കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്എച്ച്ഒ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. നേമം സ്വദേശി എല്‍. എച്ച്. യദു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായി സച്ചിന്‍, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേര്‍, എന്നിവര്‍ക്കെതിരെയാണ് പരാതി. ഏപ്രില്‍ 27 ന് കെഎസ്ആര്‍ടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തു. ഏപ്രില്‍ 27 ന് രാത്രി പത്തരയ്ക്ക് കന്റോണ്‍മെന്റ് എസ്എച്ച്ഒ ക്ക് പരാതി നല്‍കിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുന്‍ഭാഗത്തുള്ള ക്യാമറകള്‍ പരിശോധിച്ചാല്‍ നടന്നത് ബോധ്യമാവും. എന്നാല്‍ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തെന്നാണ് യദുവിന്റെ പരാതി.
കന്റോണ്‍മെന്റ് എസ്എച്ച്ഒ യെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് ഒരു ആവശ്യം. ഒന്നു മുതല്‍ അഞ്ചു വരെയുള്ള എതിര്‍കക്ഷികള്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാന്‍ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.