KERALA

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീര്‍പ്പായി; അടൂരുമായി സഹകരിക്കില്ലെന്ന് വിദ്യാര്‍ഥികള്‍

വെബ് ഡെസ്ക്

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി. വിദ്യാര്‍ഥികളുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ധാരണയായത്. സമരം ഒത്തുതീര്‍പ്പായെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

സമരം അവസാനിപ്പിച്ചതായി വിദ്യാര്‍ഥികളും പ്രതികരിച്ചു. ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാലാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണകളെ കുറിച്ചും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. എത്രയും പെട്ടെന്ന് ഡയറക്ടറെ നിയമിക്കും. ഉന്നതതല അന്വേഷണ കമ്മീഷന്‍ നിര്‍ദേശം വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്ത് ധാരണയായതായും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സോഷ്യലിസ്റ്റ് ജസ്റ്റിസ് കമ്മിറ്റി, അക്കാദമിക് സമിതി എന്നിവ രൂപികരിക്കാനും ധാരണയായി.

ഡയറക്ടറുടെ വസതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീര്‍ത്തും ശരിയല്ല

ഡയറക്ടറുടെ വസതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീര്‍ത്തും ശരിയല്ല. അത്തരം പ്രവണതകള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം എന്ന നിലയില്‍ വിദ്യാര്‍ത്ഥി ക്ഷേമസമിതി രൂപീകരിക്കും. ഈ സമിതിയുടെ ചെയര്‍മാന്‍ സ്വീകാര്യതയുള്ള ഒരു സീനിയര്‍ ഫാക്കല്‍റ്റി അംഗമായിരിക്കും. പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തിലും മറ്റ് അരികുവത്കൃത വിഭാഗങ്ങളിലും പെട്ട വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പരാതികള്‍ യഥാസമയം പരിശോധിച്ച് പരിഹരിക്കാനും, ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും, സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായി.

ഡിപ്ലോമകള്‍ സമയബന്ധിതമായി നല്‍കാന്‍ നടപടി സ്വീകരിക്കുകയും ഇതിനകം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം മാര്‍ച്ച് 31 ന് മുമ്പ് ഡിപ്ലോമകള്‍ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി

അക്കാദമിക് പരാതികള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുകയും കോഴ്‌സിന്റെ ദൈര്‍ഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ അക്കാദമിക് വിഷയങ്ങളില്‍ വിദഗ്ധരായവരുടെ സമിതി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. കോഴ്‌സ് ഫീസ് സംബന്ധിച്ച വിഷയവും, വര്‍ക് ഷോപ്പുകള്‍, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്കുള്ള പരാതികളും പരിശോധിക്കുകയാണ് സമിതിയുടെ ചുമതല. ഡിപ്ലോമകള്‍ സമയബന്ധിതമായി നല്‍കാന്‍ നടപടി സ്വീകരിക്കുകയും ഇതിനകം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം മാര്‍ച്ച് 31 ന് മുമ്പ് ഡിപ്ലോമകള്‍ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനായി പ്രധാന അധികാരസമിതികളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം കൊണ്ടുവരും.

ബൈലോയിലെയും ബോണ്ടിലെയും വിദ്യാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ച് പരിഹാരം കാണും

വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളില്‍ കേസുകള്‍ രമ്യമായി പരിഹരിക്കാന്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബൈലോയിലെയും ബോണ്ടിലെയും വിദ്യാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ച് പരിഹാരം കാണും. നിര്‍വ്വാഹകസമിതി യോഗങ്ങള്‍ കൃത്യമായി ചേരുന്നുണ്ടെന്ന് ഉറപ്പാക്കും. കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും