KERALA

ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് പറയുന്നതെങ്ങനെ? അടൂരിന് തുറന്ന കത്തുമായി കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർ‌ഥികൾ

'സംവരണ ലംഘനം ഉണ്ടായിട്ടില്ല എങ്കില്‍ എന്തുകൊണ്ടാണ് ആ വിദ്യാര്‍ത്ഥിക്ക് സീറ്റ് നല്‍കണം എന്ന കോടതി ഉത്തരവ് ഉണ്ടായത്?'

വെബ് ഡെസ്ക്

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി വീണ്ടും വിദ്യാര്‍ഥികള്‍. ജാതി വിവേചനം ഉള്‍പ്പെടെ നേരിട്ട വിദ്യാര്‍ഥികളോടോ ജീവനക്കാരോടോ ഇതുവരെ സംസാരിക്കാന്‍ പോലും തയ്യാറാകാത്ത ചെയര്‍മാന്‍ എങ്ങനെയാണ് പരാതികള്‍ വസ്തുതാ വിരുദ്ധമാണെന്ന് പറയുന്നത് എന്ന ചോദ്യമാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പങ്കുവച്ച തുറന്ന കത്തിലാണ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ നടത്തുന്ന ജാതി വിവേചനത്തില്‍ വിദ്യാര്‍ഥികള്‍ പഠിപ്പു മുടക്കി സമരം ആരംഭിച്ചിട്ടും സ്ഥാപനത്തിന്റെ ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നു എന്നും സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ കത്തില്‍ ആരോപിക്കുന്നു.

വിദ്യാര്‍ഥികള്‍ വിശദമായി താങ്കള്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ മറുപടിയോ, ഒരു ചര്‍ച്ചയോ ഉണ്ടായിട്ടുണ്ടോ?. പിന്നെ എങ്ങനെയാണ് താങ്കള്‍ ഞങ്ങള്‍ പറഞ്ഞത് മുഴുവന്‍ നുണയാണ് എന്നും, പ്രതിഷേധം ഉന്നയിക്കുന്നവര്‍ സ്ഥാപനത്തെ നശിപ്പിക്കുന്നവരാണ് എന്നുമുള്ള ആരോപണങ്ങളിലേക്ക് എത്തിയത്?.

വിദ്യാര്‍ത്ഥികളുടെ ഏതു പ്രവര്‍ത്തിയാണ് ഈ ആരോപണങ്ങള്‍ക്ക് പ്രേരിപ്പിച്ചത്? ഒരാളുടെ കുടുംബ പശ്ചാത്തലം എങ്ങനെയാണ് അയാള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാക്കുന്നത്? എന്ത് കൊണ്ടാണ് താങ്കള്‍ ഈ വ്യക്തിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കത്തില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുന്നോട്ട് വയ്ക്കുന്നത്.

ചില ജീവനക്കാര്‍ക്ക് അവരുടെ തന്നെ പ്രശ്നങ്ങള്‍ കൊണ്ട് ജോലി പോകുമെന്നായപ്പോള്‍ ജാതി പറഞ്ഞ് ഇറങ്ങിയിരിക്കുകയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

ശങ്കര്‍ മോഹന്‍ ജാതി വിവേചനം കാണിക്കുന്ന ആളല്ലെന്നും സമരം ചെയ്യുന്നവരുടെ ഉദ്ദേശം ഇന്‍സ്റ്റിറ്റ്യൂട്ടിനെ നശിപ്പിക്കലാണെന്നുമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ ദ ക്യുവിനോട് നടത്തിയ പ്രതികരണം. കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സിലെ ചില ജീവനക്കാര്‍ക്ക് അവരുടെ തന്നെ പ്രശ്നങ്ങള്‍ കൊണ്ട് ജോലി പോകുമെന്നായപ്പോള്‍ ജാതി പറഞ്ഞ് ഇറങ്ങിയിരിക്കുകയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

കത്തിന്റെ പൂര്‍ണ്ണ രൂപം

പ്രിയപെട്ട

ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍,

ദ ക്യൂ, ദ സൗത്ത് ഫസ്റ്റ് എന്നീ മാധ്യമങ്ങള്‍ക്ക് താങ്കള്‍ നല്‍കിയ മറുപടികള്‍ കണ്ടു. ഞങ്ങള്‍ അനുഭവിച്ച വിവേചനങ്ങളും പറഞ്ഞ സത്യങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാത്രമാണ് എന്ന് അങ്ങ് പറഞ്ഞതായി അതിലൂടെ അറിയുന്നു. പെണ്‍കുട്ടികളും മലയാളം സംസാരിക്കാന്‍ പോലും അറിയാത്ത വിദ്യാര്‍ഥികളും ഉള്‍പ്പെട്ട സംഘത്തെ, രാത്രി 11 മണി വരെ, നല്‍കിയ മുറി വരെ ക്യാന്‍സല്‍ ചെയ്ത് തിരുവനന്തപുരം നഗരത്തില്‍ ഇറക്കി വിട്ടത്തിന് താങ്കള്‍ നല്‍കിയ മറുപടിയും വായിച്ചു. കടുത്ത മനുഷ്യാവകാശലംഘനം നേരിട്ട 5 സ്ത്രീകളുടെ തുറന്ന് പറച്ചിലുകളെ നിലനില്‍പിന് വേണ്ടിയുള്ള കേവലം നുണകളായി കണ്ടുള്ള ഉത്തരങ്ങളും ശ്രദ്ധാപൂര്‍വം വായിച്ചു. താങ്കള്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികളും ജീവനക്കാരും വളരെയേറെ ഗൗരവകരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ താങ്കള്‍ ഇതിനെ കുറിച്ച് ഈ ജീവനക്കാരോടോ, വിദ്യാര്‍ഥികളോടൊ സംസാരിച്ചിട്ടുണ്ടോ?

വിദ്യാര്‍ഥികള്‍ വളരെ വിശദമായി താങ്കള്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ മറുപടിയോ, ഒരു ചര്‍ച്ചയോ ഉണ്ടായിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് താങ്കള്‍ ഞങ്ങള്‍ പറഞ്ഞത് മുഴുവന്‍ നുണയാണ് എന്നും, ഞങ്ങള്‍ ഈ മഹത്തായ സ്ഥാപനത്തെ നശിപ്പിക്കുന്നവരാണ് എന്നുമുള്ള ആരോപണങ്ങളിലേക്ക് എത്തിയത്?, ഞങ്ങളുടെ ഏതു പ്രവര്‍ത്തിയാണ് ഈ ആരോപണങ്ങള്‍ക്ക് താങ്കളെ പ്രേരിപ്പിച്ചത്? താങ്കള്‍ സത്യവാചകം ചൊല്ലി തന്ന് ചുമതലയേറ്റ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ആണ് ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ആരോപണ വിധേയനായ ശങ്കര്‍ മോഹനെ 'കുലീന കുടുംബത്തില്‍ ജനിച്ചയാള്‍' എന്നും വിശേഷിപ്പിച്ചു കണ്ടു. എങ്ങനെയാണ് സാര്‍ ഒരാളുടെ കുടുംബ പശ്ചാത്തലം അയാള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാക്കുന്നത്? എന്ത് കൊണ്ടാണ് താങ്കള്‍ ഈ വ്യക്തിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?

സംവരണലംഘനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് താങ്കള്‍ പറഞ്ഞുവല്ലോ, പിന്നെ എങ്ങനെയാണ് 2022 ബാച്ചിലെ ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍ സീറ്റിലും ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രം അഡ്മിഷന്‍ ലഭിച്ചത്?. എഡിറ്റിങ്ങില്‍ ആകെയുള്ള പത്ത് സീറ്റുകളില്‍ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും എന്തുകൊണ്ട് ആണ് എസ്‌സി / എസ്ടി വിഭാഗത്തില്‍ ശരത്ത് എന്ന വിദ്യാര്‍ഥിക്ക് അര്‍ഹതപ്പെട്ട സംവരണ സീറ്റ് നല്‍കാതെ പോയത്? സംവരണ ലംഘനം ഉണ്ടായിട്ടില്ല എങ്കില്‍ എന്തുകൊണ്ടാണ് ആ വിദ്യാര്‍ത്ഥിക്ക് സീറ്റ് നല്‍കണം എന്ന കോടതി ഉത്തരവ് ഉണ്ടായത്? ശങ്കര്‍ മോഹന്‍ പറഞ്ഞ പോലെ യോഗ്യത ഇല്ലാത്ത വിദ്യാര്‍ത്ഥി ആയിരുന്നു ശരത് എങ്കില്‍ എങ്ങനെയാണ് എസ്ആര്‍എഫ്ടി കൊല്‍ക്കത്ത പോലെ മികച്ച ഒരു സ്ഥാപനത്തില്‍ അയാള്‍ക്ക് സീറ്റ് ലഭിച്ചത്? ഞങ്ങള്‍ പറയുന്നത് നുണകള്‍ ആണെങ്കില്‍ ഇതു സംബന്ധിച്ച സത്യങ്ങള്‍ താങ്കള്‍ വെളിപ്പെടുത്തുമല്ലോ.

താങ്കളോട് കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനകത്ത് എല്ലാം നടക്കുന്നത് എന്ന് താങ്കള്‍ പറഞ്ഞല്ലോ, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ക്ലോസുകള്‍ അടങ്ങുന്ന മുദ്രപത്രങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ഒപ്പിട്ട് വാങ്ങിയത് അങ്ങയുടെ അറിവോട് കൂടെ തന്നെയാണോ?, വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്തേക്ക് പോകാന്‍ എച്ച്ഒഡിയുടെ അനുവാദം വേണം എന്നും അല്ലെങ്കില്‍ പിഴ നല്‍കണം എന്നുമുള്ള ക്ലോസ് താങ്കളുടെ കൂടെ അറിവോടെ ചേര്‍ത്തതാണോ?, മാറി മാറി വരുന്ന ഡയറക്റ്ററുടെ എല്ലാ ഓര്‍ഡറുകളും വിദ്യാര്‍ഥികള്‍ അനുസരിക്കണം എന്നും ഇതൊക്കെ ലംഘിക്കുന്ന പക്ഷം വിദ്യാര്‍ത്ഥിയെ പുറത്താക്കാന്‍ പോലും ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയും എന്നിങ്ങനെ ഉള്ള ക്ലോസുകള്‍ താങ്കള്‍ കൂടെ അറിഞ്ഞു കൊണ്ട് കൊണ്ടുവന്നതാണോ?

ശങ്കര്‍ മോഹന്‍ എന്ന ഡയറക്റുടെ ന്യായങ്ങള്‍ മാത്രം കേട്ടിട്ട് താങ്കള്‍ പ്രതികരിക്കും മുന്‍പേ വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തില്‍ നേരിടുന്ന വിവേചനങ്ങള്‍, ഞങ്ങള്‍ കടന്നു പോകുന്ന മാനസിക സമ്മര്‍ദങ്ങള്‍ എന്നിവയെ കുറച്ചു കൂടി താങ്കള്‍ അറിയേണ്ടതുണ്ട്. വിവേചനം നേരിട്ടു എന്ന് പറഞ്ഞ ജീവനക്കാരെ കൂടി താങ്കള്‍ കേള്‍ക്കേണ്ടതുണ്ട്.

സ്റ്റുഡന്റ്‌സ് കൗണ്‍സില്‍

അതേസമയം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ജാതി അധിക്ഷേപത്തെ സംബന്ധിച്ച പരാതിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന ആവശ്യത്തില്‍ അന്വേഷണം നടത്തി പരിഹാരം കാണണമെന്നും സ്വതന്ത്ര സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ തിരുവനന്തപുരത്ത് ചേര്‍ന്ന ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ