കെ സുധാകരൻ അധ്യക്ഷ പദവിയിലെത്തി രണ്ട് വർഷം പിന്നിടുമ്പോഴും കോൺഗ്രസുകാർക്ക് പോലും ഉത്തരം കിട്ടാത്ത ചോദ്യമായി കെപിസിസി പുനഃസംഘടന. എ, ഐ ഗ്രൂപ്പുകള്‍ ഇടഞ്ഞുനിൽക്കുന്നതാണ് പുനഃസംഘടന വൈകാനുള്ള പ്രധാന കാരണം.
പുനഃസംഘടന വേഗത്തിലാക്കാനും ഗ്രൂപ്പുകളെ അനുനയിപ്പിക്കുന്നതിനും വേണ്ടി കെപിസിസി രൂപീകരിച്ച പ്രത്യേക സമിതിയില്‍ ഗ്രൂപ്പുകളുടെ പ്രതിനിധികളേയും ഉള്‍പ്പെടുത്തിയിരുന്നു. പ്രസിഡന്റ് കെ സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അവരവരുടെ നോമിനികളെയും ഉള്‍പ്പെടുത്തി. സമിതി പട്ടിക കൈമാറുമ്പോൾ അന്തിമ തീരുമാനം എടുക്കുന്ന കമ്മിറ്റിയുടെ ഭാഗമായതിനാല്‍ നോമിനി വേണ്ടെന്ന നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശനും എടുത്തു.
കെപിസിസി പുനസംഘടനയിലും അട്ടിമറി ഉണ്ടാകുമെന്ന് ഗ്രൂപ്പുകള്‍ക്ക് ആശങ്ക
മഹിളാ കോണ്‍ഗ്രസ്, കെഎസ് യു പുനഃസംഘടന സമയത്ത് ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലായ പട്ടിക കെപിസിസി ഹൈക്കമാൻഡിന് അയച്ചെങ്കിലും അന്തിമ ലിസ്റ്റ് കെസി വേണുഗോപാലും വിഡി സതീശനും ആഗ്രഹിച്ച പ്രകാരമാണ് പുറത്തുവന്നത്. സമാന അട്ടിമറി കെപിസിസി പുനസംഘടനയിലും ഉണ്ടാകുമെന്ന് ഗ്രൂപ്പുകളുടെ ആശങ്ക. അതിനാല്‍ ജാഗ്രതയോടെയാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ നീക്കങ്ങള്‍. തങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്ന ഒരു സഹകരണത്തിനും നില്‍ക്കേണ്ടെന്നാണ് ഗ്രൂപ്പുകളുടെ പൊതുതീരുമാനം.
പുനഃസംഘടന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കെപിസിസിയുടെ പ്രത്യേക സമിതി നിലവിൽ വന്ന് ആഴ്ചകൾ പിന്നിടുമ്പോഴും ഒരു യോഗം പോലും ചേർന്നിട്ടില്ല. മുഴുവൻ ജില്ലകളിൽനിന്നും പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക ലഭ്യമായശേഷം യോഗം ചേർന്നാൽ മതിയെന്നാണ് സമിതിക്കുള്ളിലെ ധാരണ. സമവായത്തിലെത്തിയാലും സമിതി അന്തിമ പട്ടികയുണ്ടാക്കാൻ മാസങ്ങളെടുക്കും.
പുനഃസംഘടന അനന്തമായി നീളുന്നത് കെപിസിസി അധ്യക്ഷ
കഴിഞ്ഞവർഷം ഡിസിസി, ബ്ലോക്ക് പുനഃസംഘടനക്കായി ഡിസിസി നേതൃത്വം അയച്ച പട്ടികയിലുള്ള പേരുകൾ ഇത്തവണയും ആവർത്തിക്കുകയാണെങ്കിൽ ഇവരെ ഭാരവാഹിസ്ഥാനങ്ങളിലേക്ക് പരിഗണിക്കാനാണ് തീരുമാനം. ഫലത്തിൽ കഴിഞ്ഞവർഷത്തെ പട്ടികയും ഇത്തവണത്തെ പട്ടികയും സമിതി പരിശോധിക്കേണ്ടി വരും. ഈ പരിശോധന പൂർത്തിയാക്കാൻ ആഴ്ചകളെടുക്കും.
പുനഃസംഘടന അനന്തമായി നീളുന്നത് കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. റായ്പൂര്‍ പ്ലീനറി സമ്മേളനത്തിനു ശേഷം പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‌റെ പ്രഖ്യാപനം. കെ സുധാകരൻ അധ്യക്ഷ പദവിയെത്തിയതിനുശേഷം സംഘടന ഏറ്റവും ദുർബലമായ തലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കോൺഗ്രസിന്റെ ചില മുതിർന്ന നേതാക്കൾ പറയുന്നു. വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ഉൾപ്പെടെ ഇത് ബാധിക്കുമെന്നും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. എത്രയും വേഗം സമവായത്തിലെത്തി പുനഃസംഘടന പൂർത്തിയാക്കണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.