ശമ്പളപ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ പദവിയില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് സൂചന നല്‍കി കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ചേക്കുമെന്നാണ് സൂചന. ശമ്പള വിതരണം മുടങ്ങിയ സാഹചര്യത്തില്‍ ഹൈക്കോടതി മാനേജ്‌മെന്റിനെതിരെ നിലപാടെടുത്തിരുന്നു.
കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു. നിലവിലെ കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ അവസ്ഥ അഞ്ച് എപ്പിസോഡുകളിലായി വിശദീകരിക്കും. ആദ്യ എപ്പിസോഡ് ഇന്ന് വൈകുന്നേരം അഞ്ചിന് എഫ്ബി പേജിലൂടെ പുറത്തുവിടും.
കെഎസ്ആര്‍ടിസി സ്വിഫ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, ഖന്നാ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍, വരവ്,ചിലവ് കണക്കുകള്‍, ശമ്പളം വൈകുന്നതിന്റെ കാരണം എന്നീ വിഷയങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കും.പ്രതിമാസം 220 കോടി രൂപയിലേറെ വരുമാനം ഉണ്ടായിട്ടും എങ്ങനെയാണ് പ്രതിസന്ധിയിലാകുന്നതെന്നും ശമ്പളം വൈകുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി 11 കോടി രൂപ മാറ്റിവെക്കേണ്ടിവന്നതുകൊണ്ടാണ് ഈ മാസം ശമ്പളം മുടങ്ങിയതെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
ശമ്പളവിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണം ധനവകുപ്പാണെന്ന് നേരത്തേ തന്നെ ബിജു പ്രഭാകര്‍ ഗതാഗത മന്ത്രിയെ അറിയിച്ചിരുന്നതായാണ് വിവരം. അനുവദിച്ച പണം ധനവകുപ്പ് നല്‍കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ആന്റണി രാജുവും കുറ്റപ്പെടുത്തിയിരുന്നു.ജൂണ്‍ മാസത്തെ ശമ്പളം ഇതുവരെയും കിട്ടാതെ വന്നതോടെ വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി സമരത്തിലേക്ക് കടന്നിരുന്നു. പ്രതിഷേധം തുടരുന്നതിനിടെ ഇന്നലെ ജൂണ്‍ മാസത്തെ പകുതി ശമ്പളം വിതരണം ചെയ്തിരുന്നെങ്കിലും മുഴുവന്‍ ശമ്പളം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം
കെഎസ്ആര്‍ടിസി
'വാര്‍ത്തകളും വസ്തുതകളും'
എങ്ങനെയായിരുന്നു
കെഎസ്ആര്‍ടിസി ?
നിലവില്‍ എന്താണ് കെഎസ്ആര്‍ടിസി ?
എങ്ങനെയാകണം
കെഎസ്ആര്‍ടിസി ?
എന്നിവയെ സംബന്ധിച്ച് കേട്ടറിഞ്ഞതും, പഠിച്ചതും, തിരിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ വിശദമായി പറയേണ്ടതുണ്ട്.
ആയത് 5 എപ്പിസോഡുകളായി കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴി 15.07.2023 ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായി അഞ്ചുദിവസങ്ങളിലായി വൈകിട്ട് 6 മണിക്ക് നിങ്ങളിലേക്ക് എത്തുകയാണ്...
2023 ഏപ്രില്‍ മാസം വരെയുള്ള കെഎസ്ആര്‍ടിസിയുടെ സാമ്പത്തികസ്ഥിതിയും വരവും, ചെലവും സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായി വിവരങ്ങള്‍ അവതരിപ്പിക്കുകയാണ്.
സ്‌നേഹാദരങ്ങളോടെ
ശ്രീ ബിജുപ്രഭാകര്‍ IAS
ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ , കെഎസ്ആര്‍ടിസി
Episode -1
കെഎസ്ആര്‍ടിസിയുടെ നിലവിലെ (ഏപ്രില്‍ മാസം വരെയുള്ള) വരവ്,ചിലവ് കണക്കുകള്‍ ശമ്പളം വൈകുന്നതിന്റെ
നിജസ്ഥിതി.
Episode - 2
എന്താണ് കെഎസ്ആർടിസി സ്വിഫ്റ്റ്?
എന്തിനാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ?
സ്വിഫ്റ്റ് കെഎസ്ആര്‍ടിസി യുടെ അന്തകനാണൊ?
Episode -3
ഡിസിപി എന്തിന്?
എന്താണ് ഡിസിപിയുടെ പ്രധാന്യം ?
Episode -4
റീസ്ട്രക്ച്ചര്‍ 2.0 എന്താണ്? എന്തായിരുന്നു കെഎസ്ആര്‍ടിസി?സുശീല്‍ ഖന്നാ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ ?
Episode - 5
എന്താണ് ഫീഡര്‍ സര്‍വീസ് ?