KERALA

കെടിയു വി സി നിയമനം; സർക്കാർ നിയമപോരാട്ടത്തിന്, ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും

വിധി പകർപ്പ് ലഭിച്ചശേഷം ഇതുസംബന്ധിച്ച് നിയമോപദേശം തേടും

വെബ് ഡെസ്ക്

കെടിയു താത്ക്കാലിക വി സിയായി ഡോ. സിസ തോമസിനെ തുടരാൻ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. വിധി പകർപ്പ് ലഭിച്ചശേഷം ഇതുസംബന്ധിച്ച് നിയമോപദേശം തേടും. സിസ തോമസിന്റെ നിയമനം യുജിസി ചട്ടങ്ങൾ ലംഘിച്ചെന്ന വാദത്തിൽ സർക്കാർ ഉറച്ച് നിൽക്കും.

ഡോ. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കെടിയു താല്‍ക്കാലിക വി സിയായി സിസ തോമസിന് തുടരാമെന്നും കോടതി നിർദേശിക്കുകയായിരുന്നു. ഡോ. സിസ തോമസിന്റെ യോഗ്യതയില്‍ തർക്കമില്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ കെടിയുവില്‍ സ്ഥിരം വി സി നിയമനം ഉടൻ നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.

എപിജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ സര്‍വകലാശാല (കേരള സാങ്കേതിക സര്‍വകലാശാല -കെടിയു) വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പറഞ്ഞത്. ഡോ. സിസ തോമസിനെ സര്‍വകലാശാല ചട്ടം ലംഘിച്ച് സര്‍ക്കാറിന്റെ ശുപാര്‍ശ ഇല്ലാതെ തന്നെ ചാന്‍സലര്‍ ഏകപക്ഷീയമായി നിയമിച്ചെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

വി സിയുടെ താല്‍ക്കാലിക ചുമതല ഡോ. സിസ തോമസിന് നല്‍കിയത് യുജിസിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും ചാന്‍സലറെന്ന നിലയില്‍ താനെടുത്ത തീരുമാനം സര്‍ക്കാറിന് ചോദ്യം ചെയ്യാനാവില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പ്രധാനമായും ഉന്നയിച്ച വാദം. എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇതില്‍ ചാന്‍സലര്‍ക്ക് തീരുമാനമെടുക്കാനാവൂവെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഡിജിറ്റല്‍ സര്‍വകലാശാല വി സി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ പേരുകള്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെങ്കിലും രണ്ടും ഗവര്‍ണര്‍ തള്ളിയാണ് സിസ തോമസിനെ നിയമിച്ചത്. സര്‍ക്കാറിന്റെ ശുപാര്‍ശ മറികടന്ന് ചാന്‍സലര്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കുകയായിരുന്നു. ഡോ. സിസ സീനിയോറിറ്റിയില്‍ പത്താം സ്ഥാനത്താണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഡിജിറ്റല്‍ സര്‍വകലാശാല വി സിയുടെ നിയമനവും സംശയത്തിന്റെ നിഴലിലായതിനാലാണ് ചുമതല നല്‍കാതിരുന്നതെന്നായിരുന്നു ചാന്‍സലറുടെ വാദം. സീനിയോറിറ്റി അനുസരിച്ച് നാലാം സ്ഥാനത്തുള്ള ഡോ. സിസ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനാലാണ് സദുദ്ദേശ്യത്തോടെ ഇവര്‍ക്ക് പരിഗണന നല്‍കിയത്. താല്‍ക്കാലിക നിയമനത്തിന് സീനിയോറിറ്റി നോക്കേണ്ടതില്ലെന്നും വ്യക്തമാക്കി. തനിക്ക് യോഗ്യതയില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും എയ്ഡഡ് കോളജ് അധ്യാപകനായിരുന്നയാളാണ് പ്രോ വി സിയായി ഇരിക്കുന്നതെന്നും ഡോ. സിസ തോമസും കോടതിയെ അറിയിച്ചിരുന്നു. വി സിയുടെ താല്‍ക്കാലിക ചുമതല നല്‍കാനാണെങ്കിലും യോഗ്യത പരിഗണിക്കണമെന്ന വാദമാണ് യുജിസി ഉന്നയിച്ചത്. പത്തു വര്‍ഷം പ്രഫസറായിരിക്കണമെന്ന വ്യവസ്ഥ ഇതിലും ബാധകമാണന്നും യുജിസി വ്യക്തമാക്കിയിരുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ