ഗവർണറുടെ അന്ത്യശാസനം അട്ടിമറിക്കാൻ നീക്കവുമായി ഇടത് സെനറ്റ് അംഗങ്ങൾ. കേരള യൂണിവേഴ്സിറ്റി വിസി നിയമനം അനിശ്ചിതത്വത്തിൽ തുടരുന്നതിനാൽ സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ 11 ന് മുമ്പ് തെരഞ്ഞെടുക്കണമെന്ന് ഗവർണർ നേരത്തെ അറിയിച്ചിരുന്നു.എന്നാൽ ക്വാറം തികയാതിരിക്കാൻ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇടത് സെനറ്റ് അംഗങ്ങൾ .
സർവകലാശാല സെനറ്റിന്റെ പ്രതിനിധി, യു ജി സിയുടെ പ്രതിനിധി, ഗവർണറുടെ പ്രതിനിധി എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയാണ് വി സിയെ നിയമിക്കുന്നത്. എന്നാൽ യു ജി സിയുടെ പ്രതിനിധിയെ നേരത്തെ തെരഞ്ഞെടുത്തുവെങ്കിലും അദ്ദേഹം പിന്നീട് പിന്മാറിയിരുന്നു. തുടർന്ന് മറ്റ് രണ്ട് പ്രതിനിധികളിലൂടെ വി സി നിയമനത്തിനായുള്ള നടപടി ആരംഭിക്കുകയും ഉടൻ യു ജി സിയുടെ പ്രതിനിധിയെ നൽകണമെന്നും ഗവർണർ അന്ത്യശാസനം നൽകി.
സെനറ്റിൽ 102 അംഗങ്ങളാണുള്ളത്. ഇതിൽ 21 പേർ ക്വാറം കൂടിയാൽ മാത്രമേ യു ജി സി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു.എന്നാൽ ക്വാറത്തിൽ 11 പേരാണ് ഹാജരായത്. ബാക്കിയുള്ളവർ വിട്ട് നിൽക്കുകയും ചെയ്തു. ഇവരെല്ലാം ഇടത് സെനറ്റ് അംഗങ്ങളായിരുന്നുവെന്ന് മുൻ യൂണിവേഴ്സിറ്റി രജിസ്ട്രാർ ശശികുമാർ പറഞ്ഞു.
ക്വാറത്തിൽ പങ്കെടുത്താൽ യു ജി സി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ബാധ്യസ്ഥമാകുമെന്നത് കൊണ്ടാണ് ബാക്കി അംഗങ്ങൾ വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു .യോഗത്തിൽ പങ്കെടുക്കാനെത്തിയവർ സർവ്വകലാശാലയിൽ എത്തിയിരുന്നുവെങ്കിലും യോഗഹാളിൽ പ്രവേശി ച്ചില്ല.
യോഗം ചേർന്നാൽ LDF അംഗങ്ങൾ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയും, UDF അംഗങ്ങൾ പ്രതിനിധിയുടെ പേര് നിർദ്ദേശിക്കുകയും ചെയ്താൽ അത് അംഗീകരിക്കാൻ വിസി ബാധ്യസ്ഥമാകുമെന്നത് ഒഴിവാക്കാനാണ് യോഗത്തിന് ക്വാറം ഇല്ലാതാക്കിയത്. സെനറ്റിന്റെ പ്രതിനിധി ഇല്ലാതെ ഗവർണർ രൂപീകരിച്ച വിസി നിയമന സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്നുമാണ് എൽ ഡി എഫ് അംഗങ്ങളുടെ നിലപാട്.
ജൂലൈ 15ന് നടന്ന സെനറ്റ് യോഗം തെരഞ്ഞെടുത്ത പ്രതിനിധി ആഗസ്റ്റ് നാലിന് പ്രതിനിധി സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഓഗസ്റ്റ് 5 ന് ഗവർണർ ഉത്തരവിട്ടിരുന്നു.ആഗസ്റ്റ് 20 ന് ചേർന്ന സെനറ്റ് യോഗം സർവ്വകലാശാലയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നും കമ്മിറ്റി റദ്ദാക്കണമെന്നുമുള്ള നിലപാട് ഗവർണറെ അറിയിച്ചിരുന്നു.എന്നാൽ ഒക്ടോബർ പതിനൊന്നിനുമുൻപ് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ഗവർണർ വിസി ക്ക് കർശന നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിസി യോഗം വിളിച്ചു ചേർത്തത്. നിലവിൽ കേരളം യൂണിവേഴ്സിറ്റിയുടെ വി സിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കും