ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധം. ലക്ഷം പേരെ അണിനിരത്തിയുള്ള മാര്‍ച്ചിനുശേഷം രാജ് ഭവന് മുന്നില്‍ പ്രതിഷേധക്കൂട്ടായ്മ ആരംഭിച്ചു. സമരം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയ ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ ഹാനികരമായ സാഹചര്യമാണുള്ളത്. ഗവർണർ ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്നു. കേരളത്തിൽ മാത്രമല്ല ഇത്തരം സാഹചര്യമുള്ളത്. തമിഴ്നാട്, തെലങ്കാന, ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സമാന സാഹചര്യമാണുള്ളത്. കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്നവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്നവരായി ഗവർണർമാർ മാറുന്നു. ബിജെപി-ആര്‍എസ്എസ് അജണ്ടയാണ് വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത്. മതനിരപേക്ഷ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കുകയാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ചും പ്രതിഷേധവും. രാജ്‌ഭവന് മുന്നിലേക്കുള്ള പ്രതിഷേധ മാർച്ച് മ്യൂസിയം പോലീസ് സ്‌റ്റേഷന് മുന്നിൽനിന്ന് ആരംഭിച്ചു. വിദ്യാഭ്യാസ വിദഗ്ധര്‍, പണ്ഡിതര്‍, അധ്യാപകര്‍, രാഷ്ട്രീയ– സാമൂഹ്യ–സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് മാർച്ചിൽ അണിചേർന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ഗവര്‍ണറിന്റെ നീക്കത്തോടാണ് പ്രതിഷേധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനപരമായും നിയമപരമായും ഗവര്‍ണര്‍ നിലപാട് എടുക്കുന്നില്ല. രാജ്ഭവന്‍ മാര്‍ച്ച് ശക്തമായ ജനകീയ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ കോടതിയാകേണ്ട എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.