KERALA

കെഎസ്ആര്‍ടിസി: സിഎംഡിയുടെ വെളിപ്പെടുത്തലില്‍ പോര് കനക്കുന്നു, നയങ്ങളോട് വിയോജിപ്പെന്ന് യൂണിയനുകള്‍

ഏത് ട്രേഡ് യൂണിയനുകളായാലും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാസവരി പിരിക്കേണ്ട അവകാശം ട്രേഡ് യൂണിയനുകള്‍ക്കുണ്ടെന്നും അത് പിരിക്കുക തന്നെ ചെയ്യുമെന്നും സിഐടിയു ജനറല്‍ സെക്രട്ടറി

ദ ഫോർത്ത് - തിരുവനന്തപുരം

കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ആഴം തുറന്നുകാട്ടി സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ച ചെയർമാൻ കം മാനേജിങ് ഡയറക്ടറും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകറിന് എതിരെ തൊഴിലാളി സംഘടനകള്‍. തൊഴിലാളികളില്‍ നിന്നുള്ള യൂണിയനുകളുടെ പണപ്പിരിവിനെപ്പറ്റി പരാമര്‍ശിച്ചതാണ് വിവിധ യൂണിയനുകളെ ചൊടിപ്പിച്ചത്. ഒരു വിഭാഗം ജീവനക്കാര്‍ കൃത്യമായ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ബിജു പ്രഭാകറിന്റെ ആരോപണം.

എന്നാല്‍, മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ സംബന്ധിച്ച് യൂണിയനുകളുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെന്നാണ് ഭരണാനുകൂല സംഘടനയുടെ ഉള്‍പ്പെടെ നിലപാട്. ധനവകുപ്പ് ഇന്നേവരെ 9000 കോടി രൂപ നല്‍കി കെഎസ്ആര്‍ടിസിയെ സഹായിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ കാരണമാണ് ഈ മാസം ശമ്പളം വൈകുന്നതെന്നുമാണ് സിഐടിയു പിന്തുണയുള്ള കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി എസ് വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏത് ട്രേഡ് യൂണിയനുകളായാലും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാസവരി പിരിക്കേണ്ട അവകാശം ട്രേഡ് യൂണിയനുകള്‍ക്കുണ്ട്. അത് എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള അവകാശവും അവര്‍ക്കുണ്ട്. അത് പിരിക്കുക തന്നെ ചെയ്യുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എസ് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. എംഡിയെ നിശ്ചയിക്കുന്നത് ഒരുകാലത്തും ട്രേഡ് യൂണിയനുകളല്ലെന്നും എന്നാല്‍ എംഡിയുടെ നയങ്ങളുമായി വിയോജിപ്പുണ്ടെന്നും വിനോദ് വ്യക്തമാക്കി.

കെഎസ്ആര്‍ടിസി പൂട്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം
വിഡി സതീശന്‍

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ യൂണിയനുകളും സിഎംഡി ബിജു പ്രഭാകറും പരസ്യപ്പോര് തുടരുന്നതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെഎസ്ആര്‍ടിസി പൂട്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായാണ് മറ്റൊരു സ്ഥാപനം തുടങ്ങിയതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

പെന്‍ഷനും ആവശ്യസഹായങ്ങളും നല്‍കാതെ കെഎസ്ആര്‍ടിസിയെ മനപൂര്‍വം ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനിടെ 2 ലക്ഷം കോടി രൂപ ചെലവില്‍ സില്‍വര്‍ലൈന്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഈ ശ്രീധരന്‍ കൊടുത്ത ഒരു പേപ്പറിന്റെ പേരിലാണ് ഇപ്പോള്‍ ഈ ചര്‍ച്ച നടക്കുന്നതെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

പൊതുമേഖലാ സ്ഥാപനം പൂട്ടിച്ച് സ്ഥിരം തൊഴിലാളികളെ ഇല്ലാതാക്കി താത്കാലിക ജീവനക്കാരെ വെച്ചുകൊണ്ടാണ് സ്വിഫ്റ്റ് ആരംഭിച്ചത്. കെഎസ്ആര്‍ടിസിയുടെ ലാഭമുള്ള സര്‍വീസുകലെല്ലാം സ്വിഫ്റ്റിന് കൈമാറിയെന്നും നിലവില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് സര്‍ക്കാരാണ് ഒന്നാം പ്രതിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ പര്യാപ്തമല്ലെന്നും കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പലതവണ നിയമസഭയില്‍ ഉന്നയിച്ചിരുന്നുവെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നല്ല രീതിയില്‍ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല
സിഎംഡി ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഫെയ്‌സ്ബുക്കിലൂടെ ജനങ്ങളെ അറിയിക്കാനാണ് സിഎംഡി ബിജു പ്രഭാകറിന്റെ നീക്കം. സിഎംഡി നല്ല രീതിയില്‍ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാല്‍ സ്ഥാപനത്തെയും എംഡിയെയും തകര്‍ക്കാനാണ് ശ്രമമെന്ന് ഇന്നലെ ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം പറഞ്ഞിരുന്നു.

പൈസ കയ്യില്‍ വച്ചിട്ട് ശമ്പളം നല്‍കാത്തതല്ലെന്ന് കണക്കുകള്‍ നിരത്തിയാണ് ബിജു പ്രഭാകര്‍ വ്യക്തമാക്കിയത്. 200 കോടിരൂപ പ്രതിമാസ വരുമാനമുണ്ടെങ്കില്‍ 100 കോടിരൂപ ഡീസലിനും, 30 കോടിരൂപ ബാങ്കുകളിലെ ലോണ്‍ തിരിച്ചടവിനുമായി നല്‍കണം. 5 കോടിരൂപ ബാറ്റയ്ക്കും 25 കോടിരൂപ സ്‌പെയര്‍പാട്‌സിനും മറ്റു ചെലവുകള്‍ക്കുമായി വേണ്ടിവരും. 40 കോടിരൂപയാണ് പിന്നെ ശേഷിക്കുന്നത്. ശമ്പളം കൊടുക്കാന്‍ പ്രതിമാസം 91.92 കോടിരൂപ വേണം. സര്‍ക്കാര്‍ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാന്‍ കഴിയൂവെന്ന് ബിജു പ്രഭാകര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ