കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തിനിടെ ഫെബ്രുവരി മാസത്തിലെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു തുടങ്ങിയത്. ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്. ജനുവരി മാസത്തിലെ സര്‍ക്കാര്‍ വിഹിതമായ 50 കോടിയിലെ 30 കോടി ഇന്നലെ രാത്രി സര്‍ക്കാര്‍ നല്‍കിയതോടെയാണ് ശമ്പള വിതരണം ആരംഭിച്ചത്.
സര്‍ക്കാര്‍ വിഹിതത്തില്‍ ജനുവരിയിലെ ബാക്കിയുള്ള 20 കോടിയും ഫെബ്രുവരിയിലെ 50 കോടിയുമടക്കം 70 കോടിയാണ് ഇനി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാനുള്ളത്. സി എം ഡിയുടെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലും സമാനമായ രീതിയില്‍ അയിരിക്കും കെഎസ്ആർടിസിയില്‍ ശമ്പള വിതരണം നടക്കുക.
അതേസമയം, ശമ്പളവിതരണം സംബന്ധിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു നാളെ സിഐടിയുവുമായി ചര്‍ച്ച നടത്തും. നാളെ രാവിലെ 11.30ന് നിയമസഭയില്‍ മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച നടക്കുക. ശമ്പളം ഗഡുക്കളായി കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളയുമെന്ന് സിഐടിയു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചത്.
ശമ്പളവിതരണം സംബന്ധിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു നാളെ സിഐടിയുവുമായി ചര്‍ച്ച നടത്തും
തൊഴിലാളികള്‍ക്ക് താത്പര്യമില്ലെങ്കിലും ശമ്പളം ഗഡുക്കളായി തന്നെ നല്‍കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. തീരുമാനത്തില്‍ തൊഴിലാളികള്‍ക്ക് എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ ശമ്പളം ഒറ്റത്തവണയായി വേണ്ടവര്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാരിന് അത്മവിശ്വസം പകരുന്ന ഘടം. സര്‍ക്കാര്‍ നിലപാടിനോട് തൊഴിലാളി സംഘടനകള്‍ക്ക് കടുത്ത വിയോജിപ്പാണുള്ളത്. നാളെ നടക്കുന്ന യോഗത്തിന് എതിര്‍പ്പ് സിഐടിയു മന്ത്രിയെ നേരിട്ട് അറിയിക്കും. ശമ്പളവിതരണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന നിലപാടിലാണ് കെഎസ്ടിഇയു.