പ്രസംഗത്തിന്റെ സമയ പരിധി മറികടന്നാല്‍ മൈക്ക് ഓഫ് ചെയ്യുന്നത് നിയമസഭയില്‍ പതിവെന്ന് കെടി ജലീല്‍ എംഎല്‍എ. നിയമസഭയില്‍ സ്പീക്കര്‍ എഎന്‍ ഷംസീറും കെടി ജലീല്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം എന്ന നിലയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കെ ടി ജലീല്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്. എംജി യൂണിവേഴ്സിറ്റിയിലെ നിയമനവുമായി ബന്ധപ്പെട്ട് ജലീല്‍ പ്രസംഗം തുടരുന്നതിനിടെ ആയിരുന്നു സമയ പരിധി ചൂണ്ടിക്കാട്ടി സ്പീക്കര്‍ എഎന്‍ ഷംസീര്‍ മൈക്ക് തോമസ് കെ തോമസിന് നല്‍കിയത്.
വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് കെ ടി ജലീലിന്റെ നിലപാട്
ഇക്കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് കെ ടി ജലീലിന്റെ നിലപാട്. 5 മിനിറ്റാണ് പ്രസംഗത്തിന് ഓരോരുത്തര്‍ക്കും അനുവദിച്ചത്. തന്റെ പ്രസംഗം പക്ഷേ ഏതാണ്ട് 15 മിനുട്ടായി. അപ്പോഴാണ് നിവൃത്തിയില്ലാതെ സ്പീക്കര്‍ മൈക്ക് ഓഫാക്കി അടുത്തയാളെ വിളിച്ചത്. അങ്ങിനെ ചെയ്തില്ലെങ്കില്‍ സഭ നിയന്ത്രിക്കുന്നതില്‍ ചെയറിന് ബുദ്ധിമുട്ട് ഭാവിയില്‍ നേരിടേണ്ടി വരും. എനിക്ക് കൂടുതല്‍ സമയം നല്‍കിയെന്ന പഴിയും കേള്‍ക്കേണ്ടി വരും. ഇത് സാധാരണ സഭയില്‍ നടക്കാറുള്ള കാര്യമാണ്. കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തില്‍ വലിയ പ്രാധാന്യം നല്‍കിയ മാധ്യമ സുഹൃത്തുക്കള്‍ക്ക് നന്ദി അറിയിക്കുന്നു എന്ന പരിഹാസവും അദ്ദേഹം പ്രസംഗത്തിന്റെ വീഡിയോ സഹിതം ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടുന്നു.
കെ ടി ജലീലിന്റെ പോസ്റ്റ് പൂര്‍ണ രൂപം.
നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. 5 മിനിറ്റാണ് പ്രസംഗത്തിന് ഓരോരുത്തര്‍ക്കും അനുവദിച്ചത്. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞ് വന്നപ്പോള്‍ ഏതാണ്ട് 15 മിനുട്ടായി. അപ്പോഴാണ് നിവൃത്തിയില്ലാതെ സ്പീക്കര്‍ മൈക്ക് ഓഫാക്കി അടുത്തയാളെ വിളിച്ചത്. അങ്ങിനെ ചെയ്തില്ലെങ്കില്‍ സഭ നിയന്ത്രിക്കുന്നതില്‍ ചെയറിന് ബുദ്ധിമുട്ട് ഭാവിയില്‍ നേരിടേണ്ടി വരും. എനിക്ക് കൂടുതല്‍ സമയം നല്‍കിയെന്ന പഴിയും കേള്‍ക്കേണ്ടി വരും. പറയാനുള്ളത് പറയുക എന്നത് അംഗത്തിന്റെ ഉത്തരവാദിത്തമാണ്. അനുവദിച്ച സമയത്തിന്റെ രണ്ടിലൊന്ന് കൂടിയപ്പോള്‍ മൈക്ക് ഓഫാക്കല്‍ സ്പീക്കറുടെ ചുമതലയാണ്. ഇത് സാധാരണ സഭയില്‍ നടക്കാറുള്ള കാര്യമാണ്. അത് ആനക്കാര്യമായി അവതരിപ്പിച്ച് എന്റെ പ്രസംഗത്തിന് പ്രചാരം നല്‍കിയ മാധ്യമ സുഹൃത്തുക്കള്‍ക്ക് പ്രത്യേകം നന്ദി. പ്രസംഗം സശ്രദ്ധം കേട്ടാലും.
അതേസമയം, ഒരു അണ്ടര്‍സ്റ്റാന്റിങ്ങുമായി പോകുമ്പോള്‍ ചെയറുമായി സഹകരിക്കാത്തത് നല്ലതല്ലെന്ന പരാമര്‍ശത്തോടെയായിരുന്നു സ്പീക്കര്‍ കെ ടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്തത്. ഒറ്റയാളല്ലേയുള്ളുവെന്ന് ജലീല്‍ പറഞ്ഞെങ്കിലും സ്പീക്കര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. സര്‍വകലാശാല നിമയങ്ങളുടെ ഭേദഗതി സംബന്ധിച്ച് പൊതുജനാഭിപ്രായം നേടുന്നതിനായി സര്‍ക്കുലേറ്റ് ചെയ്യുന്ന സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കെ ടി ജലീല്‍.