KERALA

'കിട്ടിയ അവസരത്തില്‍ പണി തന്നതാര്'; എംഎസ്എഫ് മുന്നണി വിട്ടകാര്യം അറിയില്ലെന്ന് കെഎസ്‌യു, പുകഞ്ഞ് യുഡിഎസ്എഫ്

മുന്നണിക്കകത്ത് ചതിയും വോട്ട് ചോർച്ചയുമുണ്ടെന്ന ആരോപണം തെറ്റാണെന്നും കെഎസ്‌യു

മാളവിക എസ്

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ വിദ്യാര്‍ഥി മുന്നണിയില്‍ അതൃപ്തി പരസ്യമാകുന്നു. കെഎസ്‌യുവിനെ കടന്നാക്രമിച്ച് എംഎസ്എഫ് നേതാക്കളാണ് ആദ്യം വെടിപൊട്ടിച്ചത്. മുന്നണിയുടെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കെഎസ്‍യുവിനാണെന്നായിരുന്നു എംഎസ്എഫ് നേതാക്കളുടെ നിലപാട്. സ്വന്തം വോട്ട് പോലും സംരക്ഷിക്കാന്‍ കെഎസ്‌യുവിന് കഴിയുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ യുഡിഎഫ്എസ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രാജിവയ്ക്കുകയും ചെയ്തു. മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന് അറിയിച്ചുകൊണ്ട് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് എംഎസ്എഫ് കത്ത് കൈമാറി എന്നായിരുന്നു ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍.

സ്വന്തം വോട്ട് പോലും സംരക്ഷിക്കാന്‍ കെഎസ്‌യുവിന് കഴിയുന്നില്ല

എന്നാല്‍, മുന്നണി വിടാന്‍ എംഎസ്എഫ് എടുത്ത തീരുമാനത്തെ കുറിച്ച് അറിയില്ലെന്നാണ് കെഎസ്‌യു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുന്നണിക്കകത്ത് ചതിയും വോട്ട് ചോര്‍ച്ചയും ഉണ്ടെന്ന ആരോപണം തെറ്റാണെന്നും കെഎസ്‌യു വ്യക്തമാക്കുന്നു. മുന്നണി ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചെന്ന വിവരം മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. എംഎസ്എഫിന്റെ നിലപാട് വ്യക്തമായ ശേഷം കെഎസ്‌യുവിന്റെ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎസ്എഫ് വിടുന്ന തലത്തിലേക്ക് എംഎസ്എഫ് തീരുമാനം എടുക്കുകയാണെങ്കില്‍ കെഎസ്‌യു അതിനെ സ്വാഗതം ചെയ്യും. കോളേജ് യൂണിറ്റ് തലത്തില്‍ കെഎസ്‌യു- എംഎസ്എഫ് എന്ന രീതിയില്‍ സൗഹാര്‍ദപരമായ മത്സരത്തിനും കെഎസ്‌യു തയ്യാറാണ്. യുഡിഎസ്എഫ് ആയി തന്നെ മുന്നോട്ട് പോകാനാണ് താല്‍പര്യമെങ്കില്‍ തുടര്‍ന്നും സഹകരിക്കും- അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കുന്നു.

എംഎസ്എഫിന്റെ രണ്ടാമത്തെ സ്ഥാനാര്‍ഥിക്കാണ് വോട്ട് അല്‍പം കുറഞ്ഞത്. അതിനുപിന്നില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാകാം.
അലോഷ്യസ് സേവ്യര്‍

കെഎസ്‌യു വോട്ടുകള്‍ മറിച്ചു എന്ന ആരോപണം തെറ്റാണെന്നും അലോഷ്യസ് സേവ്യര്‍ ചൂണ്ടിക്കാട്ടുന്നു. മുന്നണിക്കുണ്ടായ വോട്ടുകളെല്ലാം കെഎസ്‌യുവിനും എംഎസ്എഫിന്റെ ഒരു സ്ഥാനാര്‍ഥിക്കും ലഭിച്ചിട്ടുണ്ട്. എംഎസ്എഫിന്റെ രണ്ടാമത്തെ സ്ഥാനാര്‍ഥിക്കാണ് വോട്ട് അല്‍പം കുറഞ്ഞത്. അത് പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ കാരണമായിരിക്കാം. അതിനെപ്പറ്റി വ്യക്തമായി അറിയില്ലെന്നും അലോഷ്യസ് സേവ്യര്‍ പറയുന്നു.

കെഎസ്‌യുവിന്റെ സംഘടനാതലത്തിലെ പരാജയം മുന്നണിക്ക് തിരിച്ചടിയായി
പി കെ നവാസ്

എന്നാല്‍, തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് എംഎസ്എഫിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വ്യക്തമാക്കുകയാണ് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മുഹമ്മദ് ഷമ്മാസിന്റെ പ്രതികരണം. 'കിട്ടിയ അവസരത്തില്‍ പണി തരാന്‍ പറ്റുന്നവര്‍ ആരുടെ തറവാട്ടിലാണ് ഉള്ളതെന്ന് ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും. തോറ്റത് സ്ഥാനാര്‍ഥികള്‍ മാത്രമല്ല നയിച്ചവര്‍ ആണെന്ന് അടക്കം പറഞ്ഞ് ചിരി കടിച്ചമര്‍ത്തിയവര്‍ എവിടെയാണുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ' എന്നും ഷമ്മാസ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, കെഎസ്‌യുവിന്റെ സംഘടനാതലത്തിലെ പരാജയമാണ് മുന്നണിക്ക് തിരിച്ചടിയായതെന്നാണ് എംഎസ്എഫ് ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. രാജി വാര്‍ത്ത സ്ഥിരീകരിച്ച് ദ ഫോര്‍ത്തിനോട് പ്രതികരിക്കെവെയാണ് എംഎസ്എഫ് നേതാവ് പി കെ നവാസ് ഇക്കാര്യം പറഞ്ഞത്. ജില്ലാ തലത്തില്‍ ഉള്‍പ്പെടെ കെഎസ്‌യുവിന്റെ സംഘടനാ സംവിധാനം തീര്‍ത്തും ദുര്‍ബലമായിരുന്നു. ഈ സാഹചര്യം മുന്നണിക്ക് അനുകൂലമായി പോള്‍ ചെയ്യപ്പെടേണ്ട വോട്ടുകള്‍ എസ്എഫ്‌ഐക്ക് ലഭിക്കുന്ന നിലയുണ്ടാക്കിയെന്നും പി കെ നവാസ് പറയുന്നു. കണ്‍വീനര്‍ സ്ഥാനം രാജിവച്ചതായി അറിയിച്ച് യുഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയെന്നും പി കെ നവാസ് വ്യക്തമാക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, വനിതാ വൈസ് ചെയര്‍പേഴ്സണ്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ അഞ്ചുസീറ്റിലും എസ്എഫ്‌ഐ വിജയം കൈവരിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ