കേരള ഹൈക്കോടതി 
KERALA

കേരളത്തില്‍ കൗമാര ഗര്‍ഭധാരണം കൂടുന്നു; ലൈംഗിക വിദ്യാഭ്യാസം ഫലപ്രദമോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി

വെബ് ഡെസ്ക്

സംസ്ഥാനത്ത് കൗമാര ഗര്‍ഭധാരണം വര്‍ധിക്കുന്നത് ആശങ്കാജനകമെന്ന് ഹൈക്കോടതി. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും പോണുകളുടെ എളുപ്പത്തിലുള്ള ലഭ്യതയുമാകാം ഇതിന് കാരണമെന്നും കോടതി നിരീക്ഷിച്ചു.13 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം അനുവദിച്ച്, ജസ്റ്റിസ് വി ജി ആരുണിന്റെ ബെഞ്ചാണ് ശ്രദ്ധേയ നിരീക്ഷണം നടത്തിയത്.

ഇന്റര്‍നെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും ശരിയായ ഉപയോഗം കുട്ടികളെ ശീലിപ്പിക്കേണ്ടത് അത്യാവശ്യമെന്ന് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗര്‍ഭിണികളാകുന്നത് വര്‍ധിക്കുന്നുവെന്ന് പറഞ്ഞ കോടതി, മിക്ക കേസുകളിലും പ്രതികള്‍ അടുത്ത ബന്ധുക്കള്‍ തന്നെയാണെന്നും നിരീക്ഷിച്ചു. സ്‌കൂളുകളില്‍ നല്‍കുന്ന ലൈംഗിക വിദ്യാഭ്യാസം ഫലപ്രദമാണോ എന്ന് അധികൃതര്‍ പുനരവലോകനം നടത്തേണ്ട സമയമാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റ് വഴി അശ്ലീല ഉള്ളടക്കം സുലഭമായ ലഭ്യമാകുന്നത് കൗമാരക്കാരെ തെറ്റിദ്ധരിപ്പിക്കുകയും അവര്‍ക്ക് തെറ്റായ ആശയങ്ങള്‍ നല്‍കുകയും ചെയ്യും. ഇന്റര്‍നെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും ശരിയായ ഉപയോഗം കുട്ടികളെ ശീലിപ്പിക്കേണ്ടത് അത്യാവശ്യമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

മുപ്പത് ആഴ്ച ഗര്‍ഭിണിയായ 13 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അമ്മ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് മാസം ആര്‍ത്തവം മുടങ്ങുകയും കടുത്ത വയറുവേദന അനുഭവിക്കുകയും ചെയ്തപ്പോള്‍ ഡോക്ടറെ കണ്ടതോടെയാണ് ഗര്‍ഭണിയാണെന്ന കാര്യം പെണ്‍കുട്ടിയും കുടുംബവും അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുമ്പോഴും ഇരയ്ക്ക് അനുകൂലമായി നിലപാടെടുക്കുകയാണെന്ന് കോടതി വ്യക്തമാക്കി

പെണ്‍കുട്ടിയുടെ മാനസികാരോഗ്യവും ശാരീരിക ബുദ്ധിമുട്ടുകളും പരിഗണിച്ച കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുകയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുമ്പോഴും ഇരയ്ക്ക് അനുകൂലമായി നിലപാടെടുക്കുകയാണെന്ന് കോടതി വ്യക്തമാക്കി. നടപടികള്‍ക്കായി ഉടന്‍ മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. കുഞ്ഞിനെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കില്‍ മികച്ച പരിചരണം ഉറപ്പാക്കണമെന്നും, അമ്മ ഏറ്റെടുത്തില്ലെങ്കില്‍ സർക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും