പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലില്‍ വച്ചാണ് കെപിസിസി അധ്യക്ഷന് രാജിക്കത്ത് അയച്ചത്. കേസില്‍ ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രാജി.
വായ്പാ തട്ടിപ്പിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു എബ്രഹാമിന്റെ അറസ്റ്റ്. വഞ്ചന, ആത്മഹത്യപ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വായ്പ്പാ തട്ടിപ്പിനെത്തുടര്‍ന്ന് കര്‍ഷകന്‍ രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എബ്രഹാം ബാങ്ക് പ്രസിഡന്റ് ആയിരുന്ന സമയത്തായിരുന്നു വായ്പ തട്ടിപ്പ് നടന്നത്. സ്ഥലം ഈടുവച്ച് വായ്പ എടുത്ത കര്‍ഷകര്‍ അറിയാതെ അവരുടെ പേരില്‍ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടുകയായിരുന്നു. 75,000 രൂപ വായ്പയെടുത്ത രാജേന്ദ്രന്റെ പേരില്‍ തട്ടിപ്പ് സംഘം 25 ലക്ഷം രൂപ കരസ്ഥമാക്കി. പലിശയടക്കം 40 ലക്ഷത്തോളം കടബാധ്യതയായതിന് പിന്നാലെയാണ് രാജേന്ദ്രന്റെ ആത്മഹത്യ.
സംഭവത്തില്‍ ആരോപണവുമയി മുന്‍ ഭരണസമിതി വൈസ് പ്രസിഡന്റ് ടി എസ് കുര്യന്‍ രംഗത്തെത്തിയിരുന്നു. തന്റെ വ്യാജ ഒപ്പിട്ടാണ് രാജേന്ദ്രന്‍ നായരുടെ പേരില്‍ വായ്പയെടുത്തത് എന്നായിരുന്നു വെളിപ്പെടുത്തല്‍. ചെമ്പകമൂല സ്വദേശിയായ രാജേന്ദ്രന്‍ നായരെ മെയ് 30നാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകളിലുള്ളത്. എന്നാല്‍, 80,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ആത്മഹത്യ.