ആർഎസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആർഎസ്എസ് ശാഖകൾ സിപിഎം പ്രവർത്തകർ തകർക്കാൻ ശ്രമിച്ചപ്പോൾ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന് സുധാകരൻ തുറന്നു പറഞ്ഞു. കണ്ണൂരിലെ എംവിആർ അനുസ്മരണ പരിപാടിയിലാണ് കെപിസിസി പ്രസിഡന്റിന്റെ പരാമർശം.
എല്ലാ പാർട്ടികൾക്കും പ്രവർത്തന സ്വാതന്ത്ര്യമുണ്ട്. സിപിഎമ്മിന് പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെട്ടാലും കോൺഗ്രസ് ഇടപെടും.
സംഘടനാ കോൺഗ്രസ് പ്രവർത്തകനായിരുന്ന കാലത്താണ് സംരക്ഷണം നൽകിയത്. എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ശാഖകളാണ് സംരക്ഷിച്ചത്. എന്നാൽ ആർഎസ്എസ് രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും മൗലികാവകാശങ്ങൾ തകരാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നും സുധാകരൻ വ്യക്തമാക്കി.
ആർഎസ്എസുമായി ആഭിമുഖ്യം ഉണ്ടായിട്ടല്ല അങ്ങനെ ചെയ്തത്. പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സമീപനത്തിന് എതിരെയാണ് പ്രതികരിച്ചത്. എല്ലാ പാർട്ടികൾക്കും പ്രവർത്തന സ്വാതന്ത്ര്യമുണ്ട്. സിപിഎമ്മിന് പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെട്ടാലും കോൺഗ്രസ് ഇടപെടും. എംവിആറിനോട് അടുത്തതും സിപിഎമ്മിനെതിരെ പ്രതിരോധം ആവശ്യമുണ്ടെന്ന തോന്നൽ ഉണ്ടായത് കൊണ്ടാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്. പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ബുദ്ധി തനിക്കുണ്ട്. അതിനുള്ള രാഷ്ട്രീയ ബോധവും തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞു.