സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ ചാന്‍സലര്‍ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് കേസില്‍ വിധി പറയുക. കെടിയു വിസി നിയമനം സദുദ്ദേശത്തോടെയാണ് എന്നും യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചെന്നും ഇന്നലെ ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ചാന്‍സലര്‍ക്ക് സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ എന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.
കെടിയുവില്‍ യോഗ്യതയുളള പ്രൊഫസര്‍മാര്‍ ഉണ്ടായിരുന്നില്ല. പത്ത് വര്‍ഷം അധ്യാപന പരിചയം വേണമെന്നാണ് നിയമം. സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകരുതെന്ന ഉദ്ദേശം കൂടി താത്ക്കാലിക നിയമനത്തിന് ഉണ്ടായിരുന്നു. സീനിയോറിറ്റി അനുസരിച്ച് നാലാമതായിരുന്നു സിസ തോമസ് എന്നുമാണ് ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്.
നിയമനത്തിന് സീനിയോറിറ്റിയല്ല പരിഗണനാ മാനദണ്ഡമെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരന്നു. ചാന്‍സലര്‍ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ കൂടിയായതിനാല്‍ എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ഗവര്‍ണര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഗവര്‍ണര്‍ക്കെതിരെയുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നും ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജി ഗവര്‍ണര്‍ക്കെതിരെയല്ല ചാന്‍സലര്‍ക്കെതിരെയാണെന്നായിരുന്നു കോടതി സ്വീകരിച്ച നിലപാട്.
എന്നാല്‍, വൈസ് ചാന്‍സലറുടെ അഭാവത്തില്‍ മറ്റേതെങ്കിലും സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കോ പ്രോ വൈസ് ചാന്‍സലര്‍ക്കോ ചുമതല നല്‍കുകയാണ് പതിവെന്നായിരുന്നു സര്‍ക്കാര്‍ വാദം. സീനിയോറിറ്റിയില്‍ സിസ തോമസിന് പത്താം സ്ഥാനമാണ് ഉള്ളത്. ചാന്‍സലര്‍ ഒരു തരത്തിലുള്ള ആശയ വിനിമയവും നടത്താതെയാണ് നിയമനം നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശകള്‍ തളളിയതിന്റെ കാരണം പോലും അറിയിച്ചിരുന്നില്ല. പിന്നീട് പേരുകള്‍ നിര്‍ദേശിക്കാന്‍ ഒരവസരവും തന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രോ വിസിയുടെ യോഗ്യതയെന്താണെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
സര്‍വകലാശാല വിസിമാര്‍ക്ക് പ്രൊഫസറെന്ന നിലയില്‍ പത്ത് വര്‍ഷത്തെ അധ്യാപന പരിചയം വേണമെന്നത് നിര്‍ബന്ധമാണ്. അത് താത്ക്കാലിക വിസിക്കും വേണമെന്നും യുജിസി വ്യക്തമാക്കി. യുജിസിയുടെ വിശദീകരണം രേഖാമൂലം സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.