KERALA

ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കെപിസിസി

സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍

വെബ് ഡെസ്ക്

ദേവികുളം എംഎല്‍എ അഡ്വ. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ് പ്രകാരം അഡ്വ. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതിനാല്‍ ഹൈക്കോടതി വിധി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എ രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു. എന്നാല്‍ അനുകൂല ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കെ സുധാകരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും മല്‍സരിച്ചതെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. എ രാജ ക്രൈസ്തവ സമുദായ അംഗമാണ് എന്നതായിരുന്നു ഹര്‍ജിയിലെ ആരോപണം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയില്‍ മാമ്മോദീസ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. അതിനാല്‍ സംവരണ മണ്ഡലത്തിലെ വിജയം റദ്ദാക്കണമന്നായിരുന്നു ആവശ്യം.

ഹര്‍ജിയില്‍ വിശദമായി വാദം കേട്ട ഹൈക്കോടതി എ രാജയുടെ നാമനിര്‍ദേശം തന്നെ റിട്ടേണിങ് ഓഫീസര്‍ തള്ളേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയം റദ്ദാക്കി ഉത്തരവിറക്കിയത്. ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളല്ല രാജയെന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലാത്ത എ രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കുകയാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മീഷനും, നിയമസഭാ സ്പീക്കര്‍ക്കും, സംസ്ഥാന സര്‍ക്കാരിനും കൈമാറാനും കോടതി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റില്‍ വിജ്ഞാപനം ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

മണ്ഡലം രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി കുമാറിനെ 7848 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ഥി എ രാജ തോല്‍പിച്ചത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം