വിഷ്ണു വായനശാല & ഗ്രന്ഥശാല 
KERALA

പുസ്തകങ്ങളെ സ്‌നേഹിച്ച മകന് സ്മാരകമായൊരു വായനശാല

വാഹനാപകടത്തില്‍ മരിച്ച വിഷ്ണുവിന്റെ ഓര്‍മ്മക്കായ് ആലപ്പുഴ ജില്ലയിലെ തണ്ണീര്‍ മുക്കം പഞ്ചായത്തിലാണ് രക്ഷിതാക്കള്‍ വായനശാല പണിതത്.

ജി ആര്‍ അമൃത

പുസ്തകങ്ങളെ, ഫോട്ടോഗ്രാഫിയെ സ്‌നേഹിച്ച ഒരു 25 കാരന്‍, അവന്റെ അകാല വിയോഗം. ആലപ്പുഴ തണ്ണീര്‍മുക്കം മനവേലില്‍ ഒരുങ്ങിയ വായനശാലക്ക് പിന്നില്‍ മകന്റെ ഓര്‍മ്മകളുടെ കഥയുണ്ട്. ആയിരത്തോളം പുസ്‌കങ്ങള്‍ ഒരുക്കി മകന്റെ സ്മരണകള്‍ മായാതെ സൂക്ഷിക്കാന്‍ പരിശ്രമിക്കുകയാണ് വിഷ്ണു എന്ന യുവാവിന്റെ രക്ഷിതാക്കളായ രാധികയും സത്യനും. ഇരുവര്‍ക്കും നാട്ടുകാരുടെ പൂര്‍ണപിന്തുണ കൂടി ലഭിച്ചതോടെയാണ് വായനശാല വേഗത്തില്‍ സാധ്യമായത്.

വായനശാല ജൂലൈ 17 ഞായറാഴ്ച ചേര്‍ത്തല എംഎല്‍എയും കൃഷി മന്ത്രിയുമായ പി പ്രസാദ് നാടിന് സമര്‍പ്പിക്കും. വിഷ്ണുവിന്റെ വീടിനു മുന്നിലെ ഒരു കടയിലാണ് ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്.

അവന്‍ നല്ലൊരു വായനക്കാരനും മനുഷ്യസ്‌നേഹിയുമായിരുന്നു വിഷ്ണു. നന്നായി വായിക്കുമായിരുന്നു. പുസ്തകങ്ങളെയും ഫോട്ടോഗ്രാഫിയേയും ഒരേപോലെ അവന്‍ സ്‌നേഹിച്ചു. 25 വയസ്സിനിടയില്‍ അവന്‍ പുസ്തകങ്ങള്‍ വായിച്ചു കൂട്ടി. ഇതിനപ്പുറം അവന്റെ ഓര്‍മ്മക്കായി ഞങ്ങള്‍ക്കെന്ത് ചെയ്യാനാകും.
വിഷണുവിന്റെ അച്ഛന്‍ സത്യന്‍

2021 ആഗസ്ത് ആറാം തീയതി ചേര്‍ത്തലയ്ക്ക് സമീപം മായിത്തറയിലുണ്ടായ വാഹനാപകടത്തിലാണ് വിഷ്ണു മരിച്ചത്. ഒരു വര്‍ഷത്തിനപ്പുറം വിഷ്ണുവിന് സ്മാരകമായി നാട്ടില്‍ ഒരു വായനശാല ഒരുങ്ങി. അച്ഛന്‍ പി ജി സത്യനും അമ്മ രാധികയും ചേര്‍ന്നാണ് ഇതിന് മുന്നിട്ടിറങ്ങിയത്. വായനാശാലയില്ലാത്ത നാട്ടില്‍ മകന്റെ പേരില്‍ ഒരു ഇടം, കൂട്ടിന് അവനത്രമേല്‍ പ്രിയപ്പെട്ട പുസ്തകങ്ങളും. അതായിരുന്നു അവര്‍ സാധ്യമാക്കാന്‍ ശ്രമിച്ചത്.

ആയിരത്തിലധികം പുസ്തകങ്ങളാണ് ഇരുവരും സ്വരുക്കൂട്ടിയത്. വിഷ്ണുവിന്റെ മാതാപിതാക്കളോടൊപ്പം നാടും നാട്ടുകാരും ഒന്നിച്ചപ്പോള്‍ വിഷ്ണു മെമ്മോറിയല്‍ ലൈബ്രറി വേഗത്തില്‍ പൂര്‍ത്തിയാവുകയായിരുന്നു. വായനശാലയെയും മകനെയും കുറിച്ച് പറയുമ്പോള്‍ സത്യന് വാക്കുകള്‍ ഇടറി.

വിഷ്ണു

"ഞാനും എന്റെ അച്ഛനും നല്ല വായനക്കാരാണ് അങ്ങനെയാണ് വിഷ്ണു പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. പക്ഷെ അവന്‍ ഞങ്ങളേക്കാള്‍ കൂടുതല്‍ വായിച്ചു. നിരന്തരം വായിച്ചു കൊണ്ടേയിരുന്നു.'' കുട്ടികളെല്ലാവരും വായിച്ചു വളരട്ടെ , അതിനാണ് ഈ ശ്രമം. സത്യന്‍ ദി ഫോര്‍ത്തിനോട് പ്രതികരിച്ചു. നല്ല സൗഹൃദങ്ങളായിരുന്നു വിഷ്ണുവിന്റെ മുതല്‍ക്കൂട്ട്. അവന്‍ പോയപ്പോഴും ആ സൗഹൃദങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു സത്യന്‍ പറഞ്ഞു.

'ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി സുഹൃത്തുക്കളും നാട്ടുകാരും ഒന്നിച്ചു. പുസ്തകങ്ങള്‍ ശേഖരിക്കാനും ലൈബ്രറി ഒരുക്കാനും അവരും മുന്നിട്ടിറങ്ങി. തകഴിയുടേയും എം ടിയുടേയും സക്കറിയയുടേയും കൃതികളൊക്കെ പുതിയ വായനക്കാര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കൂടാതെ പുതിയ എഴുത്തുകാരുടെ കൃതികളും ലൈബ്രറിയിലുണ്ട്.' തണ്ണീര്‍മുക്കം പഞ്ചായത്ത് മനവേലി വാര്‍ഡ് മെമ്പര്‍ മിനി ലെനിന്‍ പറയുന്നു.

അകാലത്തില്‍ പൊലിഞ്ഞ മകന്റെ ഓര്‍മ്മയില്‍ പണിയുന്ന വായനശാല പ്രായമായവര്‍ക്ക് ഒത്തുകൂടാനൊരിടം കൂടിയാകും എന്ന പ്രതീക്ഷയിലാണ് വിഷ്ണുവിന്റെ രക്ഷിതാക്കള്‍.

ആലപ്പുഴയ്ക്ക് സമീപം പാതിരാപ്പള്ളിയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിലെ ജീവനക്കാരനായിരുന്ന വിഷ്ണു. ജോലിക്ക് പോകുമ്പോഴായിരുന്നു സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

രാഹുലിന്റെ ലീഡ് 15,000 കടന്നു, പാലക്കാട് വമ്പന്‍ മുന്നേറ്റവുമായി യുഡിഎഫ് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്