കെഎസ്ഇബിയുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ ട്രാന്‍സ്മിഷന്‍ സര്‍ക്കിളിനു കീഴിലള്ള 15 സബ്‌സ്‌റ്റേഷനുകളിലാണ് നടപ്പാക്കിയത്. രാത്രി ഏഴിനും അര്‍ധരാത്രി ഒരുമണിക്കുമിടയിലാണ് നിയന്ത്രണം.
മണ്ണാര്‍ക്കാട്, അലനല്ലൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കൊപ്പം, ആറങ്ങോട്ടുകര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല കൊല്ലങ്ങോട് തുടങ്ങിയ സബ്‌സ്‌റ്റേഷനുകളിലാണ് ഇന്ന് രാത്രി മുതല്‍ നിയന്ത്രണം ആരംഭിച്ചത്. ഇതു സംബന്ധിച്ച് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. പരമാവധി പത്തു മിനിറ്റ് മാത്രമാണ് നിയന്ത്രണമെന്നും ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ പറഞ്ഞു.
ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ലോഡ്‌ഷെഡ്ഡിങ് ഉണ്ടാകില്ലെന്നും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമതയോടെ നടത്തുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.
രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെഎസ്ഇബി വീണ്ടും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്നലത്തെ ഉപഭോഗം റെക്കോര്‍ഡിട്ടു. പരമാവധി ഡിമാന്‍ഡ് 5854 മെഗാവാട്ടായി. ഉപഭോഗം 114.1852 ദശലക്ഷം യൂണിറ്റാണ്. ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ ബുദ്ധിമുട്ടൊഴിവാക്കി മുന്നോട്ടുപോകാമെന്ന് മന്ത്രി വ്യക്തമാക്കി.
ഇപ്പോഴത്തെ അവസ്ഥ അനിതര സാധാരണമായ ഒരു പ്രകൃതി ദുരന്തമായി കണ്ട് പ്രശ്ന പരിഹാരത്തിനായി പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. പൊതുജനങ്ങള്‍ പരമാവധി ഉപഭോഗം കുറച്ചുകൊണ്ട് പ്രത്യേകിച്ചും രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുള്ള സമയത്ത് കെഎസ്ഇബിയുമായി സഹകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സാങ്കേതിക കാരണത്താല്‍ വൈദ്യുതി മുടങ്ങുമ്പോള്‍ കെഎസ്ഇബി ഓഫീസുകളില്‍ ബഹളംമുണ്ടാക്കുന്നതും ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്നതും വൈദ്യുതിമേഖലയുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്നും മന്ത്രി പറഞ്ഞു.