KERALA

തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല, പക്ഷേ എഡിജിപിയെ മാറ്റില്ല; സഖ്യകക്ഷികളെ തള്ളി നിലപാട് വ്യക്തമാക്കി എല്‍ഡിഎഫ്

വെബ് ഡെസ്ക്

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വരുത്തവച്ച വിവാദങ്ങള്‍ക്കും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കുമിടയിലും തന്റെ വിശ്വസ്തനായ എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ എഡിജിപിയെ മാറ്റിനിര്‍ത്തണമെന്ന കടുത്ത നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് മാറ്റാന്‍ തയാറായില്ല.

എഡിജിപിയെ ഉടന്‍ മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിനെതിരേ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇടതുമുന്നണി യോഗത്തിനു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

''അന്വേഷണം തീരും വരെ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഒരാള്‍ മറ്റൊരാളെ കാണുന്നതില്‍ എന്താണ് തെറ്റ്. ആരെങ്കിലും നിങ്ങളെ സന്ദര്‍ശിക്കാന്‍ വന്നാല്‍ നിങ്ങള്‍ കാണാതെയിരിക്കുമോ? ഇക്കാര്യത്തില്‍ അന്വേഷണം നടക്കട്ടെ. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടല്ല എല്‍ഡിഎഫിന്റെയും സര്‍ക്കാരിന്റെയും. ആരോപണം ശരിയാണെങ്കില്‍ ഉറപ്പായും നടപടിയുണ്ടാകും''- ടിപി വ്യക്തമാക്കി.

ബിജെപിയുടെ മുതിര്‍ന്ന നേതാവും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറിനെ സന്ദര്‍ശിച്ചതിന്റെ പേരിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇപി ജയരാജനെ മാറ്റിയത് എന്ന പ്രചാരണം തെറ്റാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ജയരാജന് മാറ്റിയത് സംഘടനാപരമായ തീരുമാനമാണെന്നും പാര്‍ട്ടിയംഗമെന്ന നിലയില്‍ ഒരാള്‍ എന്തു ചുമതലയാണ് ചെയ്യേണ്ടതെന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും നാളെ തന്നെയും മാറ്റിയേക്കാമെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കര്‍ എഎം ഷംസീറിന്റെ നിലപാടിനെയും ടിപി തള്ളിക്കളഞ്ഞു. ''സ്പീക്കര്‍ എന്നത് സ്വതന്ത്ര പദവിയാണെന്നും അദ്ദേഹം എന്തു പറയണം എന്തു പറയണ്ട എന്നു തീരുമാനിക്കുന്നത് അദ്ദേഹമാണെന്നും എന്നാല്‍ പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനവും പ്രസ്താവനയും ശരിയല്ല''-ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗൗരവതരമാണെന്നും ഫോണ്‍ ചോര്‍ത്തല്‍ ആര് ചെയ്താലും തെറ്റാണെന്നും ടിപി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പങ്കിനെക്കുറിച്ച് അന്‍വര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും അന്‍വറിന് തന്റെ ആരോപണത്തെക്കുറിച്ച് ശരിയായ തെളിവുണ്ടെങ്കില്‍ രേഖാമൂലം പരാതിപ്പെടാമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

''അന്‍വറിന്റെ പരാതിയില്‍ ശശിയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. ഇനി ശശിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ രേഖാമൂലം ഉന്നയിക്കട്ടെ. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുകയാണോ വേണ്ടത്. അത് ശരിയായ നടപടിയല്ല. പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞു. അത് അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞു. കൂടുതല്‍ പരാതിയുണ്ടെങ്കില്‍ അന്‍വര്‍ രേഖാ മൂലം പറയട്ടെ. അന്‍വര്‍ സിപിഎം അംഗമല്ല, എല്‍ഡിഎഫ് എംഎല്‍എ മാത്രമമാണ്'' -ടിപി വ്യക്തമാക്കി.

അതേസമയം എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തില്‍ ശക്തമായ നിലപാടാണ് ഇടതുമുന്നണി യോഗത്തില്‍ മറ്റുപാര്‍ട്ടികള്‍ സ്വീകരിച്ചത്. എഡിജിപിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നു സിപിഐ തറപ്പിച്ചു പറഞ്ഞു. സിപിഐയും ആര്‍ജെഡിയുമാണ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇത് മുഖ്യമന്ത്രി തള്ളുകയായിരുന്നു. അന്വേഷണത്തിന്റെ പരിധിയില്‍ കൂടിക്കാഴ്ചയും കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞതായി ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും