കെഎസ്ആര്‍ടിസി പ്രതിസന്ധി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയമെന്ന് തൊഴിലാളി സംഘടനകള്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളകുടിശ്ശിക മുഴുവന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് ടിഡിഎഫ് അറിയിച്ചു. രണ്ട് മാസത്തെ ശമ്പള കുടിശ്ശിക നാളെ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. രണ്ടുമാസത്തിലേറെ ശമ്പളം മുടങ്ങിയിട്ടും പ്രതിസന്ധിയുണ്ടാക്കാതെയും സമരം നടത്താതെയും ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശമ്പളകാര്യത്തില്‍ വളരെ പെട്ടന്ന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടുവെന്ന് ടിഡിഎഫ്.
ഓണം അഡ്വാന്‍സ് നല്‍കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അതും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്
ഓണം അഡ്വാന്‍സ് നല്‍കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അതും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളവും ബോണസും നല്‍കുമ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാത്രം അത് കൊടുക്കാതിരിക്കുന്നത് അനീതിയാണ്. ഗവണ്‍മെന്റ് ഇക്കാര്യം പരിശോധിച്ച് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിഡിഎഫ്. ചര്‍ച്ച പൂര്‍ണ വിജയമാണെന്നും ശമ്പളക്കാര്യത്തില്‍ പ്രതീക്ഷയും മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും നേതാക്കള്‍ .
സിംഗിള്‍ ഡ്യൂട്ടിയുമായുള്ള വിയോജിപ്പ്
എന്നാല്‍ സിംഗിള്‍ ഡ്യൂട്ടിയുമായുള്ള വിയോജിപ്പ് മൂന്നാം തവണയും അറിയിച്ചിട്ടുണ്ടെന്ന് ടിഡിഎഫ്. 12 മണിക്കൂര്‍ സിംഗില്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നും 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കുന്നുവെന്നുമാണ് ടിഡിഎഫ് വ്യക്തമാക്കിയത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി തൊഴിലാളികളുടെ കാര്യക്ഷമതയെയും ആരോഗ്യത്തെയും ബാധിക്കുമെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പോലും പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യമാണെന്നും നേതാക്കള്‍ പ്രതികരിച്ചു.ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ടിഡിഎഫ്.