്യത്തില്‍ അവ്യക്തത. സംസ്ഥാനത്ത് 310 പേര്‍ക്കാണ് വോട്ടുള്ളത്. ഇതില്‍ 285 കെപിസിസി അംഗങ്ങളും 10 മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരും,15 പേര്‍ പാർലമന്‍ററി പാർട്ടി അംഗങ്ങളുമാണ്. അടുത്തിടെ അന്തരിച്ച ആര്യാടന്‍ മുഹമ്മദ്, പ്രതാപവര്‍മ തമ്പാന്‍, പുനലൂര്‍ മധു എന്നീ മൂന്ന് നേതാക്കളും വോട്ടര്‍ പട്ടികയിലുണ്ട്.

അമേരിക്കയിലുള്ള മുതിർന്ന നേതാവ് വി എം സുധീരന്‍ വോട്ട് ചെയ്യാന്‍ എത്തില്ലെന്ന് നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. പീഡന കേസിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ വോട്ട് ചെയ്യാന്‍ എത്തുമോ എന്ന കാര്യത്തില്‍ നേതാക്കള്‍ക്കുപോലും വ്യക്തതയില്ല. ആരോഗ്യ അവശതകള്‍ അലട്ടുന്ന പി പി തങ്കച്ചന്‍, സി വി പത്മരാജന്‍ എന്നിവരും വോട്ടെടുപ്പിന് എത്തിയേക്കില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ ആകെ 303 വോട്ടുകളായിരിക്കും രേഖപ്പെടുത്തുക.

തരൂരിന് സ്വന്തം സംസ്ഥാനത്ത് പോളിങ് ഏജന്റുമാര്‍ ഉണ്ടാകുമോ എന്നതില്‍ പോലും വ്യക്തതയില്ല.

അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരത്തിന് വഴിയൊരുക്കിയ ശശി തരൂരിന് സ്വന്തം സംസ്ഥാനത്ത് പോളിങ് ഏജന്റുമാര്‍ ഉണ്ടാകുമോ എന്നതില്‍ പോലും വ്യക്തതയില്ല. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നാല് ഏജന്റുമാരാണ് സംസ്ഥാനത്തുള്ളത്. മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, എംപിമാരായ ഡീന്‍ കുര്യാക്കോസ്, വി കെ ശ്രീകണ്ഠന്‍, മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍ എന്നിവരാണ് ഏജന്റുമാര്‍

കേരളത്തില്‍ നിന്നുള്ള പ്രദേശ് റിട്ടേണിങ് ഓഫീസര്‍മാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, ജോണ്‍സണ്‍ എബ്രഹാം, നെയ്യാറ്റിന്‍കര സനല്‍, എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ യഥാക്രമം ഹൈദരാബാദ്, പുതുച്ചേരി, ബെംഗളൂരു, ചെന്നൈ, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലാണ് വോട്ട് രേഖപ്പെടുത്തുക. ഭാരത് ജോഡോ പദയാത്രയില്‍ പങ്കെടുക്കുന്ന അനില്‍ ബോസ് ഒഴികെയുള്ളവര്‍ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്തു മടങ്ങും.

വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന വോട്ടര്‍മാര്‍ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവരെ മാത്രമായിരിക്കും വോട്ട് ചെയ്യാന്‍ അനുവദിക്കുക. ഇതുവരെ കാര്‍ഡ് വാങ്ങാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയിലൊന്ന് ഹാജരാക്കി കെപിപിസിസി ആസ്ഥാനത്ത് വോട്ട് ചെയ്യാം. തിങ്കളാഴ്ച രാവിലെ 10 മുതല്‍ 4 വരെയാണ് വോട്ടെടുപ്പ്.

വോട്ടെടുപ്പിന് രഹസ്യസ്വഭാവമുണ്ടെങ്കിലും ബാലറ്റ് പേപ്പറിലെയും കൗണ്ടര്‍ഫോയിലിലെയും ക്രമനമ്പര്‍ താരതമ്യം ചെയ്ത് കേന്ദ്ര നേതൃത്വത്തിന് വോട്ടു രേഖപ്പെടുത്തിയവരെ കണ്ടെത്താന്‍ സാധിക്കും.

കെപിസിസി ആസ്ഥാനത്ത് വോട്ടെടപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇന്ദിരാ ഭവനില്‍ രണ്ട് ബുത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും ബാലറ്റ് പെട്ടി സീല്‍ ചെയ്യുക. ഈ സീലിന് മുകളില്‍ പതിപ്പിക്കുന്ന സ്റ്റിക്കറില്‍ സ്ഥാനാര്‍ഥികളുടെഏജന്റുമാരും റിട്ടേണിങ് ഓഫീസറും ഒപ്പിടണം.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാലറ്റ് ബോക്സ് വിമാനമാര്‍ഗം റിട്ടേണിങ് ഓഫീസര്‍മാര്‍ എഐസിസി ആസ്ഥാനത്ത് എത്തിക്കും. ഒക്ടോബര്‍ 19ന് രാവിലെ പത്തിന് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് വൈകിട്ടോടെ ഫലം പ്രഖ്യാപിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.

വോട്ടെടുപ്പിന് രഹസ്യസ്വഭാവമുണ്ടെങ്കിലും ബാലറ്റ് പേപ്പറിലെയും കൗണ്ടര്‍ഫോയിലിലെയും ക്രമനമ്പര്‍ താരതമ്യം ചെയ്ത് കേന്ദ്ര നേതൃത്വത്തിന് വോട്ടു രേഖപ്പെടുത്തിയവരെ കണ്ടെത്താന്‍ സാധിക്കും. യുവ നേതാക്കളിലാണ് തരൂരിന്റെ പ്രതീക്ഷ. കൂടാതെ ചില മുതിര്‍ന്ന നേതാക്കളുടെ വോട്ടും ലഭിക്കുമെന്ന് തരൂര്‍ ക്യാമ്പ് ഉറച്ച് വിശ്വസിക്കുന്നു.

തിരഞ്ഞടുപ്പില്‍ 1000 മുതല്‍ 1500 വരെ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ നിന്ന് നൂറില്‍ കുറയാതെ വോട്ട് ലഭിക്കുമെന്ന് കഴിഞ്ഞ ദിവസും തരൂര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. യുവാക്കളടക്കം മനസ്സാക്ഷി വോട്ട് രേഖപ്പെടുത്തിയാല്‍ തരൂരിന്‍റെ വോട്ട് കൂടാനാണ് സാധ്യത. അതേസമയം, തരൂരിന് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം കുറയ്ക്കാന്‍ അവസാന വട്ട ശ്രമത്തിലാണ് ഗാര്‍ഖെ പക്ഷം.

വോട്ടെടുപ്പ് ദിവസത്തിലും കേരളത്തില്‍ വാക്‌പോര് തുടരുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ തരൂര്‍ പരാമര്‍ശമാണ് വാക്പോരിന് തുടക്കമിട്ടത്. പിന്നീട് തിരുത്തിയെങ്കിലും പരോക്ഷ മറുപടികള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണം പുര്‍ത്തിയാക്കി വോട്ട് ചെയ്യാന്‍ കേരളത്തിലെത്തിയ തരൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പ്രതികരണവും ശ്രദ്ധേയമാണ്. താന്‍ കളിക്കുന്നത് അസമത്വം നിറഞ്ഞ പിച്ചിലാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യത കുറവാണ് തരൂര്‍ ചൂണ്ടിക്കാട്ടിയതെങ്കിലും കേരളത്തിലെ പല നേതാക്കള്‍ക്കുമുള്ള പരോക്ഷ മറുപടി കൂടിയായിരുന്നു അത്.

'സമത്വമില്ലാത്ത കളിസ്ഥലമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു, എന്നാല്‍ അതിനര്‍ത്ഥം മധുസൂദനന്‍ മിസ്ത്രി അനീതി ചെയ്യുന്നു എന്നല്ല. അദ്ദേഹം വളരെ ന്യായബോധമുള്ളയാളാണ്. എന്നിരുന്നാലും, ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ന്യായമല്ലെന്ന് ഞങ്ങള്‍ വിലയിരുത്തുന്നു. 'ഞാന്‍ ബാറ്റ് ചെയ്യുന്നത് അസമമായ ബൗണ്‍സുള്ള പിച്ചിലാണ്, പക്ഷേ എനിക്ക് അതില്‍ ബാറ്റ് ചെയ്യണം. പിച്ചില്‍ കൃത്രിമം കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല,' എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

അതിനിടെ, കെ സുധാകന്റെ കഴിഞ്ഞദിവസത്തെ തരൂര്‍ പരാമര്‍ശം തള്ളി എം കെ രാഘവന്‍ എം പി രംഗത്തെത്തി. തരൂരിന് പ്രവര്‍ത്തന പരിചയമില്ലെന്ന വാദം തള്ളിയ അദ്ദേഹം, നേതാക്കള്‍ പുറമെ വിയോജിക്കുമ്പോഴും തരൂരിന് വോട്ടുനല്‍കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. പദവിയില്‍ ഇരുന്ന് പക്ഷം പിടിക്കുന്നവര്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. തരൂര്‍ കേരളത്തിന്റെ അഭിമാനമാണെന്നും രാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ