മോണ്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. സിപിഎം നുണ പ്രചാരണം നടത്തുകയാണ്. പോക്സോ കേസിലെ രഹസ്യ മൊഴി സിപിഎം സെക്രട്ടറി എങ്ങനെ അറിഞ്ഞുവെന്ന് വെളിപ്പെടുത്തണം. തനിക്കെതിരെ എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അന്ന് ഞാന്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്നും സിപിഎം നുണ പ്രചാരണം നടത്തുകയാണെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പോക്സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ തനിക്കെതിരെ പറഞ്ഞിട്ടില്ല. എം വി ഗോവിന്ദന്റെ ആരോപണങ്ങളെ പുച്ഛിച്ച് തള്ളുകയാണ്. വസ്തുതയില്ലാത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ച എം വി ഗോവിന്ദന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാർത്തകളെ അടിസ്ഥാനമാക്കിയായിരുന്നു എം വി ഗോവിന്ദന്‍ കെ സുധാകരന് എതിരെ ആരോപണം ഉന്നയിച്ചത്. സുധാകരനുള്ളപ്പോഴാണ് മോന്‍സന്‍ പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് വാർത്തകളെന്നും അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന് പോക്‌സോ കേസിലും സുധാകരനെ ചോദ്യം ചെയ്യേണ്ടിവരും. ഈ കേസിൽ ചോദ്യംചെയ്യാന്‍ സുധാകരനെ വിളിപ്പിച്ചിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.