കേരള ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. ഏകകണ്ഠേനയാണ് ബിൽ പാസായത്. ഭൂമിയുടെ വിനിയോഗം കൃഷിക്കും വീടിനും മാത്രം എന്നത് തിരുത്തിയതാണ് പ്രധാന ഭേദഗതി. പതിച്ചുകൊടുത്ത ഭൂമിയിലെ നിലവിലെ നിർമാണങ്ങൾ ക്രമവത്ക്കരിക്കാനുള്ള അധികാരം സർക്കാരിനാകും.
1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യു ഭൂമി പതിച്ചുനൽകുന്നതിനായി കാെണ്ടുവന്നതാണ് ഭൂപതിവ് നിയമം. പുതിയ ഭേദഗതിയിലൂടെ ഭൂമിയുടെ വിനിയോഗം കൃഷിക്കും വീടിനും മാത്രം എന്നത് തിരുത്തി.
പട്ടയ ഭൂമിയിലെ ക്രമവിരുദ്ധ നിർമിതകൾ ക്രമവത്ക്കരിക്കുന്നതിന്നും കാർഷികേതര പ്രവർത്തനങ്ങൾക്ക് സർക്കാരിന് അധികാരം നൽകുന്നതുമാണ് ഭേദഗതി. പട്ടയ ഭൂമിയിലെ റിസോർട്ട് നിർമാണം, പാർട്ടി ഓഫീസ് നിർമാണം, വാണിജ്യ മന്ദിരങ്ങൾ എല്ലാത്തിനും ആനുകൂല്യം ലഭിക്കും.
നിയമത്തിന്റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാകും സാധുത ലഭിക്കുക. ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയാൽ ദുരുപയോഗിക്കപ്പെടും എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും നിർമാണം ക്രമവൽക്കരിക്കാനുള്ള ഫീസിന്റെ കാര്യത്തിൽ സർക്കാർ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവും ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ നിയമസഭയിൽ അഭിപ്രായപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരെ കയറൂരി വിടില്ലെന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.
എന്തൊക്കെ കാര്യങ്ങളിൽ ഇളവാകാമെന്ന് ചട്ടം രൂപീകരിക്കുമ്പോഴാണ് തീരുമാനിക്കുകയുള്ള എന്നും റവന്യൂ മന്ത്രി സഭയെ അറിയിച്ചു. ഭൂപതിവ് നിയമ ഭേദഗതിയിലൂടെ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാനാകും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ.