ഗ്രൂപ്പ് പോര് രൂക്ഷമായതിന് പിന്നാലെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിന് മുന്നറിയിപ്പുമായി കെപിസിസി. ഷൗക്കത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തരുതെന്നും നിർദ്ദേശം ലംഘിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകി.
മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം പാർട്ടിയുടെ നേതൃത്വത്തിൽ ഒക്ടോബർ 30 ന് നടത്തിയതാണെന്നും ആര്യാടൻ ഷൗക്കത്ത് പാർട്ടിയെ വെല്ലുവിളിക്കുകയാണെന്നും കെപിസിസി നൽകിയ മുന്നറിയിപ്പിൽ പറയുന്നുണ്ട്. പാർട്ടി തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ വിഭാഗിയത അനുവദിക്കില്ലെന്നും നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നെന്നും കെപിസിസി നൽകിയ കത്തിൽ പറയുന്നു.
ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിക്കുന്നത്. നേരത്തെ ഒക്ടോബർ 30 ന് മലപ്പുറം ഡിസിസിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം നടത്തിയിരുന്നു. എന്നാൽ മണ്ഡലം പ്രസിഡൻറുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പിനെ പൂർണമായി വെട്ടിനിരത്തിയെന്നാരോപിച്ചാണ് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം നേതാക്കളുടെ പ്രതിഷേധം.
തർക്കത്തിനെ തുടർന്ന് ഡിസിസി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന് ഷൗക്കത്ത് അനുകൂലികൾ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നവംബർ 3 -ാം തിയതി ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഐക്യദാർഡ്യ സദസ്സ് നടത്താൻ തീരുമാനമായത്.
നേരത്തെ മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പിന്റെ പരാതിയിൽ പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് പുനസംഘടനാ ഉപസമിതിയിൽ നിന്ന് ആര്യാടൻ ഷൗക്കത്ത് രാജി വെച്ചിരുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതിനായിരുന്നു നേരത്തെ പുനസംഘടനാ ഉപസമിതി രൂപീകരിച്ചത്. ഡിസിസി പ്രസിഡന്‍റ് വി എസ് ജോയിയും മുൻ മന്ത്രി എ പി അനിൽകുമാറും സുധാകരൻ പക്ഷത്തോടൊപ്പം ചേർന്ന് എ ഗ്രൂപ്പിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.