ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളില്‍ ഉയര്‍ത്താന്‍ ദേശീയ പതാകകള്‍ തുന്നി കുടുംബശ്രീ. 50 ലക്ഷം പതാകകളാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കുടുംബശ്രീ തുന്നിയ പതാകകള്‍ പാറിപ്പറക്കും. കുടുംബശ്രീക്കു കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങളാണ് പതാക തയ്യാറാക്കുന്നത്.
ഏഴു വ്യത്യസ്ത അളവുകളില്‍ ഫ്‌ളാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണു വില.
കര്‍ണാടക ഹൂബ്ലിയിലെ ബങ്കേരിയിലുള്ള കര്‍ണാടക ഖാദി ഗ്രാമോദയ സംയുക്ത സംഘത്തിന് മാത്രമായിരുന്നു ദേശീയ പതാക നിര്‍മിക്കാനും വിതരണം ചെയ്യാനും അധികാരമുണ്ടായിരുന്നത്. എന്നാല്‍, സ്വാതന്ത്ര്യത്തിന്റ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്, എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പതാകാ കോഡില്‍ മാറ്റം വരുത്തിയിരുന്നു. അതോടെയാണ് സംസ്ഥാനത്ത് പതാക നിര്‍മിക്കാനുള്ള അവസരം കുടുംബശ്രീക്കു ലഭിച്ചത്. ഏഴു വ്യത്യസ്ത അളവുകളില്‍ ഫ്‌ളാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണു വില.
സ്‌കൂളുകള്‍ക്ക് ആവശ്യമായ പതാകകളുടെ എണ്ണം സ്‌കൂള്‍ അധികൃതരും, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിക്കുന്നതനുസരിച്ച് ജില്ലാ കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിലാണു പതാക നിര്‍മാണം. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. ആവശ്യകതയനുസരിച്ച് പ്രതിദിനം മൂന്നു ലക്ഷം പതാകകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ത്തന്നെ പതാകകള്‍ സ്‌കൂളുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കും. ജില്ലകളിലെ കുടുംബശ്രീ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളാകും.
ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും. ദേശീയ പതാകയ്ക്ക് ആദരവു നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്കു ദേശീയ പതാകയോടു വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിനു പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണു 'ഹര്‍ ഘര്‍ തിരംഗ' രാജ്യവ്യാപകമായി ആചരിക്കുന്നത്.