കാനം രാജേന്ദ്രന്‍ 
KERALA

വിഴിഞ്ഞം; സിപിഐ പിന്തുണ തേടി ലത്തീന്‍ അതിരൂപത, കാനവുമായി കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നായിരുന്നു വിഷയത്തില്‍ കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട്

വെബ് ഡെസ്ക്

വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരത്തിന് സിപിഐയുടെ പിന്തുണ തേടി ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീര ശോഷണത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ തൊഴിലാളികള്‍ നടത്തുന്ന സമരം 50 ദിവസം പിന്നിടുമ്പോഴാണ് സമര സമതി സര്‍ക്കാറിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ പിന്തുണ തേടുന്നത്. തിരുവനന്തപുരത്തെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എന്‍ സ്മാരകത്തിലെത്തിയ സമര സമിത നേതാക്കള്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടികാഴ്ച്ച നടത്തി.

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്താമെന്ന് കാനം രാജേന്ദ്രന്‍ അറിയച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതു വരെ നടത്തിയ ചര്‍ച്ചകളിലൊന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമായിട്ടില്ല. എടുത്ത തീരുമാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും പേരേര ആരോപിച്ചു.

വിഴിഞ്ഞം സമരത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നായിരുന്നു വിഷയത്തില്‍ കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടെന്നാണ് റിപ്പോട്ട്. സമര സമിതി അവരുടെ കാര്യങ്ങള്‍ പറഞ്ഞു, ആവശ്യങ്ങള്‍ മുഴുവന്‍ കേട്ടു, വാഗ്ദാനങ്ങള്‍ പാലിക്കേണ്ടത് സര്‍ക്കാരാണ് എന്നും ലത്തീന്‍ സഭ പ്രതിനിധികളുമായുളള ചര്‍ച്ചക്ക് ശേഷം കാനം വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം സമരം പരിഹാരമാവാതെ തുടരുമ്പോള്‍ വിഷയത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണ് ലത്തീന്‍ സഭ. ‍ മുന്നണി നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതും ഇക്കാര്യമാണെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും കൂടികാഴ്ച്ച നടത്തിയിരുന്നു.

അതിനിടെ, വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആലപ്പുഴ കൊച്ചി സഭകളുടെ പിന്തുണയോടെ ഇന്ന് കൊച്ചിയില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. കേരള കത്തോലിക്ക ബിഷപ്സ് കോണ്‍ഫറന്‍സിന്റെയും വിവിധ മത്സ്യത്തൊഴിലാളികളും സാമൂഹിക പാരിസ്ഥിതിക സംഘടനകളുടേയും സഹകരണത്തോടെ കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ്, കോസ്ററല്‍ ഏരിയ ഡെവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ എന്നിവയും സംയുക്തമായി മൂലമ്പള്ളിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് പ്രചരണ ജാഥയും മാര്‍ച്ചും പൊതു സമ്മേളനവും സെപ്തംബര്‍ 14 മുതല്‍ 18 വരെ സംഘടിപ്പിക്കും എന്നും സഭ അറിയിച്ചു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്