മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ പ്രതിഷേധവുമായി എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയിൽ കന്റോണ്‍മെന്റ് പോലീസെടുത്ത കേസ് പിൻവലിക്കാമെന്ന് നിയമോപദേശം. നാമജപ ഘോഷയാത്ര നടത്തിയവർക്ക് സ്പർദ്ധ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല. പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്നും ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ലെന്നും ഈ സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നുമാണ് കന്റോണ്‍മെന്റ് പൊലീസിന് ലഭിച്ച നിയമോപദേശം. അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ആർ മനുവാണ് കൻ്റോൺമെൻ്റ് എസ്എച്ച്ഒയ്ക്ക് നിയമോപദേശം നൽകിയത്.
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെയായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെയായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് പിൻവലിക്കണമെന്ന് നേരത്തെ എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു.
അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയത്. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാനുള്ള നീക്കമെന്നും വിലയിരുത്തലുണ്ട്.