ഹര്‍ത്താല്‍ ദിവസം കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് ഹൈക്കോടതി. ഷെഡ്യൂള്‍ മുടങ്ങിയതും പരുക്കേറ്റ ജീവനക്കാരുടെ ചികിത്സ ചെലവുള്‍പ്പെടെയുള്ള കണക്കുകളും അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹെൽമറ്റ് വെച്ച് ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ അവസ്ഥ ദുഃഖകരമെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ആഭ്യന്തര സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോർട്ട് തേടി.
ചീഫ് സെക്രട്ടറിയോടും ആഭ്യന്തര സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോർട്ട് തേടി
കഴിഞ്ഞ ദിവസം പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അരങ്ങേറിയത്. വിവിധ ജില്ലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകൾ ആക്രമിക്കപ്പെട്ടു. ജീവനക്കാര്‍ക്കും പരുക്കേറ്റു. ഹെല്‍മെറ്റ് വെച്ച് ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സമരാനുകൂലികള്‍ പലയിടങ്ങളിലും ഒളിച്ചിരുന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ലക്ഷ്യം വെച്ച് കല്ലെറിയുകയായിരുന്നു.
ബസുക്കള്‍ പുതുക്കുന്നതുവരെ നിരവധി ഷെഡ്യൂളുകള്‍ മുടങ്ങുമെന്നും ഇത് നഷ്ടക്കണക്ക് കൂട്ടുമെന്നും കോടതി നിരീക്ഷിച്ചു.
അക്രമത്തില്‍ 71 ബസുകള്‍ തകര്‍ന്നതായി കെഎസ്ആര്‍ടിസി അറിയിച്ചു. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഹര്‍ത്താല്‍ ദിവസം പല സ്ഥലങ്ങളിലും പോലീസ് സംരക്ഷണത്തിലാണ് ബസുകള്‍ ഓടിയത്. പിന്നീട് ആക്രമണം വ്യാപകമായതോടെ പലയിടത്തും സര്‍വീസുകൾ നിര്‍ത്തിവെക്കുകയും ചെയ്തു. 50 ലക്ഷത്തിന്റെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് പ്രാഥമികമായ കണക്കാക്കിയിരിക്കുന്നത്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‌റെ ബെഞ്ചാണ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. 70 ബസുകള്‍ തകര്‍ത്തെന്നും 50 ലക്ഷം രൂപ നഷ്ടമുണ്ടായെന്നുമാണ് കെഎസ് ആര്‍ടിസി വ്യക്തമാക്കിയത്. എന്നാല്‍ ഇത് യഥാര്‍ത്ഥ കണക്കല്ലെന്ന് കോടതി പറഞ്ഞു. ബസുക്കള്‍ പുതുക്കുന്നതുവരെ നിരവധി ഷെഡ്യൂളുകള്‍ മുടങ്ങുമെന്നും ഇത് നഷ്ടക്കണക്ക് കൂട്ടുമെന്നും കോടതി നിരീക്ഷിച്ചു.
അത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന നിരവധി ജീവനക്കാര്‍ക്കാണ് പരുക്കേറ്റത്. ഹെല്‍മറ്റ് ധരിച്ച് ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുന്ന ചിത്രം വേദനാജനകമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇത്തരം അതിക്രമങ്ങള്‍ എന്നന്നേക്കുമായി ഒഴിവാക്കേണ്ടതാണെന്നും അത് സാധ്യമാകണമെങ്കില്‍ ഹര്‍ത്താല്‍ നടത്തിയവർക്കെതിരെയും ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ശക്തമായ നടപടി സർക്കാർ കൈക്കൊള്ളണമെന്നും ഇതുസംബന്ധിച്ച് റിപ്പോർട്ട് ചീഫ്സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.