ദിവസങ്ങളായി തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് അടക്കം അതീവജാഗ്രത മുന്നറിയിപ്പിലായിരുന്നു വയനാട് ജില്ല. എന്നാല്‍, അര്‍ധരാത്രിക്കു ശേഷം കുറ്റാകൂരിരുട്ടില്‍ ഒരു വന്‍മല ഒഴുകിയെത്തുമെന്ന് കരുതിയിരുന്നില്ല മുണ്ടക്കൈ, വെള്ളരിമല, ചൂരല്‍മല നിവാസികള്‍. രണ്ടുതവണയാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് ലഭിക്കുന്നവിവരം.
രാത്രി ഒന്നരയ്ക്കു ശേഷമായിരുന്നു ഉരുള്‍പൊട്ടിയത്. വന്‍പാറകളും ചെളിക്കൂമ്പാരവും മരങ്ങളുമായി മലവെള്ളപ്പാച്ചില്‍ എത്രപേരുടെ ജീവന്‍കവര്‍ന്നെന്ന് ഇപ്പോഴും വ്യക്തതയില്ല. വന്‍ദുരന്തമുണ്ടായ ഇടങ്ങളില്‍ എന്‍ഡിആര്‍എഫ് അടക്കം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും സാധിക്കുന്നില്ല എന്നതാണ് വലിയ പ്രതിസന്ധി.
മുണ്ടക്കൈയില്‍ പതിനൊന്ന് മണിക്കൂറായി ചെളിയില്‍ പുതഞ്ഞ ഒരുജീവന്‍ രക്ഷക്കായി നിലവിളിക്കാന്‍ തുടങ്ങിയിട്ട്. ചൂരല്‍മലയില്‍ പാലം തകര്‍ന്നതോടെ ദുരന്തമേഖലയിലേക്ക് ആര്‍ക്കും എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. മുണ്ടക്കൈയില്‍ അകപ്പെട്ട ചിലര്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇന്നലെ ഉണ്ടായിരുന്ന ചെറിയപുഴ അഞ്ചിരട്ടിയോളം വലുപ്പത്തില്‍ കുത്തിയൊലിക്കുകയാണെന്ന് ഷാജി എന്ന നാട്ടുകാരന്‍ പറയുന്നു.
ഹാരിസണിന്റെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ ഒന്നുപോലും കാണാന്‍പോലുമില്ലെന്നാണ് ഷാജി പറയുന്നത്. നിരവധിപേരാണ് മണ്ണിനടിയില്‍ അകപ്പെട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.
ഉരുള്‍പൊട്ടലിന്റെ വന്‍ആഘാതമേറ്റ മുണ്ടക്കൈ പൂര്‍ണമായും ഒഴുകിപ്പോയെന്നാണ് ലഭിക്കുന്നവിവരം. കിലോമീറ്ററുകള്‍ അകലെ ചാലിയാറില്‍നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുന്നത്. മേപ്പാടി ആശുപത്രി അടക്കം നാലിടങ്ങളിലാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ആശുപത്രിയില്‍ ഇരുപത്തിയഞ്ചിലധികം മൃതദേഹങ്ങള്‍ നിരത്തികിടത്തിയിരിക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് പുറത്തുവരുന്നത്. ആരാണ് മരിച്ചതെന്ന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്.
കുഞ്ഞുങ്ങള്‍ അടക്കം നിരവധിപേരെ കാണാനില്ലെന്ന സ്ത്രീകളുടെ നിലവിളിയാണ് ചൂരല്‍മല അങ്ങാടിയില്‍ നിന്നുയരുന്നത്. കനത്തമഴ തുടരുന്നതിനാല്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവും അസാധ്യമായിരിക്കുകയാണ്. മുണ്ടക്കൈയില്‍ മസ്ജിദും ഉസ്താദ് അടക്കം ചിലരും ഒഴുകിയപ്പോയെന്നും വിവരമുണ്ട്. ദുരന്തം നടന്ന് പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്കു പകുതി സ്ഥലങ്ങളില്‍ പോലും എത്താന്‍ സാധിച്ചിട്ടില്ലെന്നത് ഈ ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രമെന്ന് വ്യക്തമാക്കുന്നതാണ്.
മുണ്ടക്കൈ ഭാഗം പൂർണമായും തകർന്നിരിക്കുകയാണെന്ന് പ്രദേശവാസിയായ ജിതിക പറഞ്ഞു. "മുൻപിൽ കാണുന്നത് മരുഭൂമി പോലെയാണ്. നൂറോളം പേർ ഒരു ബസ് സ്റ്റാൻഡിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. എന്നാൽ പുറകിൽ മലകളാണ്. ഏതു നിമിഷവും എന്തും സംഭവിക്കാം. വീടുകൾക്കുള്ളിൽ ധാരാളം പേർ കുടുങ്ങിക്കിടപ്പുണ്ട്. അവർക്ക് ജീവനുണ്ടോ എന്നറിയില്ല. അവരെ രക്ഷിക്കാൻ ആവാത്ത നിസഹാവസ്ഥയിലാണ്. രാത്രി ഒരുമണി മുതൽ രക്ഷക്കായി പലരെയും വിളിച്ച് കൊണ്ടിരിക്കുകയാണ്," ജിതിക പറഞ്ഞു.
മുണ്ടക്കൈ ഭാഗത്തുണ്ടായത് വൻ ദുരന്തമെന്ന് മുണ്ടക്കൈ പഞ്ചായത്ത് മെമ്പർ രാഘവൻ പറഞ്ഞു. മുണ്ടക്കൈയും ചൂരൽമലയും അടങ്ങുന്ന വലിയ ഒരു പ്രദേശം പാടെ തുടച്ചുനീക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകൾ ചളിയിൽ പുതഞ്ഞുകിടക്കുന്നുവെന്നും തങ്ങൾ ഒന്നും ചെയ്യാൻ സാധിക്കാതെ നിസഹായരായി നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയപാറകളും ചെളിക്കൂമ്പാരവും നിറഞ്ഞതാണ് ദുരന്തമേഖല. എത്രപേര്‍ ഇതിനടിയില്‍ ഉണ്ടെന്നതിനും വ്യക്തതയില്ല. ഉറ്റവരെ തേടി നിലവിളികളോടെ അലയുന്ന നിരവധിപേരെയാണ ചൂരല്‍മലയിലും മേപ്പാടിയിലും ദൃശ്യമാകുന്നത്. അരികില്‍ വലിയമലയോ കുന്നുകളോ ഇല്ലാത്തതിനാല്‍ ചൂരല്‍മല നിവാസികള്‍ ഒരു ഉരുള്‍പൊട്ടലിന്റെ സാധ്യത ഒരിക്കലും ആലോചിച്ചിരുന്നില്ല. എന്നാല്‍, കിലോമീറ്ററുകള്‍ അകലെയുള്ള മുണ്ടക്കൈ അപ്പാടെ ഒഴുകി എത്തിയാണ് നിരവധിപേരുടെ ജീവനുകള്‍ കവര്‍ന്നത്.
കൂരിരിട്ടായതിനാല്‍ അപകടത്തിന്റെ വ്യാപ്തി മനസിലായിരുന്നില്ല നാട്ടുകാര്‍ക്ക്. പലരും നേരംപുലര്‍ന്നതോടെയാണ് അല്‍പദൂരത്തില്‍ ഇന്നലെ രാത്രി കണ്ട വീടുകള്‍ക്ക് പകരം മണ്‍കൂനകളും പാറക്കെട്ടുകകളും കണ്ടത്. ഇപ്പോഴും പലയിടങ്ങൡ വിനോദസഞ്ചാരികളും തൊഴിലാളികളും അടക്കം നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.