കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗങ്ങള്‍ അനധികൃതമായി ലക്ഷങ്ങള്‍ യാത്രപ്പടി വാങ്ങിയെന്ന് വിജിലൻസിൽ പരാതി. ആലത്തൂര്‍ മുന്‍ എംപിയും സിപിഎം നേതാവുമായ പി കെ ബിജു ഉള്‍പ്പെടെ ലക്ഷങ്ങള്‍ ഈ ഇനത്തില്‍ കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയില്‍ കമ്മിറ്റിയാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. സാങ്കേതിക സർവകലാശാലയിൽ 2021 മുതൽ സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രപടി, സിറ്റിംഗ് ഫീ തുടങ്ങിയ ഇനത്തിൽ കൈപ്പറ്റിയ തുക സംബന്ധിച്ച് അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയില്‍ നൽകിയ മറുപടിയിലാണ് ലക്ഷങ്ങളുടെ കണക്ക് പുറത്തുവന്നത്.
കേരളത്തിലെ മറ്റ് സർവ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തുക ടിഎ സിറ്റിങ് ഫീ, ഇൻസ്പെക്ഷൻ ഫീ എന്നീ ഇനത്തിൽ കൈപ്പറ്റുന്നത് കെടിയുവിലെ സിൻഡിക്കേറ്റ് അംഗങ്ങളാണെന്ന് പരാതി
പി കെ ബിജുവാണ് ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയിരിക്കുന്നത്. 12,20,898 രൂപയാണ് പി കെ ബിജു യൂണിവേഴ്‌സിറ്റിയിൽ നിന്ന് എഴുതി വാങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്ത് താമസമാക്കിയ പി കെ ബിജു, തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരം വരെയുള്ള യാത്രപ്പടിയാണ് യൂണിവേഴ്സിറ്റിയില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നത് . എന്നാല്‍, ബിജുവിനെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവിലും, യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലും, നിയമസഭയിൽ നൽകിയ മറുപടിയിലും കോട്ടയം ജില്ലയിലുള്ള മേൽവിലാസമാണ് നൽകിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
യുണിവേഴ്‌സിറ്റിയുടെ സിൻഡിക്കേറ്റ് മീറ്റിങിനുള്ള ഓരോ യാത്രക്കും സിറ്റിങ് ഫീസിനു പുറമെ പതിനായിരത്തിലധികം രൂപയാണ് സിൻഡിക്കേറ്റ് അംഗങ്ങള്‍ യാത്രപ്പടിയായി വാങ്ങുന്നതെന്നാണ് ആരോപണം. പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ജീവ് 10,88,777 രൂപയും, തിരുവനന്തപുരം കാട്ടാക്കട സ്വദേശി അഡ്വ. സാജു 10,84,610 രൂപയുമാണ് കൈപ്പറ്റിയത്. പ്രതിമാസം ലഭിക്കുന്ന അസോസിയേറ്റ് പ്രൊഫസ്സര്‍ ശമ്പളത്തിന് പുറമെയാണ് ഡോ. സഞ്ജീവ് ഈ തുക പറ്റിയിട്ടുള്ളത്. കാട്ടാക്കട സ്വദേശി അഡ്വ: സാജു വിന് യാത്രപ്പടി കുറവായതുകൊണ്ട് ഏറ്റവും കൂടുതൽ കോളേജുകളിൽ പരിശോധന നടത്തിയതായി കാണിച്ചാണ് 10 ലക്ഷത്തിൽ കൂടുതൽ തുക കൈപ്പറ്റിയതെന്നും എസ് യു സി സി നൽകിയ പരാതിയിൽ പറയുന്നു.
കേരളത്തിലെ മറ്റ് സർവ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തുക ടിഎ സിറ്റിങ് ഫീ, ഇൻസ്പെക്ഷൻ ഫീ എന്നീ ഇനത്തിൽ കൈപ്പറ്റുന്നത് കെടിയുവിലെ സിൻഡിക്കേറ്റ് അംഗങ്ങളാണെന്നും പരാതിയിൽ പറയുന്നുണ്ട്. കോളേജ് പരിശോധനയ്ക്ക് ചുമതലപെടുത്തുന്ന കേരള, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ 750 രൂപ കൈപ്പറ്റുമ്പോൾ കെടിയു സിൻഡിക്കേറ്റ് അംഗങ്ങൾ 5000 രൂപ യാണ് ഒരു കോളേജ് ഇൻസ്പെക്ഷന് കൈപ്പറ്റുന്നതെന്നും വിജിലൻസ് പരാതിയിൽ പറയുന്നു.
ചട്ടവിരുദ്ധമായി, തൃശ്ശൂരിൽ നിന്നും സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തതായി സ്വയം രേഖപെടുത്തിയാണ് പി കെ ബിജു യാത്രപ്പടി കൈപറ്റിയതെന്നും വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. വിഷയത്തില്‍ പ്രതികരണത്തിനായി പികെ ബിജുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളിൽ നിന്നും വിഭിന്നമായി കെടിയു സിൻഡിക്കേറ്റ് അംഗങ്ങൾ നിരന്തരം കൈപ്പറ്റുന്ന അനധികൃത ടിഎ, സിറ്റിംഗ് ഫീ, ഓണറേറിയം ഇനത്തിലുള്ള ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സമിതി നിവേദനം നൽകിയിട്ടുണ്ട്.