നിയമസഭയില്‍ കെകെ രമ എംഎല്‍എയ്ക്ക് എതിരായ എം എം മണി എംഎല്‍എയുടെ പരാമര്‍ത്തില്‍ പ്രതിഷേധം തുടരുമ്പോള്‍ നിലപാടിനെ തള്ളിയും ന്യായീകരിച്ചും നേതാക്കള്‍. തന്റെ പരാമര്‍ശം നാക്കുപിഴയില്ലെന്നും, പറഞ്ഞതില്‍ ഖേദമില്ലെന്നും എം എം മണിയും വിശദീകരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷവും നാല് മാസവുമായി കെ കെ രമ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു സംസാരിക്കുകയാണ്. അതേകുറിച്ച് പറയണമെന്ന് തോന്നി. വിധവയായത് വിധിയല്ലേ എന്ന് താന്‍ പറഞ്ഞു. അത് തെറ്റാണെന്ന് തോന്നുന്നില്ല, അപ്പോള്‍ വായില്‍ വന്നത് പറയുകയായിരുന്നു. കെ കെ രമയോട് വിദ്വേഷമില്ല, നടത്തിയത് സ്ത്രീ വിരുദ്ധ പരാമര്‍ശം അല്ലെന്നും എംഎം മണി വിശദീകരിക്കുന്നു.
എംഎം മണിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയെ ന്യായീകരിക്കുകയാണ് ഉണ്ടായത്. എം എം മണിയുടെ പരാമര്‍ശത്തില്‍ അപമാനകരമായി ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴും എം എം മണിയുടെ പരാമര്‍ശം തെറ്റായിപ്പോയെന്നാണ് സഭാധ്യക്ഷന്റെ നിലപാട്. മണിയുടെ പരാമര്‍ശവും, തുടര്‍ന്നുണ്ടായ പ്രതിഷേധവും സഭയെ കലുഷിതമാക്കിയ സമയത്ത് ചെയറിലുണ്ടായിരുന്ന നാദാപുരം എംഎല്‍എ ഇ കെ വിജയനാണ് പരാമര്‍ശം തെറ്റാണെന്ന് പരാമര്‍ശിച്ചത്. സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയോടാണ് ഇകെ വിജയന്‍ ഇക്കാര്യം പറയുന്നത്. സ്പീക്കര്‍ എപ്പോള്‍ വരുമെന്ന ചോദിച്ചറിഞ്ഞ് കൊണ്ടായിരുന്നു സിപിഐ അംഗംകൂടിയായ ഇ കെ വിജയന്റെ പരാമര്‍ശം.
വിഷയം രാഷ്ട്രീയമായി വിവാദമായതോടെ ചെയറില്‍ ഇരുന്ന് നടത്തിയ പരാമര്‍ശം മയപ്പെടുത്താനും ഇ കെ വിജയന്‍ തയ്യാറായി. മണി പറഞ്ഞതില്‍ പിശകുണ്ടോ എന്ന് പരിശോധിക്കാനാണ് പറഞ്ഞത് എന്നായിരുന്നു ഇ കെ വിജയന്റെ തിരുത്ത്. പ്രസംഗിക്കുന്നവരാണ് പരാമര്‍ശത്തിലെ ഔചിത്യം തീരുമാനിക്കേണ്ടത്, നാട്ടുഭാഷകളും ഘടകമാവാം. പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് പിന്നീട് റൂളിങ് നടത്താനേ സ്പീക്കര്‍ക്ക് സാ ധിക്കൂ എന്നും ഇ കെ വിജയന്‍ ചൂണ്ടിക്കാട്ടി. എം എം മണി പ്രസ്താവന പിന്‍വലിക്കേണ്ടതില്ലെന്ന് കോടിയേരി ബാലക്യഷ്ണന്‍ പറഞ്ഞു.
എംഎം മണി കെ കെ രമയ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളെ തള്ളുകയാണ് സിപിഐ നേതാക്കള്‍. പരാമര്‍ശം അങ്ങേയറ്റം അപലപനീയം എന്നായിരുന്നു സിപിഐ നേതാവ് ആനി രാജയുടെ പ്രതികരണം. മണി പ്രസ്താവന പിന്‍വലിച്ചാല്‍ അതൊരു കമ്യൂണിസ്റ്റ് നിലപാടായി കണക്കാക്കും. മണിയെ നിയന്ത്രിക്കണമോ എന്നത് സിപിഎം ആണ് തീരുമാനിക്കേണ്ടത് എന്നും ആനി രാജ വ്യക്തമാക്കുന്നു.
വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ നിലപാട്. മണിയാശാനെ പോലെ ഒരാള്‍ ഇതു പോലൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു എന്നും ബിനോയ് വിശ്വം വ്യക്തമാക്കുന്നു.
എന്നാല്‍ മണിയെ പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവന്‍. വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തോടെ വിവാദം അവസാനിച്ചെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എം എം മണിയുടെ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷത്ത് നിന്നുള്ള നേതാക്കള്‍ പ്രതികരിച്ചത്. എംഎം മണിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണ്. അത് പിന്‍വലിക്കാന്‍ മണി തയ്യാറാവണം. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് സിപിഎം പാര്‍ട്ടി കോടതിയുടെ വിധി അനുസരിച്ചാണ്. അത് വിധിച്ചത് പിണറായി വിജയന്‍ എന്ന ജഡ്ജിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
രൂക്ഷമായ ഭാഷയിലായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിഷയത്തില്‍ പ്രതികരിച്ചത്. കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാന്‍ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച സംഭവം എന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. എം എം മണിയെ മൂന്നാംകിട രാഷ്ട്രീയക്കാരന്‍ എന്നായിരുന്നു കെ സുധാകരന്‍ വിശേഷിപ്പിച്ചത്.
കെ കെ രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും മോശക്കാരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവര്‍ ഇവിടെ വരെയെത്തിയത്. അവരെ തുടര്‍ന്നു കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
എം എം മണിയുടെ നാവ് ചങ്ങലക്കിടണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പ്രതികരണം. ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഎം പാര്‍ട്ടി കോടതിയാണ്. രമ വിധവയായത് അവരുടെ വിധി എന്ന് നിയമസഭയില്‍ പ്രസംഗിക്കുന്ന എം എം മണിക്കും കേരളത്തിനും അറിയാം.
അതിന്റെ ജഡ്ജിയുടെ പിന്തുണയുണ്ടെന്ന് കരുതി എം എം മണി ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ പ്രതികരിക്കാതിരിക്കില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.