KERALA

'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ'; എൻഐടി പ്രൊഫസർക്കെതിരെ കലാപാഹ്വാനത്തിന് കേസ്

വെബ് ഡെസ്ക്

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിനെതിരെ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കേസെടുത്ത് കുന്ദമംഗലം പോലീസ്. കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച ഫേസ്ബുക്ക് പോസ്റ്റിന് ചുവടെയായി പോസ്റ്റ് ചെയ്ത കമന്റാണ് കേസിന് ആധാരം. പരാമര്‍ശം മനപ്പൂര്‍വം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണെന്ന് ചൂണ്ടിക്കാട്ടി ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെയില്‍ അഭിമാനിക്കുന്നു'വെന്ന മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം അധ്യാപികയായ ഷൈജ ആണ്ടവന്റെ പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐ കുന്ദമംഗലം ഏരിയ സെക്രട്ടറി അശ്വിന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാഷ്ട്രപിതാവിന്റെ വധത്തെ ന്യായീകരിക്കുകയും, ഘാതകനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ച അധ്യാപികയുടെ നടപടി രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെ മുറിപ്പെടുത്തുന്നതാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് എസ്എഫ്‌ഐ പരാതിയില്‍ ആവശ്യപ്പെട്ടത്.

അതേസമയം വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്‌യുവും, എംഎസ്എഫും യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും അധ്യാപികയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. അധ്യാപികയുടെ ഗോഡ്സെയെ പ്രകീര്‍ത്തിക്കുന്ന കമന്റ് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്കിടയില്‍ കലാപാഹ്വാനം നടത്തുന്നതിനും വേണ്ടി മനഃപൂര്‍വ്വം നടത്തിയ ശ്രമമാണെന്നാണ് എംഎസ്എഫ് പരാതിയില്‍ പറയുന്നത്.

അധ്യാപികയുടെ പ്രവൃത്തി രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയും വിഭാഗീയതയുമുണ്ടാക്കുന്ന തരത്തിലുള്ളതാണെന്നും കെ എസ് യു പരാതിയില്‍ പറയുന്നു. നിരവധി തവണ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോലീസ് കേസ് നേരിടുന്ന അഡ്വ. കൃഷ്ണരാജിനും ഷൈജ ആണ്ടവനുമെതിരെ നടപടി സ്വീകരിക്കണമെന്ന് കെ എസ് യു ആവശ്യപ്പെടുന്നു.

കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൃഷ്ണരാജിന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. 'ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ, ഭാരത്തത്തിലെ ഒരുപാടുപേരുടെ ഹീറോ' എന്ന കുറിപ്പോടെ ഗോഡ്സെയുടെ ചിത്രം ജനുവരി 30 ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് താഴെയാണ് 'ഇന്ത്യയെ രക്ഷിച്ച ഗോഡ്സെ അഭിമാനമാണ്' എന്ന് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും