ധനമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ്. ഗവർണറുടെ നടപടി ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു. പ്രായാധിക്യത്തിന്റെ മാനസിക പ്രശ്നമാണ് ഗവർണർക്കെന്ന് തോമസ് ഐസകും ആഞ്ഞടിച്ചു. ജനാധിപത്യത്തെ തള്ളി സ്വയം രാജാവാകാൻ ഗവർണർ ശ്രമിക്കേണ്ടെന്നായിരുന്നു എൽജെഡി അധ്യക്ഷൻ എം വി ശ്രേയാംസ് കുമാറിന്റെ പ്രതികരണം. എന്നാൽ കരുതലോടെയായിരുന്നു വിഷയത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പ്രതികരണം. മറുപടി മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ ധനമന്ത്രി അതിരൂക്ഷ വിമർശനങ്ങൾക്ക് തുനിഞ്ഞില്ല.
ഗവർണർ ഭരണഘടനയെ വെല്ലിവിളിക്കുന്നെന്ന് കാനം
ഗവർണർക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ കുറ്റപ്പെടുത്തൽ. മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്ക് ഇല്ല. കത്തയയ്ക്കാൻ പോസ്റ്റ് ഓഫീസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം. സഭയുടെ നാഥൻ മുഖ്യമന്ത്രിയാണ്. ഗവർണർ പറഞ്ഞാൽ ആര് കേൾക്കാനെന്നും, മന്ത്രിയെ പുറത്താക്കിയാൽ അന്നേരം കാണാമെന്നും കാനം പറഞ്ഞു. ജനാധിപത്യത്തെയല്ല, ഗവർണർ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണെെന്നും കാനം കുറ്റപ്പെടുത്തി.
നാട് ഭരിക്കുന്നത് 'നോമിനേറ്റഡ്' ഗവർണറല്ലെന്ന് ഐസക്
ഗവർണർക്ക് പ്രായാധിക്യത്തിന്റെ മാനസിക പ്രശ്നമെന്നായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം. ഗവർണർക്ക് മന്ത്രിയെ നീക്കാനുള്ള അധികാരമില്ല. ജനങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് നാട് ഭരിക്കേണ്ടത്, നോമിനേറ്റ് ചെയ്യപ്പെട്ട ഗവർണറല്ല. അത് ഭരണഘടനയിൽ വ്യക്തമാണ്. അദ്ദേഹം കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ യഥാർത്ഥത്തിൽ നാട്ടിൽ അരാജകത്വം ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും തോമസ് ഐസക് പറഞ്ഞു.
രാഷ്ട്രീയപരമായി കൃത്യമായ നിലപാടുള്ള ആളാണ് ഗവർണർ. ഗവർണറുടെ രാഷ്ട്രീയം ഗവർണർ പറയുമ്പോൾ മന്ത്രിമാർ മറുപടി പറയും. അപ്പോൾ പിരിച്ചുവിട്ടുകളയുമെന്നാണെങ്കിൽ സർക്കാരിനെ പിരിച്ചുവിടണമല്ലോ. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ മറന്നുകൊണ്ടാണ് ഗവർണറുടെ പ്രവർത്തനമെന്നും ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ മാത്രമേ ഇതെല്ലാം നടക്കുകയുള്ളൂവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. ഗവർണറുടെ തീരുമാനത്തിന് കേരളം പുല്ലു വില പോലും നൽകാൻ പോകുന്നില്ലെന്ന് ഉറപ്പാണെന്നും തോമസ് ഐസക് പറഞ്ഞു.
ഗവര്‍ണര്‍ പറയുന്നത് പോലെയൊന്നും ധനമന്ത്രി അഭിപ്രായപ്പെട്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. ധനമന്ത്രി സംസാരിച്ചത് മുഴുവന്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ചാണെന്നും അതിനെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് അവകാശമില്ലേയെന്നും മന്ത്രി ചോദിച്ചു. മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അതിനെതിരെ എന്ത് തീരുമാനം എടുക്കണമെന്ന് മന്ത്രിസഭ കൂടി തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയും ഗവര്‍ണറും സുപ്രധാന ഭരണഘടനാ പദവികളിലുള്ളവരാണ് അതു കൊണ്ടു തന്നെ ഭരണഘടനാപരമായ വിഷയമാണിതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കും ജനത്തിനും എല്ലാം മനസ്സിലാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
സ്വയം രാജാവാകാൻ ഗവർണർ ശ്രമിക്കേണ്ടെന്ന് എൽജെഡി
ജനാധിപത്യത്തെ തള്ളി സ്വയം രാജാവാകാൻ ഗവർണർ ശ്രമിക്കേണ്ടെന്ന് എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ പറഞ്ഞു. പ്ലെഷർ എന്നത് ഗവർണറുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമനുസരിച്ച് വ്യാഖ്യാനിക്കാനുള്ളതല്ല. മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവർണർക്ക് സ്വന്തമായി അധികാരമില്ല. ജനാധിപത്യ സംവിധാനത്തിലെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും അനുസരിച്ച് മാത്രമേ ഗവർണർക്കും പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്നും ശ്രേയാംസ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.