ഡീസല്‍ ലഭ്യത കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസി. ഇന്നലെ 50 ശതമാനത്തോളം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ച കെഎസ്ആര്‍ടിസി ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. നാളെ, ഓര്‍ഡിനറി സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കും. വന്‍ തുക കുടിശികയായതോടെ, ഡീസല്‍ നല്‍കാനാവില്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. 135 കോടിയോളം രൂപയാണ് എണ്ണക്കമ്പനികള്‍ക്ക് കുടിശ്ശികയുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഡീസല്‍ ലഭ്യത കുറയുകയും ചെയ്തതിനാല്‍, മോശം കാലാവസ്ഥയില്‍ നടത്തുന്ന സര്‍വീസുകള്‍ വരുമാന നഷ്ടത്തിന് കാരണമാകുമെന്നതിനാലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം.
ഓടാത്ത ബസുകളില്‍ നിന്ന് ഡീസലെടുത്ത് മറ്റു സര്‍വീസുകള്‍ നടത്താനാണ് ഡിപ്പോകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
സംസ്ഥാനത്തെ മിക്ക ഡിപ്പോകളുടെയും അവസ്ഥ സമാനമാണ്. ഓടാത്ത ബസുകളില്‍ നിന്ന് ഡീസലെടുത്ത് മറ്റു സര്‍വീസുകള്‍ നടത്താനാണ് ഡിപ്പോകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇന്ധനക്ഷാമം രൂക്ഷമായ അവസ്ഥയിലും ദീര്‍ഘ ദൂര സര്‍വീസുകള്‍ മുടക്കരുതെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, അത് എങ്ങനെ പാലിക്കാനാകും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പല റൂട്ടുകളിലേക്കും സര്‍വീസ് നടത്തുന്നത്.
മഴ കാരണം ദിവസ വരുമാനത്തിലും ഇടിവുണ്ടായിട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ധനപ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് മാനേജ്‌മെന്റ് അറിയിക്കുന്നത്. ഡീസല്‍ സ്‌റ്റോക്ക് ചെയ്യാത്തതില്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് മുതലാണ് ഡീസല്‍ ക്ഷാമം രൂക്ഷമായത്. വ്യാഴാഴ്ചയായതോടെ ഭൂരിഭാഗം സര്‍വീസുകളും നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയിലായി. പ്രാദേശിക സര്‍വീസുകളില്‍ രാവിലെയുള്ള തിരക്ക് കഴിഞ്ഞ് മിക്ക ബസുകളും നിര്‍ത്തിയിട്ടു. കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിച്ചിരിക്കുന്ന ചില റൂട്ടുകളില്‍ രാവിലെയും വൈകീട്ടും മാത്രം സര്‍വീസ് നടത്തി. അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരിക്കുന്ന ബസില്‍ നിന്ന് ഡീസല്‍ വലിച്ചെടുത്താണ് ഈ സര്‍വീസുകള്‍ നടത്തിയത്.
കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
അതേസമയം, കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. അതിന്റെ സൂചനയായാണ് ഓര്‍ഡിനറി സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. കെഎസ്ആര്‍ടിസി മരണത്തിലേക്ക് അടുക്കുകയാണ്. ലാഭത്തിലുള്ള സര്‍വീസുകള്‍ സ്വിഫ്റ്റിലാക്കിയപ്പോള്‍ നഷ്ടം അഞ്ചിരട്ടിയായി ഉയര്‍ന്നു. ഇത് തീവ്രവലതുപക്ഷ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.