KERALA

സഭാ തർക്കത്തിന് നിയമനിർമാണത്തിലൂടെ പരിഹാരം, എതിർപ്പുമായി ഓർത്തഡോക്സ് സഭ, വിധി അട്ടിമറിക്കരുതെന്ന് ആവശ്യം

കെ ആർ ധന്യ

പതിറ്റാണ്ടുകളായി തുടരുന്ന സഭാ തര്‍ക്കത്തിന് നിയമ നിര്‍മാണത്തിലൂടെ പരിഹാരം ഉണ്ടാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമവും എളുപ്പം വിജയിക്കില്ലെന്ന് സൂചന. സുപ്രീംകോടതി വിധി പ്രകാരം ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കുകയും യാക്കോബായ സഭയ്ക്ക് ആരാധാനാ സ്വാതന്ത്ര്യം നല്‍കിയുമുള്ള നിയമനിർമാണത്തിനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭ എതിര്‍പ്പുമായി രംഗത്തെത്തി.

സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നീക്കത്തിനെതിരായ എതിര്‍പ്പിന്റെ ഭാഗമായി തിങ്കളാഴ്ച സഭയിലെ വൈദികരും മെത്രാപ്പോലീത്തമാരും തിരുവനന്തപുരത്ത് ഏകദിന ഉപവാസം അനുഷ്ഠിക്കും. അതേസമയം, ആരാധാനാ സ്വാതന്ത്ര്യം തിരിച്ചുകിട്ടുന്നതില്‍ സന്തുഷ്ടരാണ് യാക്കോബായ സഭ.

മുൻപും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമനിര്‍മാണ സാധ്യത പരിഗണിച്ചിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം വലിയ എതിര്‍പ്പുന്നയിച്ചതിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ഓരോ പള്ളിക്ക് കീഴിലും ഇരുവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ആരാധന നടത്താം എന്ന് ബില്ലില്‍ വിശദമാക്കുന്നു

നിയമവകുപ്പാണ് തര്‍ക്കം പരിഹരിക്കുന്നതിന് കരടുബില്‍ തയ്യാറാക്കിയത്. വിശ്വാസപ്രശ്‌നം പലപ്പോഴും സംഘര്‍ഷാവസ്ഥയിലേക്കും ക്രമസമാധാനപ്രശ്‌നമായും മാറുന്നതിനാല്‍ അതിന് ഒരവസാനം കുറിക്കുന്നതിനായാണ് കരട് ബില്‍ തയ്യാറാക്കിയത്. ആരാധനാ സ്വാതന്ത്ര്യവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കിയാണ് നിയമം കൊണ്ടുവരുന്നത്. ഓരോ പള്ളിക്ക് കീഴിലും ഇരുവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ആരാധന നടത്താം എന്ന് ബില്ലില്‍ വിശദമാക്കുന്നു. ഇരു വിഭാഗങ്ങളില്‍ ആര്‍ക്കാണ് ഭൂരിപക്ഷം എന്നത് വിഷയമാകില്ല. ഇതില്‍ തര്‍ക്കമുണ്ടായാല്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങുന്ന സമിതി രൂപവത്ക്കരിക്കും. ഇവരുടെ തീരുമാനത്തില്‍ തര്‍ക്കമുണ്ടായാല്‍ 30 ദിവസത്തിനകം സര്‍ക്കാരിന് അപ്പീല്‍ നല്‍കാം. സുപ്രീംകോടതി വിധി മറികടക്കാതെ പരമാവധി രമ്യതയില്‍ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്.

എന്നാല്‍, സഭാ തര്‍ക്ക പരിഹാരത്തിന് നിയമ നിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കടുത്ത പ്രതിഷേധമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. നിയമനിര്‍മാണ നീക്കത്തിനെതിരെ വരുന്ന ഞായറാഴ്ച എല്ലാ ഇടവക പള്ളികളിലും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സഭ. തിങ്കളാഴ്ച സഭയിലെ വൈദികരും മെത്രാപ്പോലീത്തമാരും തിരുവനന്തപുരത്ത് ഏകദിന ഉപവാസം അനുഷ്ഠിച്ചും പ്രതിഷേധം രേഖപ്പെടുത്താന്‍ കോട്ടയത്ത് ചേര്‍ന്ന സഭ സുന്നഹദോസിന്റെയും പ്രവര്‍ത്തക സമിതിയുടേയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാര്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണോ ഇപ്പോള്‍ നടത്തുന്നതെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു.

എന്നാല്‍, സര്‍ക്കാര്‍ നീക്കം ആശ്വാസമായിരിക്കുകയാണ് യാക്കോബായ സഭയ്ക്ക്. പള്ളികളിലുള്ള അധികാരവും ആരാധനാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ട സഭ തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം അനുവദിച്ച് കിട്ടുന്നതിനായി കാലങ്ങളായി നിയമപോരാട്ടത്തിലാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്ല നീക്കമാണ് നടത്തിയിരിക്കുന്നതെന്ന് സഭാ സെക്രട്ടറി ഫാ.സ്ലീബാ വട്ടവേലില്‍ പറഞ്ഞു. സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു എന്ന ഓര്‍ത്തഡോക്‌സ് സഭയുടെ വാദം ശരിയല്ല. കോടതി ഉത്തരവില്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പരിഹാരമാകുമോ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം?

'അമ്മയെ ഞങ്ങള്‍ മറന്നാലും... അന്ത്യോഖ്യായെ മറക്കില്ല, ഓമല്ലൂരെ കബറിങ്ങല്‍... ഞങ്ങടെ ബാവായാണെങ്കില്‍ ആ കബറാണെ കട്ടായം... അന്ത്യോഖ്യായെ മറക്കില്ല...' മധ്യ തിരുവിതാംകൂറിലെ പള്ളികളില്‍ വര്‍ഷങ്ങളായി ഇടവേളകളില്‍ ഉയര്‍ന്ന് കേട്ട, ഇപ്പോഴും കേള്‍ക്കുന്ന യാക്കോബായ വിശ്വാസികളുടെ മുദ്രാവാക്യം. എന്നാല്‍, ഈ മുദ്രാവാക്യം വിളികള്‍ക്കും പിടിവലികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി. ഇതോടെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള മലങ്കര സഭാ തര്‍ക്കം അവസാനിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ചപോലെ നടപടികള്‍ നീങ്ങിയില്ല. തര്‍ക്കങ്ങളും സംര്‍ഷങ്ങളും ഇന്നും തുടര്‍ക്കഥയാണ്. അന്തോഖ്യ പാത്രിയാര്‍ക്കിസുമാരും മലങ്കര മെത്രാപ്പോലീത്തമാരും അഥവാ യാക്കബായ സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള അധികാര വടംവലിയുടെ അവസാന എപ്പിസോഡുകള്‍ എല്ലാം സംഘര്‍ഷഭരിതമായിരുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള മലങ്കര സഭാ തര്‍ക്കം അവസാനിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ചപോലെ നടപടികള്‍ നീങ്ങിയില്ല. തര്‍ക്കങ്ങളും സംര്‍ഷങ്ങളും ഇന്നും തുടര്‍ക്കഥയാണ്.

അന്തോഖ്യ പാത്രിയാര്‍ക്കിസുമാരും മലങ്കര മെത്രാപ്പോലീത്തമാരും അഥവാ യാക്കോബായ സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള അധികാര വടംവലിയുടെ അവസാന എപ്പിസോഡുകള്‍ എല്ലാം സംഘര്‍ഷഭരിതമായിരുന്നു. കോടതിയില്‍ നിന്നുള്ള ഇളവുകള്‍ പ്രതീക്ഷിച്ച യാക്കോബായ സഭയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും നിരന്തരമായ തിരിച്ചടികള്‍ മാത്രം കിട്ടിയപ്പോഴും വിശ്വാസികള്‍ തടിച്ചുകൂടി നിയമം നടപ്പാക്കാനെത്തിയവരെ തോല്‍പ്പിച്ചു. എന്നാല്‍ അത്തരം സംഘര്‍ഷങ്ങളില്‍ പകച്ച് നില്‍ക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സുപ്രീംകോടതിയും ഹൈക്കോടതിയും ആവര്‍ത്തിച്ച് സര്‍ക്കാരിനോടാവശ്യപ്പെട്ടു. എന്നാല്‍, ഇനിയും പൂര്‍ണമായും വിധി നടപ്പാക്കാനോ തര്‍ക്കം പരിഹരിക്കാനോ സര്‍ക്കാരിനായിട്ടില്ല.

ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം അവകാശം ഉറപ്പിച്ചാല്‍ കോടതി വിധി എന്തായാലും ആ വിഭാഗത്തെ പള്ളികളില്‍ നിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ല

ഇനി പള്ളിത്തര്‍ക്കത്തിന്റെ തീര്‍പ്പ് സര്‍ക്കാരിന്റെ കൈകളിലാണ്. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ തര്‍ക്ക പരിഹാരത്തിന് സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഹിതപരിശോധന നടത്തി പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാനുള്ള നിര്‍ദേശമാണ് കമ്മീഷന്‍ നല്‍കിയത്. യാക്കോബായ വിഭാഗം ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്യുകയും ഓര്‍ത്തഡോക്സ് വിഭാഗം അതിനെ തള്ളുകയും ചെയ്തു. പള്ളികളുടെയും സ്വത്തുക്കളുടെയും ആരാധനയുടേയും അവകാശം തീരുമാനിക്കാന്‍ വിശ്വാസികള്‍ക്കിടയില്‍ ഭൂരിപക്ഷം തിട്ടപ്പെടുത്താൻ ഹിതപരിശോധന നടത്താന്‍ അതോറിറ്റി വേണം. സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ നിന്ന് വിരമിച്ച ജഡ്ജിയായിരിക്കണം അധ്യക്ഷന്‍. 'ദ കേരള പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്, ടൈറ്റില്‍, ആന്‍ഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് റൈറ്റ് ഓഫ് വര്‍ഷിപ്പ് ഓഫ് ദ മെമ്പേഴ്സ് ഓഫ് മലങ്കര ചര്‍ച്ച് ബില്‍ 2020' എന്നാണ് ബില്ലിന്റെ പേര്. 1934ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി. ഈ ഭരണഘടന ഒരു രജിസ്റ്റേര്‍ഡ് രേഖയല്ലാത്തതിനാല്‍ ഇപ്പോഴോ ഭാവിയിലോ അതിന്റെ അടിസ്ഥാനത്തില്‍ ആസ്തിബാധ്യതകളുടെ അവകാശം ലഭ്യമാകുകയോ നഷ്ടപ്പെടുകയോ ചെയ്യില്ല. സഭയുടെ തനത് സ്വത്തുക്കളൊഴികെ പള്ളികളുടെ ഉടമസ്ഥാവകാശം വിശ്വാസികള്‍ക്കാണ്. ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം അവകാശം ഉറപ്പിച്ചാല്‍ കോടതി വിധി എന്തായാലും ആ വിഭാഗത്തെ പള്ളികളില്‍ നിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ല. ന്യൂനപക്ഷമെന്ന് തെളിയിക്കുന്ന വിഭാഗത്തിന് ആ പള്ളിയില്‍ തുടരുകയോ മറ്റു പള്ളികളില്‍ ചേരുകയോ ചെയ്യാം. സര്‍ക്കാരാണ് അതോറിറ്റി രൂപീകരിക്കേണ്ടത്. അധ്യക്ഷനുപുറമേ രണ്ടു വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉണ്ടാകണം എന്നുമാണ് കമ്മീഷന്‍ ശുപാര്‍ശയില്‍ പറയുന്നത്.

'പള്ളികളുടെ അവകാശത്തെച്ചൊല്ലി ഇരുവിഭാഗങ്ങളുടെ തര്‍ക്കവും സംഘര്‍ഷവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാന്‍ നിയമനിര്‍മാണമല്ലാതെ മറ്റൊരു പോംവഴിയില്ല.' എന്നായിരുന്നു ജസ്റ്റിസ് കെ ടി തോമസ് പ്രതികരിച്ചത്. മുൻപ്, തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ സെമിത്തേരി പങ്കിടണമെന്ന് നിയമ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയും സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരികും ചെയ്തിരുന്നു. ഇതോടെയാണ് മൃതദേഹത്തെ വച്ചുള്ള വിലപേശല്‍ അവസാനിച്ചത്.

ഇതിനിടെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിവിധ പള്ളിക്കമ്മറ്റികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെ ഓര്‍ത്തഡോക്സ് യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ ഹൈക്കോടതി വീണ്ടും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 1934ലെ ഭരണഘടനയില്‍ പങ്കാളിത്ത ഭരണമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്തുകൊണ്ട് 34ലെ ഭരണഘടന അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്ന് കോടതി ആരാഞ്ഞു. ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ ശുപാര്‍ശകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പിലാക്കിയേ മതിയാകൂ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും നിയമനിര്‍മാണം സംബന്ധിച്ച കെ ടി തോമസ് കമ്മീഷന്‍ ശുപാര്‍ശകള്‍ പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ ബില്‍ കൊണ്ടുവരാന്‍ ആലോചന ശക്തമായത്.

കത്തോലിക്ക വിശ്വാസികള്‍ക്ക് റോമും മാര്‍പാപ്പയും എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യമുണ്ട് സുറിയാനി വിശ്വാസികളെ സംബന്ധിച്ച് അന്ത്യോഖ്യയും പാത്രീയര്‍ക്കീസ് ബാവമാരും

സുറിയാനി വിശ്വാസികളെ സംബന്ധിച്ചിടത്തോളം അന്ത്യോഖ്യ വൈകാരിക കേന്ദ്രമാണ്. കത്തോലിക്ക വിശ്വാസികള്‍ക്ക് റോമും മാര്‍പാപ്പയും എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യമുണ്ട് സുറിയാനി വിശ്വാസികളെ സംബന്ധിച്ച് അന്ത്യോഖ്യയും പാത്രീയര്‍ക്കീസ് ബാവമാരും. ഇന്ത്യയിലെ ക്രൈസ്തവര്‍ക്കിടയില്‍ പോര്‍ച്ചുഗീസ് ആധിപത്യം അടിച്ചേല്‍പ്പിക്കാനുളള നീക്കത്തിനെതിരെയാണ് കൂനന്‍കുരിശ് സത്യത്തിലൂടെ സുറിയാനി ക്രിസ്ത്യാനികളും കത്തോലിക്കരും തമ്മില്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലും ഭിന്നത ഉടലെടുത്തു. പാത്രിയര്‍ക്കീസ് ബാവമാര്‍ക്ക് മലങ്കരയിലുളള അധികാരം സംബന്ധിച്ച തര്‍ക്കമായിരുന്നു ഭിന്നതയുടെ അടിസ്ഥാനം. ഇത് യാക്കോബായാ-ഓര്‍ത്തഡോക്സ് എന്ന രണ്ട് സഭകള്‍ ഉണ്ടാകുന്നതിനും പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്തു. ഓര്‍ത്തഡോക്സ് വിഭാഗം പാത്രിയര്‍ക്കീസിനുളള അധികാരം നാമമാത്രമാക്കി അന്ത്യോഖ്യാബന്ധം വിച്ഛേദിച്ചപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗം എന്നറിയപ്പെടുന്ന യാക്കോബായ വിഭാഗം പാത്രിയര്‍ക്കീസ് ബാവയ്ക്ക് ആത്മീയവും ഭൗതീകവുമായ അധികാരങ്ങള്‍ വിട്ടു നല്‍കി അന്ത്യോഖ്യാ ബന്ധം ദൃഢമാക്കി. 1934ലെ ഭരണഘടനയില്‍ പാത്രിയര്‍ക്കിനെ(അധികാര സ്ഥാനം) അംഗീകരിക്കുന്നുണ്ടെങ്കിലും പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നില്ല എന്ന കാരണത്താലാണ് യാക്കോബായ വിഭാഗം അതിനോട് വിയോജിച്ചത്. ഭരണഘടനയില്‍ കൃത്രിമം നടന്നുവെന്നും അത് തങ്ങളുടെ അറിവോടെയല്ല എന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

സുപ്രീംകോടതി ഇടപെട്ടതോടെ സര്‍ക്കാരിന് മറ്റ് വഴികളില്ലാതെ സംഘര്‍ഷാവസ്ഥയിലും ഓര്‍ത്തഡോക്സ് സഭയ്ക്ക് അവകാശമുറപ്പിക്കാന്‍ സഹായം നല്‍കേണ്ടി വന്നു

മലങ്കര സഭാ തര്‍ക്കത്തില്‍ വഴിത്തിരിവായത് 2017 ജൂലൈ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ്, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഈ പള്ളികളുടെ ഉടമസ്ഥാവകാശം സമ്പൂര്‍ണമായി ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കുന്നതായിരുന്നു വിധി. എന്നാല്‍ മലങ്കര സഭയുടെ 1934ല്‍ രൂപീകൃതമായ ഭരണഘടനയെയാണ് സുപ്രീംകോടതി വിധിയിലൂടെ അംഗീകരിച്ചത്. 2002ല്‍ രൂപീകൃതമായ യാക്കോബായ വിഭാഗത്തിന്റെ ഭരണഘടനയെ സുപ്രീംകോടതി അംഗീകരിച്ചതുമില്ല. അതോടെ സംസ്ഥാനത്തെ യാക്കോബായ വിഭാഗത്തിന്റെ കൈവശമുണ്ടായിരുന്ന 1064 പള്ളികളുടെ അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കുന്നതായിരുന്നു 2017 ജൂലൈ മൂന്നിന് സുപ്രീംകോടതി വിധി. ഓര്‍ത്തഡോക്സ് സഭയുടെ 1934ലെ ഭരണഘടന അംഗീകരിക്കുകയും ഭൗതിക സ്വത്തവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കാണെന്നുമായിരുന്നു സുപ്രീംകോടതി വിധി. ഇതോടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറില്‍ തര്‍ക്കം നിലനിന്നിരുന്ന 1064 പള്ളികളുടെ ഉടമസ്ഥത ഓര്‍ത്തഡോക്സ് വിഭാഗത്തിനായി. വിധി വന്നതിന് ശേഷം ഇതേവരെ 52 പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗം അവകാശമുറപ്പിച്ചു. എന്നാല്‍, തര്‍ക്കവും സംഘര്‍ഷങ്ങളും ഇപ്പോഴും തുടരുകയാണ്.

തര്‍ക്കങ്ങള്‍ ഒഴിവാക്കി രമ്യതയില്‍ പോവാനായി മുന്‍ സര്‍ക്കാരുകള്‍ സഭകളുമായി നിരവധി വട്ട ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ തീരുമാനമാകാതെ എല്ലാ ചര്‍ച്ചകളും പിരിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചു. എന്നാല്‍ സമിതിക്കും കാര്യമായ ഒന്നും ചെയ്യാനായില്ല. വിധി നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ സുപ്രീംകോടതി പലപ്പോഴും രൂക്ഷ വിമര്‍ശനമുന്നയിച്ചു. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഉള്‍പ്പെടെ സുപ്രീംകോടതി വിമര്‍ശനം ഉയര്‍ന്നു. വിധി നടപ്പിലാക്കാന്‍ അന്തിമനിര്‍ദേശവും കോടതി നല്‍കി. എന്നാല്‍ തുടര്‍ന്നും സഭാ നേതൃത്വങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനിടെ വിധി നടപ്പിലാക്കണമെങ്കില്‍ 1934ലെ ഭരണഘടനയുടെ ഒറിജിനല്‍ പകര്‍പ്പ് ഹാജരാക്കണമെന്ന നിര്‍ദേശം ഓര്‍ത്തഡോക്സ് വിഭാഗത്തെ ചൊടിപ്പിച്ചു. സുപ്രീംകോടതി ഇടപെട്ടതോടെ സര്‍ക്കാരിന് മറ്റ് വഴികളില്ലാതെ സംഘര്‍ഷാവസ്ഥയിലും ഓര്‍ത്തഡോക്സ് സഭയ്ക്ക് അവകാശമുറപ്പിക്കാന്‍ സഹായം നല്‍കേണ്ടി വന്നു. പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതിയും പലതവണ ഉത്തരവിട്ടു. ഇതോടെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന ഉദ്ദേശത്തോടെ നീങ്ങിയ സര്‍ക്കാരിനും യാക്കോബായ വിഭാഗത്തിനും മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞു.

1972 മുതല്‍ തുടരുന്ന, കീറാമുട്ടിയായി നില്‍ക്കുന്ന പള്ളിത്തര്‍ക്കം നിയമനിര്‍മാണത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. എന്നാല്‍, ഒരു വിഭാഗം ആദ്യമേ ചുവപ്പുകൊടി കാണിച്ചിരിക്കുന്നതിനാല്‍ പുതിയ തര്‍ക്കത്തിലേക്ക് ഇത് വഴിതിരിയുമോ എന്നതാണ് സഭാ വിശ്വാസികള്‍ ഉന്നയിക്കുന്ന സംശയം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും