ബി.അശോക് 
KERALA

ഒടുവില്‍ യൂണിയന്‍ ജയിച്ചു; ബി. ആശോക് കെഎസ്ഇബിയില്‍ നിന്ന് തെറിച്ചു

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനുമായുള്ള തര്‍ക്കത്തിന് ശേഷം ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു

വെബ് ഡെസ്ക്

ബി. അശോകിനെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. കൃഷിവകുപ്പിലേക്കാണ് അശോകിന്‍റെ മാറ്റം. യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ നീക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. രാജന്‍ ഖോബ്രഗഡെ പുതിയ ചെയര്‍മാനാകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ചയാളാണ് രാജന്‍ ഖോബ്രഗഡെ. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനമെടുത്തത്. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനുമായുള്ള വിവാദത്തിന് ശേഷം ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. അടുത്ത ഘട്ടത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ എത്തേണ്ടയാളാണ് അശോക്. ഇത് പരിഗണിച്ചാണ് മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷം സംഭവബഹുലമാക്കിയത് കെഎസ്ഇബി സമരമായിരുന്നു. ചെയര്‍മാനും ഭരണാനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിന്‍ ബാനുവിന്റെ സസ്പെന്‍ഷനാണ് വിവാദത്തിരി കൊളുത്തിയത്. അനുമതിയില്ലാതെ ജാസ്മിന്‍ ബാനു അവധിയെടുത്തെന്നായിരുന്നു ആരോപണം. ജാസ്മിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ഇബിയിലെ ഇടത് സര്‍വീസ് രംഗത്ത് വന്നതോടെയാണ് പ്രശ്നം കലുഷിതമാകുന്നത്. എന്നാല്‍, സമരത്തിനിറങ്ങിയവര്‍ക്കെതിരെ പ്രതികാര നടപടിയെടുത്തായിരുന്നു ബോര്‍ഡിന്റെ മറുപടി. അനിശ്ചിതകാല സമരം തുടങ്ങിയതോടെ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സമരത്തിന് മുന്നില്‍ നിന്ന കെഎസ്ഇബിഒഎ പ്രസിഡന്‍റ് എം.ജി സുരേഷ്‍കുമാറിനെ സസ്പെന്‍ഡും ചെയ്തു.

എന്നാല്‍, സംഘടന സമരം കടുപ്പിച്ചു. വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അശോകിനെ സംരക്ഷിക്കുന്നെന്ന വിമര്‍ശനമുയര്‍ന്നു. ബോര്‍ഡുമായുള്ള പ്രശ്നം അവരുമായി തീര്‍ക്കട്ടെയെന്ന നിലപാടെടുത്തതോടെ സിപിഎം നേതൃത്വം ഉടനടി പരിഹാരം വേണമെന്ന നിര്‍ദേശം മന്ത്രിക്ക് കൊടുത്തു. അതിനുശേഷമാണ് ചര്‍ച്ചയാകാമെന്ന് മന്ത്രി നിലപാടെടുത്തത്. നീണ്ടുപോയ പ്രശ്നത്തില്‍ വകുപ്പ് മന്ത്രിയുടെ നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.

കെ.കൃഷ്ണന്‍കുട്ടി, കെഎസ്ഇബി സമരം

വിഷയത്തില്‍ ജാസ്മിന്‍ ബാനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവധിയില്‍ പോയത് മേലുദ്യോഗസ്ഥരെ അറിയിച്ചും പകരം ചുമതല നല്‍കിയുമാണെന്ന് ജാസ്മിന്‍ കോടതിയെ അറിയിച്ചു. സസ്പെന്‍ഷന്‍ അനുചിതമെന്ന് അറിയിച്ച ഹൈക്കോടതി ജാസ്മിന്‍ ബാനുവിന് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിച്ച് സ്ഥലമാറ്റത്തോടെ ജാസ്മിന്‍ ബാനുവിനെയും സുരേഷ് കുമാറിനെയും തിരിച്ചെടുത്തെങ്കിലും സംഘടന സമരം പിന്‍വലിക്കില്ലെന്ന നിലപാടെടുത്തു. രണ്ടുപേരുടെയും സ്ഥലം മാറ്റം പിന്‍വലിക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്നായിരുന്നു കെഎസ്ഇബിഒഎയുടെ തീരുമാനം.

ചെയര്‍മാന്റെയും മാനേജ്മെന്റിന്റെയും പ്രതികാര നടപടികള്‍ക്കെതിരെ വൈദ്യുതി ഭവന് മുന്‍പില്‍ യൂണിയന്‍ അനിശ്ചിതകാലം സമരം തുടങ്ങിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്നത് യൂണിയന് തിരിച്ചടിയായി. പിന്നാലെ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയോടെ സ്ഥലം മാറ്റം കിട്ടിയയിടത്ത് ജോലിക്ക് പ്രവേശിക്കാമെന്ന് യൂണിയന്‍ തീരുമാനം അറിയിച്ചു .

മുന്‍ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി ചെയര്‍മാനെതിരെ തിരിഞ്ഞെങ്കിലും അശോകിനെ ഉടനടി മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല

ഐഎഎസ് അസോസിയേഷനും മന്ത്രിയും അശോകിനെ പിന്തുണച്ചെങ്കിലും ഭരണാനുകൂല സംഘടനയുമായുള്ള തര്‍ക്കം വിമര്‍ശനത്തിനിടയാക്കി. മുന്‍ മന്ത്രി എം എം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി ചെയര്‍മാനെതിരെ തിരിഞ്ഞെങ്കിലും അശോകിനെ ഉടനടി മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍, പല തവണ യൂണിയനെ ആക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പിലും പ്രസംഗങ്ങളിലും അശോക് എടുത്ത നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ഭൂമി ഇടപാടുകള്‍ സംബന്ധിച്ചും ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരായ ചെയര്‍മാന്റെ പോസ്റ്റുകളും വിവാദമായിരുന്നു.

യൂണിയനുകളുടെ സമ്മര്‍ദമില്ലെന്ന് വൈദ്യുതി മന്ത്രി

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റിയതിന് പിന്നില്‍ യൂണിയനുകളുടെ സമ്മര്‍ദമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ബി അശോക് മികച്ച ഉദ്യോഗസ്ഥനാണെന്നും സ്ഥാനമാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു